ADVERTISEMENT

മഡ്രിഡ് ∙ ഒന്ന് എഴുന്നേറ്റു നിന്നതേയുള്ളൂ; അപ്പോഴേക്കും റയൽ മഡ്രിഡ് തലയിടിച്ചു വീണു! ക്യാപ്റ്റൻ സെർജിയോ റാമോസ് ചുവപ്പു കാർഡ് കണ്ട കളിയിൽ ജിരോണയോട് 1–2നു തോറ്റതോടെ മഡ്രിഡുകാർ വീണ്ടും പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തായി. വല്ലെക്കാനോയെ തോൽപ്പിച്ച റയലിന്റെ അയൽക്കാർ അത്‌ലറ്റിക്കോ രണ്ടാം സ്ഥാനത്തേക്കു കയറി. 

ലയണൽ മെസ്സിയുടെ പെനൽറ്റി ഗോളിൽ വല്ലദോലിഡിനെതിരെ 1–0നു ജയിച്ച ബാർസിലോന തന്നെയാണ് ഒന്നാം സ്ഥാനത്ത്. 14 കളികൾ ശേഷിക്കെ ലീഡ് ഏഴു പോയിന്റ്. 

റാമോസ് വില്ലൻ

ലീഗിൽ തുടർച്ചയായ ആറാം ജയം ലക്ഷ്യമിട്ടിറങ്ങിയ റയൽ 25–ാം മിനിറ്റിൽ കാസെമിറോയുടെ ഗോളിൽ മുന്നിലെത്തിയതാണ്. എന്നാൽ രണ്ടാം പകുതിയിലെ രണ്ടു ഗോളുകളിൽ ജിരോണ കളി തീർത്തു. 65–ാം മിനിറ്റിൽ ക്രിസ്റ്റ്യൻ സ്റ്റുവാനിയുടെ ഗോളിലാണ് ജിരോണ ഒപ്പമെത്തിയത്. പത്തു മിനിറ്റിനു ശേഷം പോർട്ടു വിജയഗോൾ നേടി. റാമോസിന്റെ ഹാൻഡ്ബോളിൽ നിന്നാണ് ജിരോണയ്ക്ക് പെനൽറ്റി കിട്ടിയത്. പകരക്കരായിറങ്ങിയ ഗാരെത് ബെയ്‌ലും വിനീസ്യൂസ് ജൂനിയറും മികച്ച അവസരങ്ങൾ തുലച്ചതോടെ ഇതു റയലിന്റെ ദിവസമല്ലെന്നു തെളിഞ്ഞു. ഒടുവിൽ 90–ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് റാമോസ് പുറത്താവുകയും ചെയ്തു– ക്ലബ് ഫുട്ബോളിൽ താരത്തിന്റെ 25–ാം ചുവപ്പു കാർഡ്. 

മെസ്സി വീരൻ 

നൂകാംപിൽ കളി നന്നായില്ലെങ്കിലും ബാർസ മൽസരഫലം അനുകൂലമാക്കി. 43–ാം മിനിറ്റിൽ കിട്ടിയ പെനൽറ്റിയാണ് മെസ്സി ലക്ഷ്യത്തിലെത്തിച്ചത്. തുടരെ 11–ാം സീസണിൽ ബാർസയ്ക്കു വേണ്ടി 30 ഗോളുകൾ എന്ന നേട്ടവും മെസ്സി പിന്നിട്ടു. എന്നാൽ രണ്ടാം പകുതിയിൽ ബാർസ തുടരെ അവസരങ്ങൾ തുലച്ചു. 85–ാം മിനിറ്റിൽ കിട്ടിയ രണ്ടാമത്തെ പെനൽറ്റിയിൽ മെസ്സിയുടെ കിക്കും തുടർന്നുള്ള ഹെഡറും വല്ലദോലിഡ് ഗോൾകീപ്പർ മാസിപ് രക്ഷപ്പെടുത്തി. മെസ്സിയുടെയും സ്വാരെസിന്റെയും ഷോട്ടുകൾ രക്ഷപ്പെടുത്തിയ മാസിപ് തന്നെയാണ് വല്ലദോലിഡിന്റെ  തോൽവി ചെറുതാക്കിയത്. 

ഗ്രീസ്മാൻ വില്ലാളി വീരൻ 

അടുത്ത വാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവെന്റസിനെതിരെയുള്ള ചാംപ്യൻസ് ലീഗ് മൽസരത്തിനുള്ള മുന്നൊരുക്കമായി അത്‌‌ലറ്റിക്കോയ്ക്ക് ഈ ജയം. കഴിഞ്ഞ രണ്ടു കളികളും തോറ്റ അവർ ഈ ജയത്തോടെ കിരീടപ്പോരിൽ സാധ്യത നിലനിർത്തി. 74–ാം മിനിറ്റിൽ അൽവാരോ മൊറാത്തയുടെ പാസിൽ നിന്നാണ് ഗ്രീസ്മാൻ ലക്ഷ്യം കണ്ടത്. ക്ലബിനു വേണ്ടി 130–ാം ഗോൾ തികച്ച ഫ്രഞ്ച് സ്ട്രൈക്കർക്കു മുന്നിൽ ഇനി നാലു പേർ. 172 ഗോളുകൾ നേടിയ മുൻ സ്പെയിൻ ദേശീയ ടീം പരിശീലകൻ കൂടിയായിരുന്ന ലൂയി അരഗോണസാണ് ഒന്നാമത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com