ADVERTISEMENT

ബെംഗളൂരു∙ ആദ്യപാദത്തിലെ ഒരു ഗോളിന്റെ കടം സ്വന്തം മൈതാനത്ത് രാജകീയമായിത്തന്നെ വീട്ടി ബെംഗളൂരു എഫ്സി തുടർച്ചയായ രണ്ടാം സീസണിലും ഐഎസ്എൽ ഫൈനലിൽ. ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബെംഗളൂരു നോർത്ത് ഈസ്റ്റിനെ വീഴ്ത്തിയത്. ഗോളൊഴിഞ്ഞ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു മൂന്നു ഗോളുകളുടെയും പിറവി. മിക്കു (72), ദിമാസ് (87), സുനിൽ ഛേത്രി (90+2) എന്നിവരാണ് ലക്ഷ്യം കണ്ടത്.

ഇതോടെ ഇരുപാദങ്ങളിലുമായി 4–2ന്റെ ലീഡ് നേടിയാണ് ബെംഗളൂരുവിന്റെ ഫൈനൽ പ്രവേശം. നോർത്ത് ഈസ്റ്റിന്റെ മൈതാനത്ത് നടന്ന ആദ്യ പാദത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബെംഗളൂരു തോൽവി വഴങ്ങിയത്. സ്വന്തം മൈതാനത്ത് ഈ കടം വീട്ടിയ ബെംഗളൂരു, തകർപ്പൻ വിജയത്തോടെ ഫൈനലിൽ കടന്നു.

എഫ്സി ഗോവയും മുംബൈ സിറ്റി എഫ്സിയും തമ്മിലുള്ള രണ്ടാം സെമി വിജയികളുമായാണ് ബെംഗളൂരു കലാശപ്പോരിൽ ഏറ്റുമുട്ടുക. മുംബൈയുടെ മൈതാനത്തു നടന്ന ആദ്യപാദത്തിൽ 5–1ന്റെ കൂറ്റൻ വിജയം നേടിയ എഫ്സി ഗോവയ്ക്കാണ് ഫൈനൽ സാധ്യത കൂടുതൽ. ഐഎസ്എല്ലിൽ അരങ്ങേറിയ കഴിഞ്ഞ സീസണിലും ബെംഗളൂരു ഫൈനലിൽ കടന്നിരുന്നെങ്കിലും ചെന്നൈയിൻ എഫ്സിയോടു തോൽക്കുകയായിരുന്നു.

മൽസരത്തിന്റെ ആദ്യ പകുതിയിൽ ഒരുപിടി സുവർണാവസരങ്ങൾ പാഴാക്കിയ ബെംഗളൂരു ഗോൾ വർഷം രണ്ടാം പകുതിയിലേക്കു കാത്തുവയ്ക്കുകയായിരുന്നു. ഈ സീസണിൽ ഗോളടിയിൽ രണ്ടാമതു നിൽക്കുന്ന സ്റ്റാർ സ്ട്രൈക്കർ ഓഗ്ബച്ചെ കളിക്കാതിരുന്നത് നോർത്ത് ഈസ്റ്റിന്റെ കളിയെ ബാധിച്ചു. രണ്ടാം പകുതിയിൽ പരുക്കേറ്റ മറ്റൊരു നോർത്ത് ഈസ്റ്റ് സ്ട്രൈക്കർ ഫെഡറികോ ഗല്ലേഗോയെ ആംബുലൻസിലാണ് മൈതാനത്തുനിന്നു നീക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com