ADVERTISEMENT

മുംബൈ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ കന്നിക്കിരീടം സ്വന്തമാക്കി ബെംഗളൂരു എഫ്സി. ഫൈനൽ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് എഫ്സി ഗോവയെ ബെംഗളൂരു കീഴടക്കിയത്. ഇന്ത്യൻ താരം രാഹുൽ ബേക്കെയാണ് ബെംഗളൂരുവിനായി വിജയഗോൾ നേടിയത്. മത്സരത്തില്‍ എഫ്സി ഗോവയുടെ അഹമ്മദ് ജാഹൂ ചുവപ്പ് കാർഡ് കണ്ടു പുറത്തുപോയി.

ഗോൾ വന്ന വഴി: 117ാം മിനിറ്റിലാണ് മത്സരത്തില്‍ ഗോൾ പിറന്നത്. ബെംഗളൂരു താരം ദിമാസ് എടുത്ത കോർണർ രാഹുൽ ബേക്കെ ഹെഡ്ഡറിലൂടെ ഗോവൻ ഗോൾവലയിലെത്തിച്ചു. ഗോവയുടെ ഗോള്‍ കീപ്പര്‍ നവീൻ കുമാർ പന്ത് തട്ടിയകറ്റാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. നവീന്റെ കയ്യിൽ തട്ടിയ പന്ത് പോസ്റ്റിൽ ഇടിച്ചശേഷമാണ് വല കുലുക്കിയത്.

സീസണിലെ എമർജിങ് പ്ലേയർ പുരസ്കാരം കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സഹൽ അബ്ദുൽ സമദ് സ്വന്തമാക്കി.

ഗോൾ വീഴാതെ ആദ്യപകുതിയും രണ്ടാംപകുതിയും

isl-final
ഐഎസ്എല്‍ ഫൈനലിൽ പന്തിനായി പോരാടുന്ന ബെംഗളൂരു– ഗോവ താരങ്ങൾ. ചിത്രം: വിഷ്ണു വി. നായർ

ഗോൾ വീണില്ലെങ്കിലും ആവേശം നിറഞ്ഞതായിരുന്നു മത്സരത്തിന്റെ ആദ്യപകുതിയും രണ്ടാംപകുതിയും. ബെംഗളൂരു എഫ്സിയും എഫ്സി ഗോവയും തുടക്കത്തിൽതന്നെ മേധാവിത്വം സ്ഥാപിക്കുന്നതിനായി ആക്രമിച്ചു കളിക്കുകയായിരുന്നു. എന്നാൽ ആദ്യപകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിച്ചില്ല. രണ്ടാംപകുതിയിലും ഇതാവർത്തിച്ചതോടെ മത്സരം എക്സ്ട്രാ ടൈമിലേക്കു കടന്നു.

isl-final-1
ഗോവയ്ക്കെതിരെ ഗോൾ നേടാനുള്ള ബെംഗളൂരു താരങ്ങളുടെ ശ്രമം. ചിത്രം: വിഷ്ണു വി. നായര്‍

ഇരു ടീമുകള്‍ക്കും മത്സരത്തിൽ ഗോൾ നേടാൻ അവസരങ്ങൾ നിരവധിയായിരുന്നു. പക്ഷേ ഗോവയുടെയും ബെംഗളൂരുവിന്റെയും പ്രതിരോധവും ആക്രമണനിരയും പലകുറി കൊമ്പുകോർത്തപ്പോൾ മത്സരത്തിന്റെ നിശ്ചിത സമയത്ത് ഗോൾ അകന്നുനിന്നു. 80ാം മിനിറ്റിൽ ഗോവയുടെ ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ ബെംഗളൂരു താരം മികുവിനു സുവർണാവസരം ലഭിച്ചെങ്കിലും ഭാഗ്യം കനിഞ്ഞില്ല. മികുവിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി പോകുകയായിരുന്നു. മത്സരത്തിന്റെ അധികസമയത്തും മികുവിനു വീണ്ടും അവസരം ലഭിച്ചു. ഉദാന്തയുടെ പാസിൽ മികു ഗോവൻ ഗോൾവല ചലിപ്പിക്കാൻ ശ്രമകരമായ നീക്കം നടത്തിയെങ്കിലും ഗോവൻ താരം ഫാളിന്റെ കൃത്യസമയത്തെ ഇടപെടൽ ഫലം കാണുകയായിരുന്നു. ഇതോടെ കളി എക്സ്ട്രാ ടൈമിലേക്കു പോയി. 

മത്സരം 105 മിനിറ്റ് പിന്നിട്ടപ്പോൾ ഗോവ താരം അഹമ്മദ് ജാഹൂ ചുവപ്പ് കാർഡ് കണ്ടു പുറത്തുപോയി. ബെംഗളൂരു താരം മികുവിനെ ഫൗൾ ചെയ്തതിനായിരുന്നു കാർഡ്. മികുവിന് മഞ്ഞ കാർഡും ലഭിച്ചു. ഒടുവിൽ 117ാം മിനിറ്റില്‍ രാഹുൽ ബേക്കെയിലൂടെ ബെംഗളൂരു വിജയഗോൾ നേടി. ബെംഗളൂരുവും ഗോവയും ഇത് രണ്ടാം തവണയാണ് ഐഎസ്എൽ ഫൈനൽ കളിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഫൈനലിൽ ചെന്നൈയിൻ എഫ്സിയോടു ബെംഗളൂരു തോൽക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com