ADVERTISEMENT

യുവേഫ ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ ക്ലാസിക് പോരാട്ടം ഇന്ന്. സ്പാനിഷ് ക്ലബ് ബാർസിലോനയും ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡും ആദ്യപാദത്തിൽ ഏറ്റുമുട്ടുമ്പോൾ രണ്ടു ടീമുകളും തമ്മിലുള്ള മുൻകാല പോരാട്ടങ്ങളുടെ കഥയറിയുന്നവർക്കു കൗതുകം കൂടും. ചാംപ്യൻസ് ലീഗ് യുഗത്തിൽ രണ്ടു ഫൈനലുകളിലാണ് (2009, 2011) ഇരുടീമുകളും കണ്ടുമുട്ടിയത്. രണ്ടിലും ബാർസയ്ക്കു ജയം.

1999ൽ ഗ്രൂപ്പ് ഘട്ടത്തിലും 2008ൽ സെമിഫൈനലിലും ജയിച്ചത് യുണൈറ്റ‍ഡിന്റെ മധുരമുള്ള ഓർമകൾ. ആ രണ്ടു സീസണിലും യുണൈറ്റഡും കിരീടം ചൂടി. ശകുനം നോക്കിയാൽ ഈ ക്വാർട്ടർ ഫൈനൽ മറ്റൊരു കിരീടത്തിലേക്കുള്ള സൂചനയായേക്കാം എന്നർഥം! അത്‌ലറ്റിക്കോ മഡ്രിഡുമായുള്ള ബാർസിലോനയുടെ ലാ ലിഗ മൽസരം കാണാൻ നൂകാംപിലെ ബോക്സിൽ രണ്ട് വിഐപികളുണ്ടായിരുന്നു: മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗുണ്ണർ സോൾഷ്യറും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡും.

ഇടവേളയിൽ അവർ ഫുട്ബോളിനെക്കുറിച്ചു സംസാരിച്ചിട്ടുണ്ടെങ്കിൽ അത് അവസാനിച്ചിരിക്കുക ലയണൽ മെസ്സിയിൽ ആയിരിക്കും. ഒലെയും ദ്രാവിഡും മാത്രമല്ല, ബാർസ–മാഞ്ചസ്റ്റർ യുണൈറ്റ‍ഡ് മൽസരത്തെക്കുറിച്ച് ഏതു ഫുട്ബോൾ ആരാധകർ സംസാരിച്ചാലും അവസാനം ‘പന്തു വന്നു നിൽക്കുക മെസ്സി എന്ന ബോക്സിലാകും’. ആ മെസ്സിയെ എങ്ങനെ പെട്ടിയിലാക്കാം എന്നാണ് മാഞ്ചസ്റ്റർ യുണൈറ്റ‍ഡ് തലപുകയ്ക്കുന്നതും. അതിനു വേണ്ടിയായിരിക്കില്ലേ കളിക്കാർ നാട്ടിൽ വിശ്രമിച്ചപ്പോഴും സോൾഷ്യർ ബാർസിലോനയിലേക്കു വിമാനം കയറിയത്!

∙ ബാർസയുടെ പ്രതീക്ഷ

ചാവിയും ഇനിയേസ്റ്റയും പോയതോടെ മെസ്സി പഴയ മെസ്സിയാവില്ല എന്നായിരുന്നു പ്രവചനം. എന്നാൽ ‘പുതിയ മെസ്സി’ ഒട്ടും മോശമല്ല എന്നാണ് കണക്കുകൾ തെളിയിക്കുന്നത്. മിഡ്ഫീൽഡിൽ ഉത്തരവാദിത്തം കൂടിയപ്പോഴും മെസ്സിയുടെ ഗോൾ സ്കോറിങ് മികവിന് ഒട്ടും കോട്ടം തട്ടിയിട്ടില്ല.സീസണിൽ ഇതുവരെ 40 കളികളിൽ നിന്ന് 43 ഗോളുകളാണ് മെസ്സി നേടിയത്– 17 അസിസ്റ്റുകളും. ഫ്രീകിക്കുകൾക്കാണെങ്കിൽ മൂർച്ച കൂടിയിരിക്കുന്നു. ബാർസയിൽ മെസ്സിയുടെ ഏറ്റവും മികച്ച സീസൺ ഇതായിരിക്കും എന്നു വരെ പലരും പ്രവചിക്കുന്നു. ലൂയി സ്വാരെസിന്റെ ഫോം ആയിരുന്നു ബാർസയെ അലട്ടിയിരുന്നത്.

എന്നാൽ കഴിഞ്ഞ കുറച്ചു മൽസരങ്ങളിൽ സ്വാരെസും നന്നായി കളിക്കുന്നു.ഒപ്പം മെസ്സി മനസ്സിൽ കാണുന്നത് മൈതാനത്തു കാണുന്ന ഫുൾബായ്ക്ക് ജോർഡി ആൽബയും. മധ്യനിരയിൽ യുണൈറ്റഡുകാർക്ക് അത്ര പരിചയമില്ലാത്ത മറ്റൊരാളാകും ബാർസയുടെ ഒളിയായുധം– ബ്രസീലിയൻ താരം ആർതുർ. ചാവിയുടെ പിൻഗാമിയായിട്ടാണ് ബാർസ ആർതുറിനെ കാണുന്നത്.

∙ യുണൈറ്റഡിന്റെ പ്രതീക്ഷ

അതിവേഗത്തിലുള്ള കൗണ്ടർ അറ്റാക്കുകൾക്കു മുന്നിൽ പതറുന്നതാണ് ബാർസയുടെ ഏറ്റവും വലിയ പോരായ്മ. കഴിഞ്ഞ നവംബറിൽ റയൽ ബെറ്റിസും കഴിഞ്ഞ വാരം വിയ്യാറയലും പ്രതിരോധം തുറന്നിടരുത് എന്ന പാഠം ബാർസയെ പഠിപ്പിച്ചതാണ്. വിയ്യാറയലിനെതിരെ പിക്വെയുടെയും റാകിട്ടിച്ചിന്റെയും അഭാവം ശരിക്കും ബാർസയുടെ കളിയിൽ കണ്ടു.അതോടെ ഒറ്റപ്പെട്ട സെർജിയോ ബുസ്കെറ്റ്സ് കഷ്ടപ്പെടുകയും ചെയ്തു. അത്‌ലറ്റിക്കോയ്ക്കെതിരെ കടുത്ത മൽസരം കഴിഞ്ഞെത്തുന്നതിന്റെ ക്ഷീണവും ബാർസയ്ക്കുണ്ട്. യുണൈറ്റഡിനു പക്ഷേ കഴിഞ്ഞ വാരം ഫ്രീ വീക്കെൻഡ് ആയിരുന്നു.

മിഡ്ഫീൽഡർ പോൾ പോഗ്ബയുൾപ്പെടെയുള്ള കളിക്കാർ തിരിച്ചെത്തുന്നതിന്റെ ആത്മവിശ്വാസവും യുണൈറ്റഡിനു കൂട്ടുണ്ട്. ലോകകപ്പിലെ ഫ്രാൻസ്–അർജന്റീന മൽസരത്തിനു ശേഷം ഇതാദ്യമായാണ് പോഗ്ബയും മെസ്സിയും നേർക്കുനേർ വരുന്നത്.

മെസ്സിയുടെ മുന്നിലേക്കു ചാടി വീഴരുത്. കാരണം മെസ്സി വിദഗ്ധമായി നിങ്ങളെ മറികടക്കും. വഴിയടയ്ക്കുക. മെസ്സിയെ നിരാശപ്പെടുത്തുക. ഒരു പതിറ്റാണ്ട് മുൻപ് സർ അലക്സ് ഫെർഗുസൻ എന്നോടു പറഞ്ഞത് ഞാൻ ഓർക്കുകയാണ്. ഇത്തവണ യുണൈറ്റഡ് കളിക്കാർക്കുള്ള ഉപദേശം കൂടിയാണിത്വെസ് ബ്രൗൺ (2008 ചാംപ്യൻസ് ലീഗ് സെമി ഫൈനലിൽ യുണൈറ്റ‍ഡ് ബാർസയെ മറികടന്നപ്പോൾ സർ അലക്സ് ഫെർഗുസൻ പരിശീലിപ്പിച്ച ടീമിലുണ്ടായിരുന്നു ബ്രൗൺ)

∙ കഴിഞ്ഞ 11 ചാംപ്യൻസ് ലീഗ് ക്വാർട്ടർ മൽസരങ്ങളിൽ മെസ്സി ഗോൾ നേടിയിട്ടില്ല. 2013ൽ പിഎസ്ജിക്കെതിരെയായിരുന്നു ഏറ്റവും അവസാനം.

∙ ഇംഗ്ലിഷ് ടീമുകൾക്കെതിരെ 30 ചാംപ്യൻസ് ലീഗ് മൽസരങ്ങളിൽ മെസ്സി നേടിയത് 22 ഗോളുകൾ. മറ്റേതൊരു കളിക്കാരനെക്കാളും കൂടുതൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com