ADVERTISEMENT

യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ ആദ്യപാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ബാർസിലോനയ്ക്ക് ജയം (1–0). യുണൈറ്റ‍ഡ് താരം ലൂക്ക് ഷായുടെ സെൽഫ് ഗോളാണ് ബാർസയ്ക്കു തുണയായത്. ഹോളണ്ട് ക്ലബ് അയാക്സ് ആംസ്റ്റർഡാമിനെതിരെ യുവെന്റസ് സമനില വഴങ്ങി. ക്രിസ്റ്റ്യാനോ റൊണാൾഡോ ഉജ്വല ഹെഡ്ഡർ ഗോളിൽ മുന്നിലെത്തിയ യുവെയെ ബ്രസീലിയൻ താരം ഡേവിഡ് നിറെസിന്റെ മനോഹര ഗോളിലാണ് അയാക്സ് സമനിലയിൽ പിടിച്ചത്. മൽസരത്തിനു മുൻപ് അക്രമം ഭയന്ന് നൂറോളം യുവെ ആരാധകരെ ഡച്ച് പൊലീസ് പിടിച്ചു വച്ചു. ഗ്രൗണ്ടിൽ യുവെ താരങ്ങൾക്കു നേരെ ബോട്ടിലുകളെറിഞ്ഞ അയാക്സ് ആരാധകരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ആംസ്റ്റർഡാം ∙ ഒരേയൊരാൾ, ക്രിസ്റ്റ്യാനോ റൊണാൾഡോ; റയൽ മഡ്രിഡിന് നഷ്ടമായത് എന്താണെന്നും യുവെന്റസിനു കിട്ടിയതെന്താണെന്നും ആംസ്റ്റർഡാം അരീനയിൽ തെളിഞ്ഞു. കഴിഞ്ഞ റൗണ്ടിൽ റയൽ മഡ്രിഡിനെതിരെയുള്ള അതേ മികവോടെ കളിച്ചെങ്കിലും അയാക്സിന് സ്വന്തം മൈതാനത്ത് ജയിക്കാനായില്ല.

ക്രിസ്റ്റ്യാനോയുടെ പറക്കും ഹെഡ്ഡർ ഗോളിൽ സമനിലയുമായി ടൂറിനിലേക്കു മടങ്ങുന്ന യുവെയ്ക്കു തന്നെ രണ്ടാം പാദത്തിൽ മുൻതൂക്കം. ഇടവേളയ്ക്കു തൊട്ടു മുൻപായിരുന്നു റൊണാൾഡോയുടെ ഗോൾ. ഇടവേളയ്ക്കു തൊട്ടു പിന്നാലെ ഡേവിഡ് നിറെസിന്റെ ഗോളിൽ അയാക്സ് ഒപ്പമെത്തി.

∙ഫ്ലൈയിങ് റോണോ

മധ്യനിരയിൽ കളി പൂർണമായും വിട്ടു കൊടുക്കാതിരുന്ന യുവെ പതിയെ തിരിച്ചടിച്ചു. ഹാഫ്ടൈമിനു തൊട്ടു മുൻപുള്ള അവസാന ശ്രമത്തിൽ റൊണാൾഡോ ലക്ഷ്യം കണ്ടു. മധ്യവരയ്ക്കടുത്തു നിന്ന് താൻ തന്നെ തുടക്കമിട്ട മുന്നേറ്റത്തിൽ നിന്ന് പന്തു സ്വീകരിക്കാൻ സ്പ്രിന്ററെപ്പോലെ ഓടിയെത്തിയ റൊണാൾഡോ കാൻസലോ ക്രോസ് ചെയ്യുമ്പോഴും മൂന്നു മീറ്ററോളം പിന്നിലായിരുന്നു. എന്നാൽ മാർക്ക് ചെയ്യാൻ ആരുമില്ല എന്ന സ്വാതന്ത്രം മുതലെടുത്ത താരം പറന്നു കുത്തിയ ഹെഡറിൽ അയാക്സ് ഗോൾകീപ്പർ ഒനാന നിസ്സഹായനായി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇടതു പാർശത്തിൽ കിട്ടിയ പന്തുമായി ഓടിക്കയറിയ നിറെസ് യുവെ ഡിഫൻഡർക്കിടയിലൂടെ പായിച്ച ഷോട്ട് കണക്കു കൂട്ടാൻ ഗോൾകീപ്പർ ഷെഷ്നിക്കായില്ല.

∙ ‘വാറി’ൽ ജയിച്ച് ബാർസ

ഇങ്ങനെയൊരു ജയമല്ല ബാർസ ആഗ്രഹിച്ചത്; ഇങ്ങനെയൊരു തോൽവി യുണൈറ്റഡ് അർഹിച്ചുമില്ല. മെസ്സിയെ നിരാശനാക്കുക എന്ന തന്ത്രം നടപ്പിലാക്കിയ ഇംഗ്ലിഷുകാർക്ക് 12–ാം മിനിറ്റിൽ മെസ്സി കൂടി പങ്കാളിയായ സെൽഫ് ഗോളിന് മറുപടി നൽകാനായില്ല. മെസ്സി നൽകിയ ക്രോസിൽ നിന്നുള്ള ലൂയി സ്വാരെസിന്റെ ഹെഡർ ലൂക്ക് ഷായുടെ തലയിലുരസി യുണൈറ്റ‍ഡ് ബോക്സിൽ കയറി. റഫറി ആദ്യം ഗോൾ അനുവദിച്ചില്ലെങ്കിലും പിന്നീട് വിഎആർ‌ പരിശോധിച്ച ശേഷം നൽകി.

ക്രിസ് സ്മാളിങ്ങുമായി കൂട്ടിയിടിച്ച് മെസ്സിയുടെ മുഖത്തു നിന്ന് ചോരയൊലിച്ചത് ആശങ്കയായെങ്കിലും മെസ്സി കളിയിൽ അവസാനം വരെ തുടർന്നു.

English Summary: UEFA Champions League Quarter Final First Leg - Manchester United Vs Barcelona, Ajax Amsterdam Vs Juventus FC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com