ADVERTISEMENT

യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ലയണൽ മെസ്സി അകത്തേക്കും ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്തേക്കും. മാഞ്ചസ്റ്റർ യുണൈറ്റഡിനെ 3–0ന് (ഇരുപാദങ്ങളിലുമായി 4–0) മറികടന്ന് ബാർസിലോന സെമിഫൈനലിൽ കടന്നു. റൊണാൾഡോയുടെ യുവെന്റസിനെ രണ്ടാം പാദത്തിൽ 2–1ന് (ഇരുപാദങ്ങളിലുമായി 3–2) അട്ടിമറിച്ച് അയാക്സ് ആംസ്റ്റർഡാമും സെമിയിലെത്തി.

ബാർസിലോന ∙ ബാർസിലോന എന്ന ബഹിരാകാശം കടക്കാൻ മാഞ്ചസ്റ്ററിൽ പുതിയ റോക്കറ്റുകൾ പിറക്കണം; ആഷ്‌ലി ‘യങ്’ ഇനിയുമേറെ വളരണം, ക്രിസ് ‘സ്മാളി’ങ് എത്രയോ വലുതാവണം. അതുവരെ അവർക്ക് ലയണൽ മെസ്സി എന്ന നക്ഷത്രത്തിലേക്കു കണ്ണുനട്ടിരിക്കാം! ബാർസ ആരാധകരുടെ ഏറ്റവും സുന്ദരമായ സ്വപ്നവും യുണൈറ്റഡ് ആരാധകരുടെ ഏറ്റവും മോശം ദുഃസ്വപ്നവും ഇന്നലെ നൂകാംപിന്റെ ആകാശത്ത് ഒന്നിച്ചു തെളിഞ്ഞു. ബാർസയ്ക്ക് 3–0 ജയം. 2 ഗോളുകൾ മെസ്സിയിൽ നിന്ന്. ഒരെണ്ണം ഫിലിപ്പെ കുടീഞ്ഞോ വക. ബാർസയെപ്പോലൊരു ടീമിനൊപ്പം തല പൊക്കി നിൽക്കണമെങ്കിൽ എത്ര ദൂരം പോകണമെന്ന് മാഞ്ചസ്റ്ററിലേക്കുള്ള രണ്ടായിരത്തോളം കിലോമീറ്റർ യാത്രയിൽ യുണൈറ്റ‍ഡ് കളിക്കാർക്കും ആരാധകർക്കും കണക്കു കൂട്ടാം!

16–ാം മിനിറ്റിൽ ആഷ്‌ലി യങ്ങിന്റെ മിസ് പാസ് പിടിച്ചെടുത്ത് വെട്ടിച്ചു കയറി മെസ്സി പായിച്ച ഇടംകാൽ ഷോട്ട് ഗോൾപോസ്റ്റിന്റെ വലതു മൂലയിലേക്കു പോയി. 4 മിനിറ്റിനു ശേഷം മറ്റൊരു പ്രതിരോധപ്പിഴവിൽനിന്നു കിട്ടിയ പന്തുമായി പാഞ്ഞു കയറി പായിച്ച വലംകാൽ ഷോട്ട് യുണൈറ്റഡ് ഗോൾകീപ്പർ ഡേവിഡ് ഡിഗിയയുടെ കൈകൾക്കിടയിലൂടെ ഊർന്നു. രണ്ടാം പകുതി ബാർസയുടെ കളി മികവിന്റെ പ്രദർശനം മാത്രമായി. 61–ാം മിനിറ്റിൽ മെസ്സി ഉയർത്തി വിട്ട പന്ത് അവസാനം കിട്ടിയത് ഫിലിപ്പെ കുടീഞ്ഞോയ്ക്ക്. ബ്രസീലിയൻ താരത്തിന്റെ ട്രേഡ്മാർക്ക് ലോങ്റേഞ്ചർ. യുണൈറ്റഡ് ഡിപാർട്ടഡ്!

∙ വേഗം കൊണ്ടു മാത്രമേ ബാർസയെ വീഴ്ത്താനാകൂ എന്നതായിരുന്നു യുണൈറ്റഡ് താരങ്ങളുടെ പ്ലാൻ. പന്തു കിട്ടിയപ്പോഴെല്ലാം അവർ പാഞ്ഞു കയറി. തുടക്കത്തിൽ മാർക്കസ് റാഷ്ഫോർഡിന്റെ ഷോട്ട് ക്രോസ് ബാറിലിടിച്ചത് അവർക്ക് പ്രതീക്ഷയും നൽകി. എന്നാൽ, യുണൈറ്റഡ് താരങ്ങളുടെ പരക്കം പാച്ചിലിൽ ബാർസ പതറിയില്ല. പന്തു കാലിൽ നിർത്താതെ തിടുക്കപ്പെട്ട യുണൈറ്റ‍ഡ് താരങ്ങളിൽ നിന്ന് രണ്ടു വട്ടവും മെസ്സി പന്തു റാ ഞ്ചി. രണ്ടും ഗോളിലെത്തി.

∙ ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഘട്ടത്തിൽ ഏറ്റവും കൂടുതൽ തവണ പുറത്താകുന്ന ടീമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്– ഏഴു തവണ.

∙ സീസണിൽ ബാർസയ്ക്കു വേണ്ടി മെസ്സിയുടെ ഗോൾനേട്ടം 45 ആയി. യൂറോപ്പിലെ മേജർ ലീഗുകളിലെ ടോപ് സ്കോറർമാരിൽ ഒന്നാം സ്ഥാനത്ത് 10 ഗോൾ ലീഡ്.

അയാക്സ് അഥവാ ആത്മവിശ്വാസം

ടൂറിൻ ∙ അയാക്സ് എന്നാൽ ആത്മവിശ്വാസം എന്നാണർഥം! റയൽ മഡ്രിഡിനെ വീഴ്ത്തിയ അതേ വിശ്വാസം യുവെന്റസിനെതിരെയും അവരെ കാത്തു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ പിന്നിലായ ശേഷം 2 ഗോൾ തിരിച്ചടിച്ചു ജയിച്ച ഡച്ച് ക്ലബ്ബിനെ ഇനി എല്ലാവരും പേടിക്കണം! 28–ാം മിനിറ്റിൽ ക്രിസ്റ്റ്യാനോയെ അവിശ്വസനീയമാം വിധം മാർക്ക് ചെയ്യാതെ വിട്ടതിന് അയാക്സിനു കിട്ടിയ ശിക്ഷയായിരുന്നു ഗോൾ. കോർണറിലേക്ക് ഊളിയിട്ടു വന്ന റൊണാൾഡോ പന്ത് വലയിലെത്തിച്ചു. വിഎആർ പരിശോധനയ്ക്കു ശേഷമാണ് റഫറി ഗോൾ അനുവദിച്ചത്.

6 മിനിറ്റിനകം ഭാഗ്യത്തിന്റെ കൂടി തുണയോടെ അയാക്സ് ഒപ്പമെത്തി. ഹാക്കിം സിയെച്ചിന്റെ ലോങ് റേഞ്ചർ യുവെ ഡിഫൻഡറുടെ ദേഹത്തുതട്ടി നേരെ വന്നു വീണത് വാൻ ഡെ ബീകിന്റെ കാൽക്കൽ. കൂൾ ഫിനിഷ്. ഇത്തവണയും റഫറിക്ക് ഓഫ്സൈഡ് അല്ലെന്ന് ഉറപ്പിക്കാൻ വിഎആറിന്റെ സഹായം വേണ്ടി വന്നു. രണ്ടാം പകുതിയിൽ അയാക്സ് പക്ഷേ ഒരു ഭാഗ്യത്തിനും കാത്തു നിന്നില്ല. ത്രികോണ കൃത്യതയുള്ള പാസുമായി അവർ യുവെ പ്രതിരോധം മലർക്കെ തുറന്നു. പരുക്കേറ്റ് പുറത്തിരുന്ന വെറ്ററൻ ഡിഫൻഡർ ജോർജിയോ ചില്ലെനിയുടെ അസാന്നിധ്യം യുവെ ശരിക്കറിഞ്ഞ നിമിഷം.

ഗോൾകീപ്പർ ഷെഷ്നി പലവട്ടം യുവെയെ കാത്തെങ്കിലും അവസാനം അയാക്സ് അർഹിച്ച ഗോൾ വന്നു. കോർണറിൽ നിന്നു പന്തിൽ രണ്ടു ഡിഫൻഡർമാരെ മറികടന്ന് അയാക്സിന്റെ പത്തൊമ്പതുകാരൻ ക്യാപ്റ്റൻ മാത്തിയാസ് ഡിലിറ്റ് തലവച്ചു. ഒരു നിമിഷം പോലും പന്തുമായി സ്വസ്ഥമായിരിക്കാൻ അയാക്സ് യുവെയെ അനുവദിച്ചില്ല. ഉജ്വലമായി പ്രസ് ചെയ്തു കളിച്ച അയാക്സ് ആത്മവിശ്വാസത്തോടെ പാസിങ്ങിലും മികവു പുലർത്തി. രണ്ടാം പകുതിയിൽ മൈതാനം പരത്തിക്കളിച്ച് യുവെയുടെ പ്രതിരോധം പലവട്ടം പിളർന്നു.

∙ ഇടവേളയ്ക്കു ശേഷം ഞങ്ങൾ ശരിക്കും ആധിപത്യം പുലർത്തി. ഇതിലും വലിയ വിജയം ഞങ്ങൾ അർഹിച്ചിരുന്നു എന്നതാണ് സത്യം. - ഫ്രാങ്കി ഡി യോങ് (അയാക്സ് മിഡ്ഫീൽഡർ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com