ADVERTISEMENT

ലുധിയാന ∙ ഗുരു നാനാക് സ്റ്റേഡിയത്തിലെ പഞ്ചാബ് ആരാധകരെ നിരാശയിലാഴ്ത്തി സർവീസസിന് സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം. ഫൈനലിൽ ആതിഥേയരെ 1–0നാണ് സർവീസസ് തോൽപ്പിച്ചത്. രണ്ടാം പകുതിയിൽ ബികാഷ് ഥാപ്പയാണ് വിജയഗോൾ നേടിയത്. ഫൈനൽ റൗണ്ടിലെ ആറു കളികളിലും തോൽവിയറിയാതെയാണ് സർവീസസിന്റെ കിരീടധാരണം. 2015ലും ഇതേ വേദിയിൽ സർവീസസ് പഞ്ചാബിനെ തോൽപ്പിച്ചിരുന്നു. അന്ന് പെനൽറ്റി ഷൂട്ടൗട്ടിൽ 5–4നായിരുന്നു ജയം.

ഇരുടീമുകളും കരുതലോടെയാണ് കളി തുടങ്ങിയത്. പഞ്ചാബിനായിരുന്നു ആദ്യം മുൻ‌തൂക്കമെങ്കിലും പിന്നീട് സർവീസസ് വിങുകളിലൂടെ ആക്രമിച്ചു കയറാൻ തുടങ്ങി. ഇടവേളയ്ക്കു മുൻപു തന്നെ സർവീസസിന് അവസരം കിട്ടിയെങ്കിലും ബികാഷ് ഥാപ്പയുടെ സമർഥമായ ‍ഡമ്മി പാസ് മുതലെടുക്കാൻ ഹരികൃഷ്ണയ്ക്കായില്ല.

 വിങ് പ്ലേയിലൂടെ തന്നെയാണ് സർവീസസിന്റെ വിജയഗോൾ വന്നത്. ലല്ലാംകിമ മറിച്ചു നൽകിയ പന്ത് ഥാപ്പ നേരെ ഗോളിലേക്കു തിരിച്ചു വിട്ടു. കളി തീരാൻ 15 മിനിറ്റ് ശേഷിക്കെ പഞ്ചാബിന് സുവർണാവസരം കിട്ടി. സർവീസസ് ഗോൾകീപ്പർ വിഷ്ണു സ്ഥാനം തെറ്റി നിൽക്കുന്നതു ശ്രദ്ധിച്ച പഞ്ചാബ് താരം വിക്രാന്ത് സിങ് പന്ത് ചിപ് ചെയ്തെങ്കിലും ക്രോസ് ബാറിൽ തട്ടി പുറത്തേക്കു പോയി.

സർവീസസിന്റെ ‘ടീം കേരള’

ഫൈനൽ റൗണ്ട് പോലും കാണാതെ കേരളം പുറത്തായ സന്തോഷ് ട്രോഫിയിൽ സർവീസസ് കിരീടം ഉയർത്തിയതു കേരള താരങ്ങളുടെ പിൻബലത്തിൽ. സഹപരിശീലകൻ ഉൾപ്പെടെ 8 മലയാളികളാണു സർവീസസ് ടീമിലുള്ളത്. ഇതിൽ 3 പേർ തിരുവനന്തപുരത്തിന്റെ ഫുട്ബോൾ ഗ്രാമമായ പൊഴിയൂരിൽ നിന്നുള്ളവരും. സഹപരിശീലകൻ നേവിയിൽ നിന്നുള്ള അഭിലാഷ് വി.എസ്.നായർ തിരുവനന്തപുരം തിരുമല സ്വദേശിയാണ്. ടീമിന്റെ ഗോൾവല വിശ്വസ്തതയോടെ കാക്കുന്ന വി.കെ.വിഷ്ണു കണ്ണൂർ താഴേ ചൊവ്വ സ്വദേശിയാണ്.

ടീമിന്റെ ബുദ്ധികേന്ദ്രം എ.യു.ഹരികൃഷ്ണ തൃശൂർ പൂത്തൂർ സ്വദേശിയാണ്. ടീമിലെ ഏറ്റവും സീനിയർ താരമായ അനൂപ് പോളിയും തൃശൂർ സ്വദേശിയാണ്.രണ്ടാം സന്തോഷ് ട്രോഫി ഫൈനൽ കളിക്കുന്ന ബി.എ.ബെന്നോ, ജിജോ ജെറോൺ, എസ്.പ്രതീഷ് എന്നിവരാണു പൊഴിയൂരിന്റെ കരുത്ത്. ബെന്നോയും പ്രതീഷും നേവിയിലാണ്. ജിജോ എയർഫോഴ്സിലും. എറണാകുളം സ്വദേശി അഭിഷേക് എം.ജോഷിയാണു ടീമിലുള്ള മറ്റൊരു മലയാളി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com