ADVERTISEMENT

ലോക ഫുട്ബോളിൽ ‘ഭരണമാറ്റ’മാണോ വരാൻ പോകുന്നത്? ആഭ്യന്തര ലീഗുകളിലും ചാംപ്യൻസ് ലീഗിലുമായി വമ്പൻമാർ പലരും വീണതോടെ അടുത്ത സീസണിൽ പല ടീമുകളും ‘ഫ്രഷ്’ ആകുമെന്നുറപ്പ്. ഒരു കിരീടം പോലുമില്ലാതെ സീസൺ അവസാനിപ്പിക്കേണ്ടി വന്ന സ്പാനിഷ് ക്ലബ് റയൽ മഡ്രിഡും ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡും അടിമുടി മാറ്റത്തിന്റെ പാതയിലാണ്. ലാ ലിഗ നേടിയെങ്കിലും ചാംപ്യൻസ് ലീഗിൽ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയ ബാർസിലോനയും മാറാൻ ചിന്തിച്ചു തുടങ്ങി.‌

സൂപ്പർ താരങ്ങൾ ക്ലബ് വിടുകയാണെങ്കിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ അഴിച്ചു പണിയുണ്ടാകും. യൂറോപ്പിന്റെ മുൻനിരയിലേക്കു വീണ്ടും തിരിച്ചെത്താൻ ജർമൻ ക്ലബ് ബയൺ മ്യൂണിക്ക് പദ്ധതിയിടുന്നു. യുവെന്റ്സ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ കേന്ദ്രീകരിച്ച് ടീം ഉറപ്പുള്ളതാക്കും. പ്രകടമായ മാറ്റം കാണാൻ പോകുന്നത് റയൽ മഡ്രിഡ്, ബാർസിലോന, മാഞ്ചസ്റ്റർ യുണൈറ്റ‍ഡ് എന്നീ ടീമുകളിൽ തന്നെ. 

∙ ബാർസിലോന

ഒറ്റക്കളി കൊണ്ട് ബാർസിലോനയിലെ ഭാവം തന്നെ മാറിപ്പോയി. ചാംപ്യൻസ് ലീഗിൽ ലിവർപൂളിനു മുന്നിൽ വീണതോടെ കറ്റാലൻ ക്ലബ് കാലത്തിനൊത്ത് മാറേണ്ട ചിന്തയിലാണ്. പരിശീലകൻ ഏണസ്റ്റോ വെൽവെർദെയ്ക്കു പകരം ലിവർപൂൾ കോച്ച് യൂർഗൻ ക്ലോപ്പിനെപ്പോലെ വീറും വാശിയുമുള്ള ഒരാൾ വേണമെന്നതാണ് ആരാധകരുടെ ഒരാവശ്യം. കളിക്കാരുടെ കാര്യത്തിലാണെങ്കിൽ ആദ്യ മാനദണ്ഡം ലയണൽ മെസ്സിയുമായി ഒത്തിണങ്ങുക എന്നതു തന്നെ.

അതിനു കഴിയാതെ വന്നതോടെ ബ്രസീലിയൻ താരം ഫിലിപ്പെ കുടീഞ്ഞോ ഇപ്പോൾ പുറത്തേക്കുള്ള വഴിയിലാണ്. ഇവാൻ റാകിട്ടിച്ചിന്റെ കാര്യത്തിലും ഇപ്പോഴത്ര മതിപ്പു പോര. അയാക്സിൽ നിന്നു വന്ന ഫ്രാങ്കി ഡി യോങിനു പിന്നാലെ മാത്തിയാസ് ഡി ലിറ്റ് കൂടി എത്തിയാൽ പ്ലേയിങ് ഇലവനു പ്രായമാകുന്നു എന്ന പ്രശ്നം ഒരു പരിധി വരെ തീരും. 

? അന്റോയ്ൻ ഗ്രീസ്മാൻ അത്‌ലറ്റിക്കോ വിട്ടു. ബാർസലോനയിലേക്കു തന്നെയാകില്ലേ വരവ്? 

∙ റയൽ മഡ്രിഡ് 

പുതുക്കിപ്പണി വൈകിയ വീടു പോലെയാണിപ്പോൾ റയൽ മഡ്രിഡിന്റെ അവസ്ഥ. പരിശീലകനായി സിനദിൻ സിദാൻ തിരിച്ചെത്തിയെങ്കിലും വിജയത്തിന്റെ മേൽച്ചായം പൂശാൻ പോലും കഴിഞ്ഞില്ല. ലീഗിലെ അവസാന രണ്ടു കളികളിലും തോൽവി. ഇതോടെ അടുത്ത സീസണിൽ ടീമിൽ അടിമുടി മാറ്റം കാണാമെന്നുറപ്പ്. ജർമൻ മിഡ്ഫീൽഡർ ടോണി ക്രൂസുമായി കരാർ പുതുക്കി അതിനു തുടക്കമായി.

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പകരം വയ്ക്കാവുന്ന സൂപ്പർ താരം ഏദൻ ഹസാഡിനെയാണ് മഡ്രിഡ് ആരാധകർ ഇനി കാത്തിരിക്കുന്നത്. ഗാരെത് ബെയ്ൽ ടോട്ടനമിലേക്കു മടങ്ങുമെന്നതും ഏറെക്കുറെ ഉറപ്പായി. ഡിഫൻസിൽ സെർജിയോ റാമോസ്, റാഫേൽ വരാൻ എന്നിവർക്കു പകരം നിൽക്കാൻ എദർ മിലിറ്റാവോ പോർട്ടോയിൽ നിന്നെത്തും. ബ്രസീലിയൻ ക്ലബ് സാന്റോസിൽ നിന്ന് റോഡ്രിഗോ കൂടി എത്തിയാൽ വിനീസ്യൂസ് ജൂനിയറിനു കൂട്ടാകും. 

? മിഡ്ഫീൽഡ് ജനറലായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബ കൂടി വരുമോ?  

മാഞ്ചസ്റ്റർ യുണൈറ്റഡ് 

പരിശീലകൻ ഒലെ ഗുണ്ണർ സോൾഷ്യർക്കു കീഴിൽ രക്ഷപ്പെട്ടു വന്നതായിരുന്നു യുണൈറ്റഡ്. പക്ഷേ ആരൊക്കെയോ കണ്ണുവച്ച പോലെ പിന്നെയും പതിവുപടിയായി. ലീഗിലെ അവസാന മൽസരത്തിൽ, തരംതാഴ്ത്തപ്പെട്ട വാറ്റ്ഫഡിനോടു വരെ തോറ്റു. സർ അലക്സ് ഫെർഗൂസനു കീഴിൽ യുണൈറ്റഡ് ലോകം കീഴടക്കിയ കാലം ആവർത്തിക്കണം എന്നത് അത്യഗ്രഹമാണെന്ന് യുണൈറ്റഡ് ആരാധകർക്കു ബോധ്യമുണ്ട്.

പക്ഷേ, അഭിമാനപൂർവം തലയുയർത്തി നിൽക്കാനൊരു സീസണെങ്കിലും അവർ ആഗ്രഹിക്കുന്നു. ഗോൾകീപ്പർ സ്ഥാനത്തു നിന്ന് ഡേവിഡ് ഡിഗിയ പോവുകയാണെങ്കിൽ പകരം ബാർസിലോനയുടെ രണ്ടാം ഗോൾകീപ്പർ ജാസ്പർ സിയെസ്സനെ സോൾഷ്യർ ക്ഷണിച്ചേക്കാം. നാപ്പോളി താരം കാലിഡോ കൗലിബാലി, യുവെന്റസ് താരം പൗളോ ഡിബാല, അയാക്സ് താരം ഹാക്കി സിയെച്ച് എന്നിവരും സോൾഷ്യറുടെ റഡാറിലുണ്ട്. 

? പോഗ്ബയ്ക്കു പകരം ആര്? ന്യൂകാസിലിന്റെ വണ്ടർ കിഡ് ഷോൺ ലോങ്സ്റ്റാഫാണോ സോൾഷ്യറുടെ മനസ്സിൽ? 

English Summary: Real Madrid, Barcelona, Manchester United Clubs aim at bringing new players

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com