ADVERTISEMENT

ഓൾഡ് ട്രാഫഡിലെ നിത്യഹരിത നായകൻ ഒരാൾ മാത്രം– ഡേവിഡ് ബെക്കാം! 1999ലെ യുണൈറ്റഡിന്റെ ട്രെബിൾ നേട്ടം അനുസ്മരിച്ച് സംഘടിപ്പിച്ച ചാരിറ്റി മത്സരത്തിൽ താരമായത് യുണൈറ്റഡ് ആരാധകരുടെ ഹൃദയത്തുടിപ്പായ ബെക്കാം തന്നെ. 1999ലെ ചാംപ്യൻസ് ലീഗ് ഫൈനലിൽ ഏറ്റുമുട്ടിയ യുണൈറ്റ‍ഡിന്റെയും ബയൺ മ്യൂണിക്കിന്റെയും കളിക്കാരാണ് വീണ്ടും ഓൾഡ് ട്രാഫഡിൽ ഇറങ്ങിയത്. യുണൈറ്റഡ് ലെജൻഡ്സ് ടീമിന്റെ പരിശീലകനായി മുൻ മാനേജർ സർ അലക്സ് ഫെർഗൂസൻ.

ബയൺ ടീമിലും ലോതർ മത്തേയൂസ് ഉൾപ്പെടെയുള്ള താരങ്ങളുണ്ടായിരുന്നെങ്കിലും ആരവങ്ങളെല്ലാം ബെക്കാമിനു വേണ്ടിയായിരുന്നു. ഇംഗ്ലിഷ് പ്രീമിയർ ലീഗിലും ചാംപ്യൻസ് ലീഗിലുമെല്ലാം ക്ലബിന്റെ പ്രകടനം ഇപ്പോൾ മോശമായതിനാൽ ആരാധകർ കിട്ടിയ അവസരം നന്നായി ആഘോഷിച്ചു. എതിരാല്ലാത്ത അഞ്ചു ഗോളുകൾക്കാണ് യുണൈറ്റ‍ഡ് ജയിച്ചത്. അഞ്ചാം ഗോൾ ബെക്കാമിന്റെ ബൂട്ടിൽ നിന്ന് പിറന്നതോടെ ആഘോഷങ്ങൾ സമൂഹ മാധ്യമങ്ങളിലേക്കും പടർന്നു. ‘ബെക്കാമിനെ വിളിക്കൂ, യുണൈറ്റ‍ഡിനെ രക്ഷിക്കൂ..!’

സീനിയർ ടീമിന്റെ പരിശീലകനായി ഇപ്പോൾ കഷ്ടകാലമാണെങ്കിലും ഒലെ ഗുണ്ണർ സോൾഷ്യറാണ് യുണൈറ്റഡിനായി ആദ്യം ലക്ഷ്യം കണ്ടത്. 1999ൽ നൂകാംപിൽ നടന്ന ഫൈനലിൽ ഇൻജറി ടൈമിൽ ടീമിന്റെ വിജയഗോൾ നേടിയതും നോർവെ താരമായ സോൾഷ്യറായിരുന്നു.
ഡ്വൈറ്റ് യോർക്ക്, നിക്കി ബട്ട്, ലൂയി സാഹ എന്നിവർ ഗോൾപട്ടിക തികച്ചു. അര ലക്ഷത്തിലേറെ പേരാണ് മത്സരം കാണാനെത്തിയത്. ബെക്കാമിന്റെ ഭാര്യ വിക്ടോറിയ, മകളായ ബ്രൂക്‌ലിന്‌, ക്രൂസ്, ഹാർപർ എന്നിവരും മത്സരം കാണാനെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com