ADVERTISEMENT

ബുരിരാം (തായ്‌ലൻഡ്) ∙ പുതിയ കോച്ച് ഇഗോർ സ്റ്റിമാച്ചിനു കീഴിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന് ആദ്യജയം. തായ്‌ലൻഡിനെ 1–0നു തോൽപ്പിച്ച ഇന്ത്യ കിങ്സ് കപ്പ് ഫുട്ബോളിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി. 17–ാം മിനിറ്റിൽ അനിരുദ്ധ് ഥാപ്പയാണ് വിജയഗോൾ നേടിയത്.കുറസാവോയോട് തോറ്റ ടീമിൽ 8 മാറ്റങ്ങളാണ് സ്റ്റിമാച്ച് വരുത്തിയത്. സുനിൽ ഛേത്രി, ഉദാന്ത സിങ്, ഗുർപ്രീത് സിങ് സന്ധു എന്നിവർ റിസർവ് നിരയിലായിരുന്നു. സന്ദേശ് ജിങ്കാനായിരുന്നു ക്യാപ്റ്റൻ. ഫ്രീകിക്കിൽ നിന്നു കിട്ടിയ പന്തിൽ ആദിൽ ഖാൻ ഒരുക്കിക്കൊടുത്ത പന്തിലായിരുന്നു ഥാപ്പയുടെ ഗോൾ. ഇടവേളയ്ക്കു ശേഷം മലയാളി താരം സഹൽ അബ്ദുൽ സമദിനെയും സ്റ്റിമാച്ച് ഇറക്കി. രണ്ടാം പകുതിയിൽ സമനില ഗോളിനായി തായ്‌ താരങ്ങൾ അധ്വാനിച്ചു കളിച്ചെങ്കിലും ഇന്ത്യ പിടിച്ചു നിന്നു. 

ഇന്ത്യയുടെ മുന്നേറ്റത്തോടെയായിരുന്നു മൽസരത്തിന്റെ തുടക്കം. ചെറു പാസുകളുമായി തായ്‍ലൻഡ് താരങ്ങൾക്കു പന്തു വിട്ടുനല്‍കാതെയായിരുന്നു ഇന്ത്യയുടെ കളി. 17–ാം മിനിറ്റിൽ അനിരുദ്ധ് ഥാപ്പയിലൂടെ ഇന്ത്യ ഗോൾ നേടി. തായ്‍ലൻഡ് ബോക്സിന് മുന്നിൽ നിന്നു പന്തുമായി ഓടിമാറിയ ഇന്ത്യൻ ഡിഫന്‍ഡർ ആദിൽഖാനാണ് ഗോളിനു വഴിയൊരുക്കിയത്. പന്ത് തായ് പോസ്റ്റിനു കുറുകെ ആദിൽ നീട്ടിനൽകിയപ്പോള്‍ അനിരുദ്ധിന് അത് പോസ്റ്റിലേക്കു തട്ടിയിടുകയേ വേണ്ടിയിരുന്നുള്ളു.

ഗോൾ  വഴങ്ങിയതോടെ സ്വന്തം ആരാധകർക്കു മുന്നിൽ തായ്‍ലൻഡ് സമ്മർദത്തിലായി. മറുപടി ഗോളിനായി തായ്‍ലൻഡ് നീക്കങ്ങൾ വേഗത്തിലാക്കി. ഇതോടെ ഇന്ത്യ പ്രതിരോധത്തിലായി. ആദിൽ ഖാന്റെ രക്ഷാപ്രവർത്തനങ്ങൾ തായ് ഗോൾ മോഹങ്ങളെ പലകുറി തട്ടിയകറ്റി. 47ാം മിനിറ്റിൽ  ഇന്ത്യയുടെ ഫറൂഖ് ചൗധരിക്കു ഗോൾ നേടുന്നതിനു സുവർണാവസരം ലഭിച്ചു. തായ് ഗോൾ കീപ്പർ മാത്രം മുന്നിൽ നില്‍ക്കെ ചൗധരി ബൽവന്ദ് സിങ്ങിന് പാസ് നൽകി. ബൽവന്ദിനു പക്ഷേ ഗോൾ നേടാനും സാധിച്ചില്ല. രണ്ടാം  പകുതിയിൽ ബല്‍വന്ദ് സിങ്, ഫറൂഖ് ചൗധരി എന്നിവരെ പിൻവലിച്ച് മൻവീർ സിങ്, ജാക്കീചന്ദ് സിങ് എന്നിവരെ ഇന്ത്യ ഇറക്കി. 74–ാം മിനിറ്റിൽ റയ്‍നിയർ ഫെര്‍ണാണ്ടസിനു പകരം സഹല്‍ അബ്ദുൽ സമദും കളത്തിലെത്തി. 

indian-football-team
കിങ്സ് കപ്പിൽ തായ്‍ലൻഡിനെതിരെ ഗോൾ നേടിയപ്പോൾ ഇന്ത്യൻ താരങ്ങളുടെ ആഹ്ലാദം

സഹല്‍ കൂടിയെത്തിയതോടെ ഇന്ത്യൻ മധ്യനിര ഉണർന്നു. അപ്പോഴും ഗോൾ നേടി സമനില പിടിക്കാൻ തായ്‍ലന്‍ഡ് ശ്രമം തുടർന്നു കൊണ്ടിരുന്നു. പക്ഷേ എല്ലാം ഇന്ത്യൻ പ്രതിരോധത്തിലും ഗോൾ കീപ്പർ അമരീന്ദര്‍ സിങ്ങിലും തട്ടിത്തടഞ്ഞതോടെ തായ് ഗോൾ മോഹങ്ങൾ പാഴായി. ആദ്യം ഗോൾ നേടിയതൊഴിച്ചാൽ മറ്റു സമയങ്ങളിലെല്ലാം മൽസരത്തിൽ മേധാവിത്വം തായ്‍ലൻഡിനായിരുന്നു. ഇന്ത്യന്‍ പ്രതിരോധനിര പിടിപ്പതു പണിയെടുത്തിട്ടാണ് തായ്‍ലൻഡിനെ ഒരു ഗോൾ പോലും നേടാതെ തടഞ്ഞത്. ഇതോടെ കിങ്സ് കപ്പിൽ അവസാന സ്ഥാനക്കാരായി ആതിഥേയരായ തായ്‍ലൻഡ്.

English Summary: India  Beat Thailand In Kings Cup Football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com