ADVERTISEMENT

കൊച്ചി∙ ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സും രാജ്യത്തെ പ്രമുഖ കല്‍പിത സര്‍വകലാശാലയായ ജെയിന്‍ യൂണിവേഴ്‌സിറ്റിയും അഞ്ച് വര്‍ഷത്തെ പങ്കാളിത്ത കരാര്‍ ഒപ്പുവെച്ചു. ജെയിന്‍ യൂണിവേഴ്‌സിറ്റി കൊച്ചി കാമ്പസില്‍ യൂണിവേഴ്‌സിറ്റി, കെബിഎഫ്‌സി അധികൃതര്‍ വിളിച്ച സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് പങ്കാളിത്തം പ്രഖ്യാപിച്ചത്. 

ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് (ജെജിഐ) പ്രസിഡന്റ് ഡോ. ചെന്‍രാജ് റോയ്ചന്ദ്, ജെയിന്‍ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ടോം ജോസഫ്, പ്രോ വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത, കെബിഎഫ്‌സി ഉടമ നിമ്മഗഡ്ഡ പ്രസാദ്, സിഇഒ വിരെന്‍ ഡിസില്‍വ തുടങ്ങിയവര്‍ പങ്കെടുത്തു. കരാര്‍ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ജേഴ്‌സിയുടെ പിന്‍വശത്ത് ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ലോഗോ ആലേഖനം ചെയ്യും. കെബിഎഫ്‌സിയുടെ പ്രസന്റിങ് സ്‌പോണ്‍സര്‍ എന്നാകും ജെയിന്‍ യൂണിവേഴ്‌സിറ്റി അറിയപ്പെടുക. 

കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള പങ്കാളിത്തത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് ജെജിഐ പ്രസിഡന്റ് ഡോ. ചെന്‍രാജ് റോയ്ചന്ദ് പറഞ്ഞു. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് രംഗത്ത് ആവേശം പകരാന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് കഴിഞ്ഞിട്ടുണ്ട്. രാഷ്ട്ര നിര്‍മാണത്തിലുള്ള പ്രതിബദ്ധതയുടെ ഭാഗമായി ജെയിന്‍ യൂണിവേഴ്‌സിറ്റി എന്നും സ്‌പോര്‍ട്‌സിന് പിന്തുണ നല്‍കുകയും കായികതാരങ്ങളെ പ്രോത്സാപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ ഒരു പ്രതിഫലനമാണ് ഒളിമ്പിക്‌സ് ഉള്‍പ്പെടെയുള്ള രാജ്യാന്തര കായിക മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള യൂണിവേഴ്‌സിറ്റിയിലെ മുന്‍ വിദ്യാര്‍ഥികളായ പങ്കജ് അദ്വാനി, റോഹന്‍ ബോപ്പണ്ണ, കെ.എല്‍. രാഹുല്‍, കരുണ്‍ നായര്‍, അനൂപ് ശ്രീധര്‍, റോബിന്‍ ഉത്തപ്പ തുടങ്ങിയ കായികതാരങ്ങളുടെ നേട്ടങ്ങള്‍. ഐഎസ്എല്ലുമായുള്ള പുതിയ പങ്കാളിത്തത്തിലൂടെ കൂടുതല്‍ ആവേശോജ്ജ്വലമായ ടൂര്‍ണമെന്റിനായി കാത്തിരിക്കുകയാണെന്നും ഡോ. ചെന്‍രാജ് റോയ്ചന്ദ് പറഞ്ഞു. 

ജെയിന്‍ യൂണിവേഴ്‌സിറ്റിയുമായുള്ള പങ്കാളിത്തം കേരള ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം അത്യന്തം ആവേശം ഉണര്‍ത്തുന്നതാണെന്ന് കെബിഎഫ്‌സി സിഇഒ വിരെന്‍ ഡിസില്‍വ പറഞ്ഞു. കളിക്കാരുടെ സമഗ്ര വളര്‍ച്ചയാണ് ക്ലബ് എന്ന നിലയില്‍ കെബിഎഫ്‌സി ലക്ഷ്യമിടുന്നത്. ഫുട്‌ബോളിനൊപ്പം വിദ്യാഭ്യാസവും സമാന്തരമായി മുന്നോട്ടുകൊണ്ടുപോകാനുള്ള അവസരം കളിക്കാര്‍ക്ക് ക്ലബ് ഒരുക്കുന്നു. സമാനമായ ചിന്താഗതി പുലര്‍ത്തുന്ന ഒരു പങ്കാളിയെ ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും വിരെന്‍ ഡിസില്‍വ പറഞ്ഞു. ഈ പങ്കാളിത്തം ഊട്ടിയുറപ്പിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് യുഎഇയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം നടത്തുന്ന കെബിഎഫ്‌സി ടീമംഗമായ സായിദ് ബിന്‍ വാലിദ് ജെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടാനുള്ള തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com