ADVERTISEMENT

സൂറിക് ∙ ഈ വർഷത്തെ മികച്ച ലോക ഫുട്ബോളർക്കുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരത്തിനുള്ള 10 കളിക്കാരുടെ പട്ടികയിൽ, ഈ വർഷം മികച്ച പ്രകടനം നടത്തിയ ബ്രസീൽ ഗോൾകീപ്പർ അലിസൻ ബെക്കർ, പോർച്ചുഗൽ താരം ബെർണാ‍ഡോ സിൽവ എന്നിവർക്ക് ഇടമില്ല. ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർ ഉൾപ്പെടുന്ന പട്ടികയിൽ മുഹമ്മദ് സലാ, സാദിയോ മാനെ, വിർജിൽ വാൻദെയ്ക്, മാത്തിസ് ഡിലൈറ്റ്, ഫ്രങ്കി ഡിയോങ്, കിലിയൻ എംബപെ, ഏദൻ ഹസാഡ്, ഹാരി കെയ്ൻ എന്നിവരുമുണ്ട്. ഇവരിൽ നിന്ന് ആദ്യ മൂന്നു പേരെ തിരഞ്ഞെടുക്കാനുള്ള വോട്ടിങ് ഫിഫ വെബ്സൈറ്റിൽ തുടങ്ങി.

സെപ്റ്റംബർ 23ന് ഇറ്റലിയിലെ മിലാനിലാണ് പുരസ്കാര പ്രഖ്യാപനം. ലിവർപൂളിനു വേണ്ടി ചാംപ്യൻസ് ലീഗിലും പ്രീമിയർ ലീഗിലും ബ്രസീലിനു വേണ്ടി കോപ്പ അമേരിക്കയിലും മികച്ച പ്രകടനം നടത്തിയത് അലിസനെ തുണച്ചില്ല. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പവും യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗലിനൊപ്പവും കിരീടം നേടിയ ബെർണാഡോ സിൽവയും പട്ടികയിൽ ഇടം കണ്ടില്ല.

ബാർസിലോനയെ ലാലിഗ കിരീടത്തിലേക്കു നയിച്ചത് മെസ്സിക്കു തുണയായപ്പോൾ ഇറ്റാലിയൻ ക്ലബ് യുവെന്റസിനെ സെരി എ ചാംപ്യൻമാരാക്കിയതും പോർച്ചുഗൽ യുവേഫ നേഷൻസ് ലീഗ് കിരീടം ചൂടിയതും ക്രിസ്റ്റ്യാനോയെ തുണച്ചു. ലിവർപൂളിനെ ചാംപ്യൻസ് ലീഗ് കിരീടത്തിലേക്കു നയിച്ചതാണ് മുഹമ്മദ് സലാ, സാദിയോ മാനെ, വിർജിൽ വാൻദെയ്ക് എന്നിവരെ പട്ടികയിലെത്തിച്ചത്.

ചാംപ്യൻസ് ലീഗിൽ ഡച്ച് ക്ലബ് അയാക്സിന്റെ ഉജ്വലമായ കുതിപ്പാണ് ഡി ലിറ്റിനെയും ഡിയോങിനെയും ആദ്യമായി പട്ടികയിലെത്തിച്ചത്. ചാംപ്യൻസ് ലീഗ് ഫൈനൽ കളിച്ച ടോട്ടനത്തിന്റെ താരമാണ് ഹാരി കെയ്ൻ. മികച്ച വനിതാ താരത്തിനുള്ള പുരസ്കാരത്തിന്റെ 12 അംഗ പട്ടികയിൽ ഇത്തവണ ലോകകപ്പ് നേടിയ യുഎസ്എയുടെ 4 താരങ്ങളുണ്ട്.

English Summary: Messi, Cristiano and Hazard among The Best 2019 candidates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com