ADVERTISEMENT

ലയണൽ മെസ്സി അല്ലെങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ. 2008നു ശേഷം ലോക ഫുട്ബോളർ പുരസ്കാരം ഇരുവരും ചേർന്നാണു പങ്കിട്ടെടുത്തത്; ക്രൊയേഷ്യക്കാരൻ ലൂക്ക മോഡ്രിച്ച് കഴിഞ്ഞ വർഷം ദ് ബെസ്റ്റ് ട്രോഫി നേടും വരെ! പഴയ മികവു കൈമോശം വന്ന മോഡ്രിച്ച് ഇക്കുറി പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയ്ക്കു പുറത്താണ്. അപ്പോൾ ഒന്നുറപ്പ്, വീണ്ടും പോരാട്ടം ക്രിസ്റ്റ്യാനോയും മെസ്സിയും തമ്മിൽതന്നെ. പക്ഷേ, ഇവർക്കു കനത്ത വെല്ലുവിളി  ഉയർത്താൻ മറ്റൊരാൾ കൂടിയുണ്ട്– ലിവർപൂൾ പ്രതിരോധക്കോട്ടയുടെ അമരക്കാരൻ വിർജിൽ വാൻ ദെയ്ക്ക്!

∙ വിർജിൻ വാൻദെയ്ക്ക് (ലിവർപൂൾ): കഴിഞ്ഞ ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ മികച്ച താരത്തിനുള്ള പിഎഫ്എ പുരസ്കാര ജേതാവ്. നേഷൻസ് ലീഗിൽ പുറത്തെടുത്ത അവിസ്മരണീയ പ്രകടനം ഹോളണ്ടിനെ ഫൈനലിൽ എത്തിച്ചു.

∙ മുഹമ്മദ് സലാ (ലിവർപൂൾ): 22 ഗോളുകളുമായി കഴിഞ്ഞ ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ ടോപ് സ്കോറർ. ഈജിപ്തിനെ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനൽ റൗണ്ടിലെത്തിച്ചു. ചാംപ്യൻസ് ലീഗ് ജേതാവ്.

∙ സാദിയോ മാനെ (ലിവർപൂൾ): ലിവർപൂളിന്റെ യുവേഫ ചാംപ്യൻസ് ലീഗ് കിരീടനേട്ടത്തിനു ചുക്കാൻ പിടിച്ച താരം. ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിസ്റ്റുകളായ സെനഗലിന്റെ നായകൻ.

∙ ലയണൽ മെസ്സി (ബാർസിലോന): 36 ഗോളോടെ കഴിഞ്ഞ സീസൺ ലാലിഗയിലെ ടോപ് സ്കോറർ, 51 ഗോളോടെ കഴിഞ്ഞ സീസണിലെ യൂറോപ്യൻ ഗോൾഡൻ ഷൂ ജേതാവ്. ചാംപ്യൻസ് ലീഗിലും ടോപ്പർ.

∙ ഫ്രങ്കി ഡിയോങ് (ബാർസിലോന): പ്രതിഭാസമ്പന്നനായ യുവ മിഡ്ഫീൽഡർ. ഡച്ച് ക്ലബ് അയാക്സ് ആംസ്റ്റർഡാമിനെ കഴിഞ്ഞ സീസണിൽ ഡബിൾ കിരീടനേട്ടത്തിലെത്തിച്ചു. ഇപ്പോൾ ബാർസിലോനയിൽ.

∙ ക്രിസ്റ്റ്യാനോ റൊണാൾഡോ (യുവെന്റസ്): ഇറ്റാലിയൻ സെരി എയിലെ പ്രഥമ സീസണിൽ യുവെന്റസിനായി നേടിയത് 28 ഗോൾ. പോർച്ചുഗലിനായി യുവേഫ നേഷൻസ് ലീഗ് കിരീടം.

∙ മാത്തിസ് ഡി ലിറ്റ് (യുവെന്റസ്): വാൻദെയ്കിനൊപ്പം ഹോളണ്ട് പ്രതിരോധത്തിലെ ഉറച്ച സാന്നിധ്യം. കഴിഞ്ഞ ചാംപ്യൻസ് ലീഗിൽ റയലിനെതിരെ അയാക്സിനെ നയിക്കുമ്പോൾ പ്രായം 19 മാത്രം. ഈ സീസണിൽ യുവെന്റസിൽ.

∙ ഏദൻ ഹസാഡ് (റയൽ മഡ്രിഡ്): ഇടതു വിങ്ങിൽ പറന്നു കളിക്കുന്ന താരം. കഴിഞ്ഞ സീസണിൽ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസിക്കായി നേടിയത് 31 ഗോളുകൾ. സിദാന്റെ രണ്ടാം വരവിൽ റയലിലേക്കു കൂടുമാറി.

∙ ഹാരി കെയ്ൻ (ടോട്ടനം ഹോട്സ്പർ): ക്ലിനിക്കൽ ഫിനിഷർ. കഴിഞ്ഞ സീസണിൽ രണ്ടുതവണ പരുക്കിന്റെ പിടിയിലായതു പ്രകടനത്തെ ബാധിച്ചു. നേടിയത് 17 ഗോൾ മാത്രം..

∙ കിലിയൻ എംബപെ (പിഎസ്ജി): പാരീസിലെ സൂപ്പർ ക്ലബ് പിഎസ്ജിയുടെ ശ്രദ്ധാകേന്ദ്രമാണ് അതിവേഗക്കാരൻ ഫോർവേഡ്. 33 ഗോളോടെ കഴിഞ്ഞ ഫ്രഞ്ച് ലീഗ് സീസണിലെ ടോപ് സ്കോറർ.

ഫിഫ ചുരുക്കപ്പട്ടികയിൽ പേരില്ലാതെ പോയ 2 മികച്ച താരങ്ങൾ ലിവർപൂളിന്റെ ബ്രസീലുകാരൻ ഗോൾകീപ്പർ അലിസൻ ബെക്കറും മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗൽ താരം ബെർണാഡോ സിൽവയും. ഇരുവരും അവസാന 10 പേരുടെ പട്ടികയിൽ ഇല്ലാത്തതിൽ പ്രതിഷേധം ഉയർന്നു കഴിഞ്ഞു. ലിവർപൂളിനു വേണ്ടി യുവേഫ ചാംപ്യൻസ് ലീഗിലും ഇംഗ്ലിഷ് പ്രീമിയർ ലീഗിലും ബ്രസീലിനു വേണ്ടി കോപ്പ അമേരിക്കയിലും മികച്ച പ്രകടനമാണ് അലിസൻ ബെക്കർ നടത്തിയത്. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പവും യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗലിനൊപ്പവും കിരീടം നേടിയിട്ടും ബെർണാഡോ സിൽവയെയും പരിഗണിച്ചില്ല.

പട്ടികയിൽ ഇല്ലാത്ത മറ്റു പ്രമുഖർ:

∙ ലൂക്ക മോഡ്രിച്ച് (റയൽ മഡ്രിഡ്): പതിവു ഫോമിന്റെ നിഴൽ മാത്രമായിരുന്നു മോഡ്രിച്ച് കഴിഞ്ഞ സീസണിൽ. ലാ ലിഗയിൽ റയലിനായി 34 കളിയിൽ നേടിയത് 3 ഗോൾ മാത്രം. വഴിയൊരുക്കിയത് 6 ഗോളുകൾക്ക്.

∙ അന്റോയ്ൻ ഗ്രീസ്മാൻ (ബാർസിലോന): കഴിഞ്ഞ സീസണിൽ ഗോളടിയിലും അസിസ്റ്റ് ഒരുക്കുന്നതിലും മികവു പുലർത്തിയെങ്കിലും അത്‌ല്റ്റിക്കോ മഡ്രിഡിന് ഒരു കിരീടം പോലും നേടാനാകാത്തതു തിരിച്ചടി.

∙  നെയ്മർ (പിഎസ്ജി): കാലിനു പരുക്കേറ്റതിനെത്തുടർന്ന് സീസണിലെ പകുതി മത്സരങ്ങൾ നഷ്ടമായി. ഫ്രഞ്ച് ലീഗിലെ ഗോൾനേട്ടം 17.

Master's Battle

∙ യൂർഗൻ ക്ലോപ്പ് (ലിവർപൂൾ)

∙ പെപ് ഗ്വാർ‌ഡിയോള (മാഞ്ചസ്റ്റർ സിറ്റി)

∙ മൗറീഷ്യോ പൊച്ചെറ്റിനോ (ടോട്ടനം ഹോട്സ്പർ)

∙ എറിക് ടെൻ ഹാഗ് (അയാക്സ് ആംസ്റ്റർഡാം)

∙ മാർസെലോ ഗല്ലാർദോ (റിവർ പ്ലേറ്റ്)

∙ ജാമേൽ ബെൽമാഡി (അൽജീറിയ)

∙ ദിദിയെ ദെഷാം (ഫ്രാൻസ്)

∙ റിക്കാർഡോ ഗാർഷ്യ (പെറു)

∙ ഫെർണാണ്ടോ സാന്റോസ് (പോർച്ചുഗൽ)

∙ ടിറ്റെ (ബ്രസീൽ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com