ADVERTISEMENT

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഈ സീസൺ കിരീടപ്പോരിനു കച്ചമുറുക്കിയ ലിവർപൂളിനും മാഞ്ചസ്റ്റർ സിറ്റിക്കും വൻവിജയങ്ങളോടെ തുടക്കം. സ്ഥാനക്കയറ്റത്തോടെ പ്രീമിയർ ലീഗിലെത്തിയ നോർവിച്ച് സിറ്റിയെ ലിവർപൂൾ 4–1നു തോൽപിച്ചു. എവേ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 5–0ന് വെസ്റ്റ്ഹാം യുണൈറ്റഡിനെ മുക്കി. റഹിം സ്റ്റെർലിങ് (51, 75, 90+1) ഹാട്രിക് നേടിയ കളിയിൽ ഗബ്രിയേൽ ജിസ്യൂസ് (25), സെർജിയോ അഗ്യൂറോ (86 – പെനൽറ്റി) എന്നിവരാണു സിറ്റിയുടെ ഗോളുകൾ നേടിയത്.

യൂറോപ്യൻ ചാംപ്യന്മാരായ ലിവർപൂൾ നോർവിച്ച് ക്യാപ്റ്റൻ ഗ്രാന്റ് ഹാൻലിയുടെ സെൽഫ് ഗോളിലാണു മുന്നിലെത്തിയത്. പിന്നാലെ, മുഹമ്മദ് സലാ (19), വിർജിൽ വാൻ ദെയ്ക് (28), ഡിവോക് ഒറിഗി (42) എന്നിവരും ഗോൾ നേടിയതോടെ ആദ്യപകുതിയിൽ തന്നെ ലിവർപൂൾ 4–0 ലീഡെടുത്തു. രണ്ടാം പകുതിയിൽ ഫിൻലൻഡ് താരം റ്റീമു പുക്കി (64) നോർവിച്ചിനായി ഒരു ഗോൾ മടക്കി.

അലിസനു പരുക്ക്; ലിവർപൂളിന് തിരിച്ചടി

ലണ്ടൻ ∙ നോർവിച്ച് സിറ്റിക്കെതിരെ ഗോൾകിക്ക് എടുക്കുന്നതിനിടെ കാലിന്റെ മസിലിനു പരുക്കേറ്റ് ഗോൾകീപ്പർ അലിസൻ ബെക്കർക്കു കളി നിർത്തേണ്ടിവന്നതു ലിവർപൂളിനു തിരിച്ചടി. സ്പാനിഷ് ഗോളി അഡ്രിയാനാണ് പകരം ഗോൾവല കാത്തത്. രണ്ടാം പകുതിയിൽ ലിവർപൂൾ ഒരു ഗോൾ വഴങ്ങുകയും ചെയ്തു. ബുധനാഴ്ച യുവേഫ സൂപ്പർ കപ്പ് പോരാട്ടത്തിൽ ചെൽസിയെ നേരിടുന്ന കളിയിലും അലിസനുണ്ടാവില്ല.

ബ്രസീൽ താരമായ അലിസന് ആഴ്ചകളോളം വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ചാംപ്യൻസ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ജേതാക്കളും തമ്മിൽ യൂറോപ്യൻ സീസണിന്റെ തുടക്കത്തിൽ നടക്കുന്ന പോരാട്ടമാണ് സൂപ്പർ കപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com