ADVERTISEMENT

മഡ്രിഡ്∙ തിരിച്ചടികളിൽനിന്ന് തിരിച്ചുകയറി പ്രതാപകാലത്തേക്കൊരു മടക്കം സ്വപ്നം കണ്ട സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡിന് പുതിയ സീസൺ തുടങ്ങും മുൻപേ കാലിടറുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽനിന്ന് ഫ്രഞ്ച് താരം പോൾ പോഗ്ബയെ ടീമിലെത്തിക്കാൻ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിക്കാത്ത സാഹചര്യത്തിൽ പരിശീലകൻ സിനദീൻ സിദാൻ ടീം വിട്ടേക്കുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ സീസണിൽ പ്രധാന കിരീടങ്ങളൊന്നും നേടാനാകാതെ പതറിയ റയലിന്, പുതിയ സീസണിലും കാര്യങ്ങൾ അത്ര പന്തിയല്ല എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. പ്രി–സീസൺ ടൂർണമെന്റുകളിലെ മിക്ക മൽസരങ്ങളിലും ദയനീയ തോൽവി വഴങ്ങിയ റയൽ, പുതിയ താരങ്ങളെ ടീമിലെത്തിച്ച് കരകയറാം എന്ന പ്രതീക്ഷയിലായിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ടതിനു പിന്നാലെ അപ്രതീക്ഷിതമായി സ്ഥാനമൊഴിഞ്ഞ സിദാൻ, കഴിഞ്ഞ സീസണിന്റെ ഒടുവിലാണ് ടീമിലേക്കു മടങ്ങിയെത്തിയത്. പുതിയൊരു തുടക്കം ഉന്നമിട്ട് ഈ സീസണിലേക്ക് സിദാൻ കണ്ടുവച്ചവരിൽ പ്രധാനിയായിരുന്നു ഫ്രഞ്ച് താരം പോഗ്ബ. ഇതുമായി ബന്ധപ്പെട്ട് പോഗ്ബയുമായി സംസാരിച്ച് റയലിലെത്തിക്കുമെന്ന് ഉറപ്പുനൽകിയ സിദാൻ, മാനേജ്മെന്റിനോട് താരത്തെ ആവശ്യപ്പെടുകയും ചെയ്തു. പ്രായമേറുന്ന റയൽ മധ്യനിരയ്ക്ക് പോഗ്ബയിലൂടെ ചെറുപ്പം പകരാമെന്നായിരന്നു സിദാന്റെ കണക്കുകൂട്ടൽ. പ്രത്യേകിച്ചും കഴിഞ്ഞ സീസണുകളിൽ റയൽ മധ്യനിരയെ നിയന്ത്രിച്ചിരുന്ന ക്രൊയേഷ്യൻ താരം ലൂക്കാ മോഡ്രിച്ചിന് പോഗ്ബയിൽ പകരക്കാരനെ കണ്ടെത്താനായിരുന്നു സിദാന്റെ ശ്രമം. സ്വന്തം നിലയ്ക്ക് പോഗ്ബയുമായി സംസാരിച്ച് വാക്കുറപ്പിച്ചതും അതുകൊണ്ടുതന്നെ.

എന്നാൽ, ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ ട്രാൻസ്ഫർ ജാലകം അവസാനിച്ചിട്ടും റയൽ മാനേജ്മെന്റിൽനിന്ന് നടപടിയൊന്നുമുണ്ടായില്ല. സൂപ്പർതാരങ്ങളെ ടീമിലെത്തിക്കുന്നതിൽ അഗ്രഗണ്യനായ റയൽ പ്രസിഡന്റ് ഫ്ലോറന്റീന പെരെസ് കരാറിന് വേണ്ടത്ര താൽപര്യം കാട്ടിയില്ല എന്നതാണ് വാസ്തവം. ഫ്രഞ്ച് താരത്തിന്റെ കൂറ്റൻ പ്രതിഫലമാണ് കരാറിനായി ശ്രമിക്കുന്നതിൽനിന്ന് പെരെസിനെ പിന്തിരിപ്പിച്ചത്. അതേസമയം ബൽജിയം താരം ഏഡൻ ഹസാഡ്, സെർബിയൻ താരം ലൂക്കാ ജോവിച്ച്, ഫ്രഞ്ച് താരം ഫെർലാൻഡ് മെൻഡി, ബ്രസീലിയൻ താരം ഏദർ മിലിട്ടാവോ എന്നിവരെ ടീമിലെത്തിക്കുകയും ചെയ്തു. പോൾ പോഗ്ബയെ മുൻനിർത്തി ടീമിനെ രൂപപ്പെടുത്താനിരുന്ന സിദാൻ ഇതുകൊണ്ടൊന്നും തൃപ്തനല്ലെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ടതോടെ മങ്ങലേറ്റ താരപ്രഭ വീണ്ടെടുക്കാൻ ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽനിന്ന് ബ്രസീലിയൻ താരം നെയ്മറെ ടീമിലെത്തിക്കാൻ ക്ലബ് പ്രസിഡന്റ് ഫ്ലോറന്റീന പെരെസിന് പദ്ധതിയുണ്ടെങ്കിലും സിദാൻ വഴങ്ങിയിട്ടില്ല. ഇതോടെ ഇരുവർക്കുമിടയിൽ ഭിന്നത രൂപപ്പെടുകയും ചെയ്തു. വെയിൽസ് താരം ഗാരത് ബെയ്‍ലുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി ഈ ഭിന്നതയ്ക്ക് ആക്കം കൂട്ടി. ബെയ്‍ലുമായി അത്ര സ്വരച്ചേർച്ചയില്ലാത്ത സിദാൻ, താരത്തെ ടീമിൽനിന്ന് ഒഴിവാക്കാൻ ശ്രമിച്ചതാണ്. ബെയ്‍ൽ ചൈനീസ് സൂപ്പർ ലീഗിലേക്ക് പോകാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കുകയും ചെയ്തു. ഇതിനിടെ, പെരെസ് ഇടങ്കോലിട്ടതോടെ നീക്കം പാളി. ബെയ്‍ലിന്റെ ട്രാൻസ്ഫർ സാധ്യത അടയുകയും ചെയ്തു.

English Summary: Zinedine Zidane ‘on brink of resigning’ over Real Madrid’s failure to sign Man Utd star Paul Pogba

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com