ADVERTISEMENT

ഇസ്താംബുൾ ∙ രണ്ടാഴ്ച മുൻപു വരെ വാങ്ങാൻ ആളില്ലാതെ കരയ്ക്കിരുന്ന സ്പാനിഷ് ഗോൾകീപ്പർ അഡ്രിയാനാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ മിന്നും താരം. രണ്ടാം നമ്പർ ഗോൾകീപ്പർ സൈമൺ മിക്‌നോലെട്ട് അടുത്തിടെ മാത്രം ടീം വിട്ടതോടെ പരിശീലകൻ യൂർഗൻ ക്ലോപ്പ് ടീമിലെടുത്ത അഡ്രിയാന്റെ മികവിൽ, ലിവർപൂള്‍ എഫ്‌സി സൂപ്പർ കപ്പ് ചാംപ്യൻമാർ. പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ആവേശപ്പോരാട്ടത്തിൽ അഡ്രിയാൻ രക്ഷപ്പെടുത്തിയ ഒരേയൊരു പെനൽറ്റി കിക്കിന്റെ ചിറകിലേറിയാണ് കരുത്തരായ ചെൽസിയെ വീഴ്ത്തി ചെമ്പട സൂപ്പർ കപ്പിൽ മുത്തമിട്ടത്. ലിവർപൂളിന്റെ നാലാം സൂപ്പർ കപ്പ് വിജയമാണിത്.

മുഴുവൻ സമയത്ത് ഇരു ടീമും ഓരോ ഗോളടിച്ചും അധിക സമയത്ത് രണ്ടു ഗോൾ വീതമടിച്ചും സമനില പാലിച്ചതിനെ തുടർന്നാണ് ജേതാക്കളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ ചെൽസി താരം ടാമ്മി ഏബ്രഹാമിന്റെ ഷോട്ട് രക്ഷപ്പെടുത്തിയാണ് പകരക്കാരൻ ഗോൾകീപ്പർ അഡ്രിയാൻ ലിവർപൂളിനെ തോളേറ്റിയത്. ഒന്നാം നമ്പർ ഗോൾകീപ്പറായ അലിസൻ ബെക്കർ പരുക്കുമൂലം പുറത്തായതിനാലാണ് ഈ മൽസരത്തിൽ അഡ്രിയാൻ ലിവർപൂൾ ഗോൾവല കാത്തത്. ആദ്യമായി യുവേഫയുടെ പുരുഷ മൽസരം നിയന്ത്രിച്ച് ഫ്രഞ്ചുകാരിയായ വനിതാ റഫറി സ്റ്റെഫാനി ഫ്രാപ്പാർട്ടും ഈ മൽസരത്തിലൂടെ ചരിത്രമെഴുതി.

പുതിയ സീസണിൽ ചെൽസി മാനേജരായി ചുമതലയേറ്റ ഫ്രാങ്ക് ലംപാർഡിനു കീഴിൽ നീലപ്പടയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. കഴിഞ്ഞ ദിവസം പ്രീമിയർ ലീഗിലെ ആദ്യ മൽരത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ചെൽസിയുടെ തോൽവി. 

മൽസരത്തിന്റെ ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിലായ ശേഷമാണ് തിരിച്ചടിച്ച് ലിവർപൂൾ കിരീടത്തിലെത്തിയത്. ഫ്രഞ്ച് താരം ഒലിവർ ജിറൂദ് 36–ാം മിനിറ്റിൽ നേടിയ ഗോളിലാണ് ചെൽസി ലീഡു നേടിയത്. രണ്ടാം പകുതി തുടങ്ങി അധികം വൈകാതെ സാദിയോ മാനെയിലൂടെ ലിവർപൂൾ ഗോൾ മടക്കി. 48–ാം മിനിറ്റിലായിരുന്നു മാനെയുടെ സമനില ഗോൾ. പിന്നീട് ഗോളോന്നും പിറക്കാതെ പോയതോടെ മൽസരം എക്സ്ട്രാ ടൈമിലേക്ക്. 95–ാം മിനിറ്റിൽ രണ്ടാം ഗോൾ കണ്ടെത്തിയ സാദിയോ മാനെ ലിവർപൂളിനെ വിജയത്തിലെത്തിച്ചെന്ന് ഉറപ്പിച്ചതാണ്. എന്നാൽ, അധികം വൈകാതെ ലഭിച്ച പെനൽറ്റിയിൽനിന്ന് ജോർജീഞ്ഞോ ചെൽസിയെ ഒപ്പമെത്തിച്ചു. വിജയഗോളിനായി ഇരു ടീമുകളും പൊരുതിനോക്കിയെങ്കിലും ഫലമുണ്ടാകാതെ വന്നതോടെ മൽസരം ഷൂട്ടൗട്ടിലേക്ക്.

ലിവർപൂളിനായി കിക്കെടുത്ത ഫിർമീനോ, ഫാബീ‍ഞ്ഞോ, ഒറിജി, അലക്സാണ്ടർ ആർനോൾഡ്, മുഹമ്മദ് സാലാ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, ചെൽസിക്കായി ജോർജീഞ്ഞോ, ബാർക്‌ലി, മേസൺ മൗണ്ട്, എമേഴ്സൻ എന്നിവർ വലകുലുക്കി. എന്നാൽ, അഞ്ചാം കിക്കെടുത്ത ടാമ്മി ഏബ്രഹാമിന്റെ കിക്ക് ലിവർപൂൾ ഗോൾകീപ്പർ അഡ്രിയാൻ തടുത്തിട്ടതോടെ വിജയം ചെമ്പടയ്ക്ക്. ചാംപ്യൻസ് ലീഗ് കിരീടത്തിനു പിന്നാലെ സൂപ്പർ കപ്പും ആൻഫീൽഡിലേക്ക്.

English Summary: iverpool beat Chelsea to win the cup for the fourth time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com