ADVERTISEMENT

ഗോൾ എണ്ണത്തിൽ മാത്രമല്ല, മനോഹാരിതയിലും ഫിഫയ്ക്കു കണ്ണുണ്ട്! ഈ വർഷത്തെ ഏറ്റവും മികച്ച ഗോളിനുള്ള ഫെറെങ്ക് പുസ്കാസ് പുരസ്കാരത്തിനുള്ള 10 ഗോളുകളുടെ പട്ടിക ഫിഫ പുറത്തുവിട്ടു. ലയണൽ മെസ്സി, സ്ലാട്ടൻ ഇബ്രാഹിമോവിച്ച് എന്നിവരാണു പട്ടികയിലെ പ്രധാന ശ്രദ്ധാക്രേന്ദ്രങ്ങൾ. ഹംഗേറിയൻ ഇതിഹാസ താരം ഫെറെങ്ക് പുസ്കാസിന്റെ പേരിലുള്ള പുരസ്കാരത്തിനു 3 വനിതാ താരങ്ങളും മത്സരത്തിനുണ്ട്.

ആരാധകരിൽനിന്നു സെപ്റ്റംബർ ഒന്നുവരെ ലഭിക്കുന്ന വോട്ടുകളുടെ അടിസ്ഥാനത്തിൽ മുന്നിലെത്തുന്ന മൂന്നു ഗോളുകളുടെ അന്തിമ പട്ടിക ഫിഫ പുറത്തുവിടും. ഇതിൽനിന്ന് വിദഗ്ധ സമിതി ഏറ്റവും മികച്ച ഗോൾ തിരഞ്ഞെടുക്കും. 

1. മത്തേയൂസ് ചുന- റെഡ്ബുൾ– ബയേർ ലെവർക്യൂസൻ (ജർമൻ ബുന്ദസ്‌ലിഗ)

ബോക്സിനു തൊട്ടുമുന്നിൽവ്ച്ചു മറിഞ്ഞുകിട്ടിയ പന്തിൽ ബ്രസീലിയൻ സ്ട്രൈക്കറുടെ ജാലവിദ്യ. വലംകാൽ കൊണ്ടു തട്ടിയ പന്ത് ഇടംകാൽകൊണ്ടു നിയന്ത്രണത്തിലാക്കിയ ചുന വെട്ടിത്തിരിഞ്ഞ് ലെവർക്യൂസൻ ഗോളിയുടെ തലയ്ക്കു മുകളിലൂടെ പന്തു വലയിലേക്കു കോരിയിട്ടു.

2. ഇബ്രാഹിമോവിച്ച്- ലൊസാഞ്ചലസ് ഗ്യാലക്സി– ടൊറോന്റോ (യുഎസ് മേജർ ലീഗ് സോക്കർ) 

മാർഷ്യൽ ആർട്സിൽ നേടിയ പരിശീലനം ഫുട്ബോളിൽ പലകുറി പയറ്റിയിട്ടുള്ള ഇബ്രഹിമോവിച്ചിന്റെ മറ്റൊരു ഹൈബോൾ വണ്ടർ. ബോക്സിനുള്ളിലേക്ക് ഉയർന്നുവന്ന പന്ത് വട്ടംതിരിഞ്ഞ് തകർപ്പൻ വോളി ഷോട്ടിലൂടെ ഇബ്ര ഗോൾ വലയിലേക്കു തിരിച്ചുവിട്ടു. 

3. ലയണൽ മെസ്സി-  ബാർസിലോന– റയൽ ബെറ്റിസ് (സ്പാനിഷ് പ്രീമിയർ ലീഗ്) 

ബോക്സിനു മുന്നിൽ ക്രൊയേഷ്യൻ താരം ഇവാൻ റാകിട്ടിച്ചുമായി മെസ്സിയുടെ വൺ ടു വൺ. റാകിട്ടിച്ചിൽനിന്നു മറിഞ്ഞുകിട്ടിയ പന്തിൽ മെസ്സിയുടെ ഇടംകാൽ ചിപ് ഷോട്ട്. ബെറ്റിസ് ഗോളി പാവു ലോപെസിനു ഒരു പഴുതും നൽകാതെ പന്ത് ക്രോസ്ബാറിൽ ഇടിച്ച് വലയിലേക്ക്. 

4. അജാരാ എൻചൗട്ട്-കാമറൂൺ– ന്യൂസീലൻഡ് (2019 വനിതാ ലോകകപ്പ്) 

മത്സരം അവസാനിക്കാൻ സെക്കൻഡുകൾ ബാക്കിയുള്ളപ്പോൾ, ഇടതുവിങ്ങിൽനിന്നു മറിഞ്ഞുകിട്ടിയ പന്തുമായി എൻചൗട്ടിന്റെ മുന്നേറ്റം. ന്യൂസീലൻഡ് പ്രതിരോധനിര താരത്തെ ഡ്രിബിൾ ചെയ്തു ബോക്സിൽ കടന്ന എൻചൗട്ട് പന്ത് പോസ്റ്റിന്റെ വലതുമൂലയിലേക്കു വളച്ചുവിട്ടു. 2019 വനിതാ ലോകകപ്പിലെതന്നെ ഏറ്റവും മനോഹരമായ ഗോൾ. 

5. ഫാബിയോ ക്വാഗ്ലിയാറെല്ല- സാംപ്ദോറിയ– നാപ്പോളി (ഇറ്റാലിയൻ സെരി എ) 

ചിന്തയും ചടുലതലും ഒരുപോലെ സമ്മേളിച്ച ഗോൾ. ബോക്സിലേക്കെത്തിയ പന്തിനുനേരെ ഉയർന്നു ചാടിയ ക്വാഗ്ലിയാറെല്ല, പന്തു നിലം തൊടുന്നതിനു മുൻപ് വലം കാലിന്റെ പിൻഭാഗം കൊണ്ടു വലയിലേക്കു തട്ടിയിട്ടു. നിസ്സഹായനായി നാപ്പോളി ഗോൾകീപ്പർ ഡേവിഡ് ഓസ്പിന.

6. യുവാൻ ക്വിന്റെറോ- റിവർ പ്ലേറ്റ്– റേസിങ് ക്ലബ് (അർജന്റീന സൂപ്പർ ലീഗ) 

പോസ്റ്റിൽ നിന്ന് ഏറെ മാറി വലതുവിങ്ങിൽ റിവർ പ്ലേറ്റിനു ലഭിച്ച ഫ്രീകിക്ക്. ബോക്സിനുള്ളിൽ അണിനിരന്ന ഉയരക്കാരെ ലക്ഷ്യമാക്കി പന്തു മറിക്കുക എന്ന സ്വാഭാവിക നീക്കത്തിനു പകരം, പോസ്റ്റിലേക്ക് കൊളംബിയൻ മിഡ്ഫീൽഡർ ക്വിന്റെറോയുടെ അളന്നുതൂക്കിയ ഷോട്ട്.

7. ഏമി റോഡ്രിഗസ് -യുത്താ റോയൽസ്– സ്കൈ ബ്ലൂ (അമേരിക്കൻ വനിതാ സോക്കർ ലീഗ്) 

സ്വന്തം പകുതിയിൽനിന്ന് പന്തുമായി യുഎസ് താരം ഏമിയുടെ മുന്നേറ്റം. സ്കൈ ബ്ലൂ മധ്യനിര താരത്ത ഡ്രിബിൾ ചെയ്തു ബോക്സ് ലക്ഷ്യമാക്കി ഏമി കുതിച്ചു. മൂന്നു സ്കൈ ബ്ലൂ ഡിഫൻഡർമാരെ കാഴ്ചക്കാരാക്കി ബോക്സിന് പുറത്തുനിന്ന് ഏമിയുടെ ഇടംകാലൻ ഷോട്ട്, ഗോൾ. 

8. ബില്ലി സിംപ്സൻ - സിയോൺ– ക്ലിഫ്റ്റോൺവില്ലെ (വടക്കൻ അയർലൻഡ് വനിതാ ഫുട്ബോൾ) 

അപ്രതീക്ഷിതവും എന്നാൽ മനോഹരവുമായ ഗോൾ. ക്ലിഫ്റ്റോൺവില്ലെയുടെ പകുതിയിലേക്ക് സിയോൺ ഗോൾ കിക്ക്. പന്തു നിലം തൊടുന്നതിനു മുൻപ് എതിർപോസ്റ്റിലേക്ക് ബില്ലിയുടെ പവർഷോട്ട്. സ്ഥാനം തെറ്റിനിന്ന ഗോളിയുടെ തലയ്ക്കു മുകളിലൂടെ പന്ത് ഗോൾവലയിൽ. 

9. ആന്ദ്രോസ് ടൗൺസെന്റ് - ക്രിസ്റ്റൽ പാലസ്– മാഞ്ചസ്റ്റർ സ്റ്റി (ഇംഗ്ലിഷ് പ്രീമിയർ ലീഗ്) 

ബോക്സിലേക്ക് ഉയർന്നു വന്ന പന്തിൽ മാൻ. സിറ്റി പ്രതിരോധത്തിന്റെ ദുർബല ക്ലിയറൻസ്. പന്തു ചെന്നതു ബോക്സിനു പുറത്തുണ്ടായിരുന്ന ടൗൺസെന്റിനു ഷോട്ടെടുക്കാൻ പാകത്തിന്. ഇടംകാലൻ ലോങ് റേഞ്ചർ സിറ്റി പോസ്റ്റിൽ. 

10. ഡാനിയേൽ സോറി- ഡെബ്റെക്കെൻ‍– ഫെറെൻക്വാറോസ് (ഹംഗേറിയൻ ലീഗ്) 

മത്സരത്തിന്റെ ഇൻജറി ടൈമിൽ ഡെബ്റെക്കെന്റെ മുന്നേറ്റം. ഇടതുവിങ്ങിൽനിന്നു ബോക്സിലേക്കു വന്ന ക്രോസിൽ പത്തൊൻപതുകാരൻ സോറിയുടെ ഇടംകാലൻ സിസ്സർ കട്ട്. സ്ഥാനം തെറ്റി നിന്ന ഫെറെൻക്വാരോസ് ഗോളിയെ മറികടന്ന് പന്ത് വലയിൽ.

വോട്ടെടുപ്പിലൂടെ ആണ് വിജയിയെ കണ്ടെത്തുക. വോട്ടു രേഖപ്പെടുത്താൻ ക്ലിക്ക് ചെയ്യാം. ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാ ആയിരുന്നു കഴിഞ്ഞ തവണത്തെ ജേതാവ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com