ADVERTISEMENT

കൊൽക്കത്ത ∙ നൂറാം വാർഷികത്തിൽ ഇതിലും മികച്ചൊരു ‘സമ്മാനം’ കേരളത്തിന്റെ വകയായി ഈസ്റ്റ് ബംഗാളിനു നൽകാനില്ല! കേരള പൊലീസും എഫ്സി കൊച്ചിനും അടക്കമുള്ള കേരള ടീമുകളുടെ പ്രതാപകാലത്തിന്റെ ഓർമകളുണർത്തി, ഗോകുലം കേരള എഫ്സി, 131 വർഷം പഴക്കമുള്ള ഡ്യുറാൻഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ കടന്നു. പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട പോരാട്ടത്തിലാണ്, 16 തവണ ചാംപ്യൻമാരായിട്ടുള്ള ഈസ്റ്റ് ബംഗാളിനെതിരെ ഗോകുലത്തിന്റെ ഉജ്വല ജയം (3–2). 

തൊണ്ണൂറു മിനിറ്റു വരെ ഈസ്റ്റ് ബംഗാൾ മുന്നിൽ നിന്ന കളിയിൽ ഇൻജറി ടൈമിൽ സമനില ഗോൾ നേടിയാണ് ഗോകുലം കളി ഷൂട്ടൗട്ടിലേക്കു നീട്ടിയത്. ഷൂട്ടൗട്ടിൽ രണ്ടു കിക്കുകൾ സേവ് ചെയ്ത് മുൻ ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ കൂടിയായ മലയാളി താരം സി.കെ ഉബൈദ് കേരളത്തിന്റെ ഹീറോ ആയി. 

എന്നാൽ ബംഗാളുകാരുടെ സങ്കടം രണ്ടാം സെമിയിൽ മലയാളി താരം തന്നെ തീർത്തു. അധികസമയത്തേക്കു നീണ്ട കളിയിൽ റിയൽ കശ്മീരിനെതിരെ 

മോഹൻ ബഗാൻ 3–1നു ജയിച്ചപ്പോൾ രണ്ടു ഗോൾ നേടിയത് മലയാളി താരം വി.പി സുഹൈർ. ബുധനാഴ്ചയാണ് ഗോകുലം–ബഗാൻ ഫൈനൽ. 

∙ ബംഗാൾ VS കേരളം 

ക്ലബ്ബിന്റെ ശതാബ്ദി വർഷത്തെ അവിസ്മരണീയമാക്കാൻ ഒരുങ്ങിയിറങ്ങിയ ഈസ്റ്റ് ബംഗാൾ തന്നെയാണ് കളിയിൽ ആദ്യം മുന്നിലെത്തിയത്. 18–ാം മിനിറ്റിൽ സമദ് അൽ മല്ലികിന്റെ 30 വാര അകലെ നിന്നുള്ള ലോങ് റേഞ്ചർ ഗോകുലം വല കിടുക്കി. തൊണ്ണൂറാം മിനിറ്റു വരെ ഈസ്റ്റ് ബംഗാൾ ആ ഗോളിൽ പിടിച്ചു നിന്നു.

എന്നാൽ ഗോകുലം താരം ഹെൻറി കിസേക്കയെ ബോക്സിൽ ഫൗൾ ചെയ്ത മെഹ്താബ് സിങ്ങിനെ റഫറി ചുവപ്പു കാർഡ് കാണിച്ചതോടെ കളി മാറി. പെനൽറ്റി കിക്ക് മാർക്കസ് ജോസഫ് ലക്ഷ്യത്തിലെത്തിച്ചതോടെ ഗോകുലത്തിനു പുതുജീവൻ. പത്തു പേരുമായി കളിച്ച ഈസ്റ്റ് ബംഗാളിനെ അധികസമയത്ത് മലയാളി ഗോൾകീപ്പർ മിർഷാദ് കാത്തെങ്കിലും ഷൂട്ടൗട്ടിൽ മിന്നിയത് അപ്പുറം കാവൽ നിന്ന ഉബൈദ്. ജയ്മെ സാന്റോസ് കൊളാഡോ, തോണ്ടോംബ നവോറം എന്നിവരുടെ കിക്കുകളാണ് ഉബൈദ് രക്ഷപ്പെടുത്തിയത്. ഈസ്റ്റ് ബംഗാൾ ക്യാപ്റ്റൻ ലാൽറിൻഡിക റാൾട്ടെയുടെ കിക്ക് പോസ്റ്റിലിടിക്കുകയും ചെയ്തു. 

∙ സുൈഹർ...!    

റിയൽ കശ്മീർ–മോഹൻ ബഗാൻ രണ്ടാം സെമിയിൽ ഹീറോയായത് പാലക്കാട് എടത്തനാട്ടുകര സ്വദേശി വി.പി സുഹൈർ. ആദ്യ പകുതിയുടെ അവസാനം സാൽവോ കമോറോയാണ് ബഗാനെ മുന്നിലെത്തിച്ചത്. എന്നാൽ പൊരുതിക്കളിച്ച കശ്മീർ ഇൻജറി ടൈമിൽ ‘ഗോകുലം സ്റ്റൈലിൽ’ ഒപ്പമെത്തി.

അധിക സമയത്തേക്കു നീണ്ട കളിയിൽ കശ്മീരിനു പക്ഷേ ഗോകുലത്തിന്റെ പോരാട്ടം ആവർത്തിക്കാനായില്ല. പകരക്കാരനായി ഇറങ്ങിയ സുഹൈർ ഇരുപകുതികളിലുമായി രണ്ടു ഗോൾ നേടി കളി തീർത്തു, ഗോകുലവുമായി ഫൈനൽ അങ്കം കുറിച്ചു. 

ഗോളുകൾ വന്ന വഴി

ഈസ്റ്റ് ബംഗാൾ ഗോൾ: സെമി പോരാട്ടത്തിന് ചൂടുപകർന്ന് ആദ്യ ഗോളെടുത്തുമ്പോൾ മൽസരത്തിനു പ്രായം 18 മിനിറ്റു മാത്രം. വലതുവിങ്ങിൽ സമദ് മാലിക്കും ബിദ്യാസാഗറും ചേർന്നു നടത്തിയ നീക്കത്തിൽനിന്നാണ് ഗോളിന്റെ പിറവി. ബിദ്യാസാഗർ തൊടുത്തുവിട്ട ഉജ്വലമായ ക്രോസ് ഗോളിനു മുന്നിൽ ഗോകുലം ഗോൾകീപ്പർ ഉബൈദ് തടഞ്ഞിട്ടു. പന്ത് അടിച്ചകറ്റുന്നതിൽ പ്രതിരോധനിരയിലെ ഇർഷാദിനു പിഴച്ചു. പന്തു ലഭിച്ച സമദ് 40 വാര അകലെനിന്നു തൊടുത്ത ബുള്ളറ്റ് ഷോട്ട് നേരെ വലയിൽ. സ്കോർ 1–0.

ഗോകുലം എഫ്‌സി ഗോൾ: ഗോകുലത്തിന്റെ തോൽവി ഉറപ്പാക്കി എക്സ്ട്രാ ടൈമിലേക്ക് കടന്ന മൽസരത്തിന് നാടകീയ വഴിത്തിരിവ്. ആറു മിനിറ്റ് എക്സ്ട്രാ ടൈമിന്റെ പകുതി വഴിയിൽ ഗോകുലത്തിന് അനുകൂലമായി പെനൽറ്റി. ബോക്സിനുള്ളിൽ ഇർഷാദിനെ ഈസ്റ്റ് ബംഗാൾ താരം മെഹ്‌താബ് സിങ് വീഴ്ത്തിയതിനായിരുന്നു പെനൽറ്റി. കിക്കെടുത്ത ക്യാപ്റ്റൻ മാർക്കസ് ജോസഫിന് പിഴച്ചില്ല. ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ മിർഷാദിനെ കബളിപ്പിച്ച് പന്തു നേരെ വലയിൽ. സ്കോർ 1–1.

English Summary: East Bengal Vs Gokulam Kerala FC, Durand Cup semifinal Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com