ADVERTISEMENT

ആട് ഒരു ഭീകരജീവിയല്ല. കൊളോൺ നിവാസികൾക്ക് അവരുടെ അഭിമാന ചിഹ്നമാണ്, ഭാഗ്യമുദ്രയാണ്. സീസണിലെ ആദ്യ ഹോം മൽസരം ബൊറൂസിയ ഡോർട്മുണ്ടിനെതിരെ ശനിയാഴ്ച തുടങ്ങും മുൻപ് 1 കൊളോൺ F.C. യുടെ ജീവിക്കുന്ന ഭാഗ്യ ചിഹ്നപരമ്പരയിലെ ഒൻപതാമത്തെ ആടിന്റെ സ്ഥാനാരോഹണം നടന്നു.

എട്ടാമൻ അനാരോഗ്യംമൂലം സ്ഥാനമൊഴിഞ്ഞപ്പോൾ രണ്ടു വയസ്സുകാരൻ അരലക്ഷം കാണികൾക്കു മുൻപിൽ സ്ഥാനമേറ്റു. പാരമ്പര്യം അനുസരിച്ച് മു‍ൻഗാമികൾ വഹിച്ച ‘ഹെന്നസ്’ എന്ന പേരു തന്നെയാവും അവന്റേത്. കൊളോൺ നിവാസികളുടെ നാവിൽ അവൻ ‘ഹെൻസ്’ ആണ്. ഹെന്നസ് കോമഡി കഥാപാത്രമല്ല, കോമഡിയുടെ ഭാഗവുമല്ല. കൊളോൺ നിവാസികൾക്കു ഫുട്ബോൾ ജീവിതം തന്നെയാണ്. അതിന്റെ ഭാഗമാണ് ഹെന്നസും. അരനൂറ്റാണ്ടിലേറെയായി, തലമുറകളായി ഹെന്നസ് ജീവിക്കുന്നു.

∙ മുട്ടൻ കഥ

1950–ൽ 1 കൊളോൺ എഫ്സി 2–ാം പിറന്നാൾ ആഘോഷിക്കുമ്പോൾ, അന്നാട്ടിലെ സർക്കസ് കമ്പനിയുടമ ഒരു മുട്ടനാടിനെ ഭാഗ്യചിഹ്നമായി സമ്മാനിച്ചു. അന്നത്തെ കോച്ച് ഹെന്നസ് വീസ്വെയ്‍ലറുടെ ഓമനയായി. പിന്നീടവനു പിൻഗാമികളുണ്ടായി. 1978–ൽ കൊളോൺ എഫ്സി രണ്ടു ചാംപ്യൻഷിപ്പുകൾ സ്വന്തമാക്കിയപ്പോൾ ആടിനോടുള്ള ആദരസൂചകമായി ഔദ്യോഗിക ഗാനം തന്നെയുണ്ടായി.

hennes-1

‘ഞങ്ങളുടെ ആട് ചാംപ്യൻ’ എന്നു തുടങ്ങുന്നു അത്. ഹെന്നസ് നാലാമൻ ആയിരുന്നു അന്ന് അധികാരത്തിൽ.പിന്നീട് ലോകകപ്പുകളുടെയും ഒളിംപിക്സുകളുടെയും സാങ്കൽപിക ഭാഗ്യചിഹ്നങ്ങൾ ഹിറ്റായപ്പോഴും ഹെന്നസ് കാണികളുടെ മനസ്സിലും സമൂഹത്തിലും സ്ഥാനം നിലനിർത്തി, സംസ്കാരത്തിന്റെ ഭാഗമായി ഒൻപതാമനാണ് ശനിയാഴ്ച സ്ഥാനമേറ്റത്. കാണികളുടെ വോട്ടെടുപ്പിലൂടെ പ്രാഥമിക തിരഞ്ഞെടുപ്പ്. ക്ലബ്ബിന്റെ ഡയറക്ടർ ബോർ‍ഡ് അന്തിമ തീരുമാനം എടുക്കും.

∙ ചുമതലകൾ

തവിട്ടുനിറമുള്ള കരുത്തനായ ഹെന്നസ് ഹോം മാച്ച് ദിവസങ്ങളി‍ൽ കൊളോൺ സ്റ്റേഡിയത്തിലെത്തും. കാണികളെ രസിപ്പിക്കും. സുരക്ഷാ ഉദ്യോഗസ്ഥരെ തലയ്ക്കിടിച്ചു വിരട്ടും. താമസം കൊളോൺ മൃഗശാലയിലാണ്. കളി ഇല്ലാത്ത ദിവസങ്ങളിൽ ഊഴംവച്ചു സന്ദർശകരെ കാണും. പരസ്യ ചിത്രങ്ങളിൽ അഭിനയിക്കും. പൊതുപരിപാടികൾക്കും പോകും. ഇടയ്ക്കു പ്രദർശന മൽസരങ്ങൾ കളിക്കും. ചില ഘട്ടങ്ങളിൽ എവേ മാച്ചുകൾക്കായി ടീമിനൊപ്പവും പോകും!

English Summary: The Mascot for Cologne F.C. is a Goat Named Hennes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com