ADVERTISEMENT

കൊച്ചി ∙ കേരളത്തെ പരിചയപ്പെട്ടു വരുന്നതേയുള്ളൂ, എൽകോ ഷാട്ടോരിയെന്ന ഡച്ചുകാരൻ; കേരള ബ്ലാസ്റ്റേഴ്സിനെയും. ടീമിനെ ഉടച്ചുവാർത്തു പുതിയ സീസണിലേക്കുള്ള കളിയൊരുക്കം തുടങ്ങിക്കഴിഞ്ഞു, മുഖ്യ പരിശീലകനായ അദ്ദേഹം.

കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ കോച്ചായിരുന്ന ഷാട്ടോരി ഇക്കുറി ബ്ലാസ്റ്റേഴ്സിന് പുതിയ ഊർജം പകരുമെന്നാണു ടീം മാനേജ്മെന്റിന്റെയും ആരാധകരുടെയും പ്രതീക്ഷ. പ്രീ സീസൺ പര്യടനത്തിനായി ടീം 3നു യുഎഇയിലേക്കു തിരിക്കും.

ഇടപ്പള്ളി ഹോട്ടൽ മാരിയറ്റിന്റെ പൂൾ സൈഡിൽ ഷാട്ടോരിയെ കാണുമ്പോൾ അദ്ദേഹം ക്യാംപിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് അവധിദിന മൂഡിലായിരുന്നു. ഷാട്ടോരി ‘മനോരമ’യോട് സംസാരിക്കുന്നു...

നോർത്ത് ഈസ്റ്റ് -ബ്ലാസ്റ്റേഴ്സ് 

മൈ സ്റ്റൈൽ ഓഫ് ഫുട്ബോൾ ഈസ് ദ് സെയിം എവരിവെയർ– അറ്റാക്കിങ് ഫുട്ബോൾ! ഞാൻ എവിടെയൊക്കെ പരിശീലിപ്പിച്ചിട്ടുണ്ടോ, അവിടെയെല്ലാം എന്റെ ടീമുകൾ ആക്രമണ ഫുട്ബോളാണു കളിച്ചത്.

ഇവിടെയും അതാണ് ആഗ്രഹിക്കുന്നത്. അതു കളിക്കാരുടെ മികവിനെക്കൂടി ആശ്രയിച്ചിരിക്കും. പലപ്പോഴും യുവതാരങ്ങൾ ഒന്നോ രണ്ടോ കളികളിൽ നന്നായി കളിക്കും. പിന്നെ, മങ്ങിപ്പോകും. 

യുവതാരങ്ങളുടെ പ്രകടനം

യുവതാരങ്ങളുടെ പ്രകടന സ്ഥിരത ഉറപ്പാക്കുന്നതിൽ കോച്ചിങ് സ്റ്റാഫിനും കളിക്കാർക്കും ഒരുപോലെ പങ്കുണ്ട്. സാങ്കേതിക നിർദേശങ്ങൾ നൽകും, വിഡിയോകൾ കാണിക്കും. പരിചയസമ്പന്നരായ വിദേശ താരങ്ങളുടെ അനുഭവ സമ്പത്തും ഉപയോഗപ്പെടുത്തും.

പ്രത്യേകിച്ചും ബർത്തലോമിയോ ഒഗ്ബെച്ചെയുടെ സേവനം. പലപ്പോഴും കോച്ചിൽ നിന്നു കിട്ടുന്നതിനേക്കാൾ കളിയറിവുകൾ യുവ താരങ്ങൾക്കു സീനിയർ താരങ്ങളിൽ നിന്നു ലഭിക്കും. ഒഗ്ബെച്ചെ യുവതാരങ്ങളോട് ആശയവിനിമയം നടത്താൻ ഏറെ താൽപര്യമുള്ള താരമാണ്. അവർക്കു വഴികാട്ടിയാകാൻ ഇഷ്ടമുള്ളയാൾ.

ഞാൻ പല ടീമുകളിലും പ്രവർത്തിച്ചിട്ടുണ്ട്. മിക്കയിടത്തും അത്തരം കളിക്കാരെ കിട്ടാൻ പ്രയാസമാണ്. കോച്ചിനു വളരെ സഹായകരമാകും അവരുടെ സാന്നിധ്യം.

ഇന്ത്യൻ യുവ താരങ്ങൾ

ക്യാംപ് 4 ദിവസമേ ആയിട്ടുള്ളൂ. അവരെ മനസിലാക്കി വരുന്നതേയുള്ളൂ. സംസാരിക്കുക, നിരീക്ഷിക്കുക, പരിശീലിപ്പിക്കുക. അങ്ങനെയാണു മികവു തിരിച്ചറിയുന്നത്. അവരുടെ സ്വഭാവം മനസിലാക്കുക. ശൈലി പഠിക്കാൻ പഴയ വിഡിയോകൾ കാണുക. പ്രീ–സീസൺ അതിനുള്ള വേദിയാണ്.

വിദേശ സൂപ്പർ താരങ്ങൾ

എന്റെ നാട്ടുകാരൻ സൂയിവെർലോൺ മികച്ച സെന്റർ ബാക്ക് ഡിഫൻഡറാണ്. ഇംഗ്ലിഷ് പ്രീമിയർ‍ ലീഗിൽ ഉൾപ്പെടെ കളിച്ചു പരിചയമുള്ള താരം. മുൻനിരയിൽ ഒഗ്ബെച്ചെ. സ്ട്രൈക്കർ തന്നെ അദ്ദേഹത്തിന്റെ റോൾ. മധ്യനിരയിൽ 2 സ്പാനിഷ് താരങ്ങളുണ്ട്; മാരിയോയും സി‍‍‍ഡോഞ്ചയും.

അവരെ വിലയിരുത്തി വരുന്നതേയുള്ളൂ. ഇരുവരും ചെറുപ്പം. സൂയിവെർലോണും ഒഗ്ബെച്ചെയുമാകും ടീമിനു നെടുന്തൂണാവുക.

ബ്ലാസ്റ്റേഴ്സ് ഫാൻസ് ?

എന്റെ ഫേവറിറ്റ് ക്ലബുകൾ രണ്ടെണ്ണമേയുള്ളൂ; ബാർസിലോനയും അയാക്സും! തോൽവിയിലും ജയത്തിലും ഞാൻ അവർക്കൊപ്പം നിൽക്കും. അതുപോലെ ബ്ലാസ്റ്റേഴ്സിന്റെ ആരാധകരും നിൽക്കണം. നാം ഇഷ്ടപ്പെടുന്ന ടീമിനോട് ഒരുതരം വിശ്വസ്തത വേണം. അതു കുടുംബബന്ധം പോലെയല്ലേ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com