ADVERTISEMENT

ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ, കരുത്തരും ഏഷ്യൻ കപ്പ് ജേതാക്കളുമായ ഖത്തറിനെതിരെ ഇന്ത്യയ്ക്കു വിജയതുല്യമായ സമനില (0–0). ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ ഉജ്വല സേവുകളാണ് ഇന്ത്യയ്ക്കു സമനില നേടിക്കൊടുത്തത്. ഗ്രൂപ്പ് ഇയിൽ ഇന്ത്യയ്ക്ക് ആദ്യ പോയിന്റായി.ദോഹ ∙ ആറടി ആറിഞ്ചു പൊക്കമുള്ള പഞ്ചാബുകാരൻ ഗുർപ്രീത് സിങ് ഒരു മതിൽ ആയിരുന്നു! തിരുവോണത്തലേന്ന്, ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ആതിഥേയരും ഏഷ്യൻ ഫുട്ബോൾ ചാംപ്യന്മാരുമായ ഖത്തറിനെതിരായ മത്സരത്തിൽ അചലഞ്ചലനായി കൈകൾ വിടർത്തി നിന്ന ഗുർപ്രീത് ഇന്ത്യയ്ക്കു സമ്മാനിച്ചതു വിജയത്തോളം തലയെടുപ്പുള്ള ഗോൾരഹിത സമനില.

ഉത്തര കൊറിയയ്ക്കും അഫ്ഗാനിസ്ഥാനുമെതിരെ 6 ഗോളുകൾ അടിച്ചു കയറ്റിയ ഖത്തറിനാണ് ഗുർപ്രീതിന്റെ സേവുകൾക്കുമുന്നിൽ ഒരു ഗോൾ പോലും നേടാൻ കഴിയാതെ തല കുനിച്ചു മടങ്ങേണ്ടി വന്നത്. സമീപകാലത്തെ ഖത്തറിന്റെ മറ്റു ഗോൾ നേട്ടങ്ങൾ ഇങ്ങനെ: യുഎഇയ്ക്ക് എതിരെ 4, ഏഷ്യൻ വമ്പന്മാരായ ജപ്പാനെതിരെ 3... 

ഈ ടീമുകളുടെയത്ര പകിട്ടോ മിടുക്കോ ഇല്ലാത്ത ഇന്ത്യയ്ക്കെതിരെ ഖത്തർ തൊടുത്ത ഷോട്ടുകൾ 27, അതിൽ ഗോൾ ഷോട്ടുകൾ 11. ഖത്തർ ക്യാപ്റ്റൻ ഹസൻ അൽ ഹയ്ദോസ് 6 തവണയാണു ഷോട്ടെടുത്തത്. ഇടതു വിങ്ങിൽ പലയിടത്തുനിന്ന്, കൂടുതലും കോർണർ ഭാഗത്തുനിന്ന്. സുഡാൻ വംശജനായ സ്ട്രൈക്കർ അൽമോയിസ് അലിയുടെ ഏതാനും ഷോട്ടുകൾ ബോക്സിനുള്ളിൽനിന്നായിരുന്നു. ഏഷ്യയിലെ ഏറ്റവും മികച്ച ഫുട്ബോളർ എന്നു വിലയിരുത്തപ്പെടുന്ന അലിയുടെ ക്ലോസ് റേഞ്ചറുകൾക്കും ഗുർപ്രീതിനെ തോൽപിക്കാനായില്ല. 30 വാര പുറത്തുനിന്ന് അബ്ദെൽ കരീമിന്റെ മിസൈൽ ഷോട്ട്. ഇല്ല, അതും ഗോളായില്ല. പോർച്ചുഗലിൽനിന്ന് ഖത്തറിലെത്തിയ റോ റോയുടെ ഇടതു  ഭാഗത്തുനിന്നുള്ള ഷോട്ടിനുമുണ്ടായില്ല ഗോൾ ഭാഗ്യം.

ഇന്ത്യയ്ക്കെതിരെ ഗോൾ നേടാൻ ഖത്തർ താരങ്ങൾ സാധ്യമായ എല്ലാ ആംഗിളുകളും പരീക്ഷിച്ചു. പക്ഷേ, ഇരുപത്തിയേഴുകാരൻ ഗുർപ്രീത് സിങ് അവയ്ക്കെല്ലാം ഇടയിൽ മതിൽപോലെ ഇന്ത്യൻ ഗോൾമുഖത്ത് ഉറച്ചുനിന്നു. ഭൂരിഭാഗം ഷോട്ടുകളും ആ മതിലിൽ തട്ടിത്തെറിച്ചു.  ഗുർപ്രീതിനു തടുക്കാൻ പറ്റാതിരുന്ന ചില ഷോട്ടുകൾ ഗോൾബാറിൽ തട്ടിത്തെറിച്ചു.  മറ്റു ചിലതു ഗോൾ പോസ്റ്റിനരികിലൂടെ ലക്ഷ്യം തെറ്റിപ്പറന്നു!

ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ‘വിജയം’ എന്നാഘോഷിക്കാവുന്ന ഗോൾരഹിത സമനിലയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിച്ച ഗുർപ്രീത് തന്റെ മികവിനെക്കുറിച്ചു മാത്രം ഒന്നും പറഞ്ഞില്ല. 

മത്സരത്തലേന്ന് ഗുർപ്രീതും ഇന്ത്യൻ ടീമംഗങ്ങളും ഖത്തറിന്റെ മുൻ കളികളുടെ വിഡിയോ വിശകലനം ചെയ്തിരുന്നു. ഖത്തർ താരങ്ങൾ ഏതെല്ലാം ആംഗിളുകളിൽനിന്നു ഷോട്ടെടുക്കാൻ സാധ്യതയുണ്ടെന്നു പഠിച്ചു. പിന്നെ സംഭവിച്ചതിനെക്കുറിച്ച് ഗുർപ്രീത് തന്നെ പറഞ്ഞു: ‘‘അതൊരു കടുപ്പമേറിയ കളിയായിരുന്നു. സംഭവിക്കാനിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കി. അതു നേരിടാൻ ഉറച്ചുനിന്നു പൊരുതുക മാത്രമായിരുന്നു പിന്നീടുള്ള ജോലി’’.

പഞ്ചാബിലെ മൊഹാലിയിൽ ജനിച്ച ഗുർപ്രീതിന്റെ വാക്കുകളിൽ പോരാട്ടവീര്യം സുവ്യക്തം. നോർവെയിലെ പ്രഫഷനൽ ക്ലബ് സ്റ്റാബെക്കിൽനിന്നു ബെംഗളൂരു എഫ്സി ക്ലബ് പൊന്നുംവിലയ്ക്കു റാഞ്ചിക്കൊണ്ടുവന്നതാണു ഗുർപ്രീതിനെ. യൂറോപ്പിലെ മുൻനിര ലീഗിലെ ഒരു ക്ലബ്ബിൽ മത്സരക്കളിക്ക് ഇറങ്ങിയ ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോർഡ് ഗുർപ്രീതിനാണ്. യുവേഫ യൂറോപ്പ ലീഗ് മത്സരം കളിച്ച ഏക ഇന്ത്യക്കാരനും ഗുർപ്രീതാണ്. യൂറോപ്പിലെ കളിയും അനുഭവങ്ങളും വലിയ എതിരാളികളെ ചങ്കുറപ്പോടെ നേരിടാൻ ഗുർപ്രീതിനെ പ്രാപ്തനാക്കി. 

ഒപ്പം, കരുത്തുറ്റ പ്രതിരോധവുമായി ടീം ഒന്നടങ്കം കൂട്ടുനിന്നപ്പോൾ, ഖത്തറിന് ഗുർപ്രീത് കാത്ത ഗോൾമുഖം ഭേദിക്കാനായില്ല. സുനിൽ ഛേത്രിയുടെ അഭാവത്തിൽ ഗുർപ്രീതായിരുന്നു ഈ കളിയിൽ ക്യാപ്റ്റനും. 

കഴിഞ്ഞദിവസം, രാജ്യം  കായികരംഗത്തെ മികവിന് ആദരമായി അർജുന പുരസ്കാരം ഗുർപ്രീതിനു സമ്മാനിച്ചിരുന്നു. English Summary: FIFA World Cup 2022 Qualifier, India Vs Qatar, Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com