ADVERTISEMENT

ലൊസാഞ്ചലസ്∙ രാജ്യാന്തര ഫുട്ബോളിൽ തുടർ വിജയങ്ങളുമായി ബ്രസീൽ നടത്തിവന്ന വിജയക്കുതിപ്പിന് വിരാമം. തോൽവിയറിയാതെ 17 മൽസരങ്ങൾ പിന്നിട്ട് രാജ്യാന്തര സൗഹൃദ മൽസരത്തിനിറങ്ങിയ ബ്രസീലിനെ താരതമ്യേന ദുർബലരായ പെറുവാണ് തകർത്തത്. എതിരില്ലാത്ത ഒരു ഗോളിനാണ് പെറുവിന്റെ ജയം. 85–ാം മിനിറ്റിൽ ലൂയിസ് അബ്രാമാണ് പെറുവിനായി വിജയഗോൾ നേടിയത്. ഇതോടെ, ഇക്കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനോടേറ്റ 3–1 തോൽവിക്ക് പകരം വീട്ടാനും പെറുവിനായി.

മറ്റൊരു മൽസരത്തിൽ കരുത്തരായ മെക്സിക്കോയെ അർജന്റീന എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തു. ഇന്റർ മിലാൻ താരം ലൗട്ടാരോ മാർട്ടിനസ്സിന്റെ ഹാട്രിക് മികവിലാണ് അർജന്റീനയുടെ ജയം. വെറും 22 മിനിറ്റിനുള്ളിലാണ് മാർട്ടിനസ് ഹാട്രിക് പൂർത്തിയാക്കിയത്. അർജന്റീനയുടെ ശേഷിച്ച ഗോൾ പിഎസ്ജി താരം ലിയാൻഡ്രോ പരേഡസ് നേടി. 17, 22, 39 മിനിറ്റുകളിലായിരുന്നു മാർട്ടിനസിന്റെ ഹാട്രിക് ഗോളുകൾ. 33–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്നാണ് പരേഡസ് ഗോൾ നേടിയത്.

സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, സെർജിയോ അഗ്യൂരോ, എയ്ഞ്ചൽ ഡി മരിയ തുടങ്ങിയവരില്ലാതെയാണ് അർജന്റീന തകർപ്പൻ വിജയം നേടിയതെങ്കിൽ നെയ്മർ, ഫിലിപ്പെ കുടീഞ്ഞോ, വിനീഷ്യസ് ജൂനിയർ, ലൂക്കാസ് തുടങ്ങിയ വമ്പൻമാരെ കളത്തിലിറക്കിയ മൽസരത്തിലാണ് ബ്രസീൽ തോൽവി രുചിച്ചത്. ലോകകപ്പ് ക്വാർട്ടറിൽ ബൽജിയത്തോടു തോറ്റശേഷം രാജ്യാന്തര ഫുട്ബോളിൽ ബ്രസീൽ തോൽക്കുന്നത് ഇതാദ്യം.

ഒടുവിൽ കളിച്ച കൊളംബിയയ്‌ക്കെതിരായ മൽസരത്തിൽ 2–2 സമനില വഴങ്ങിയ ടീമിൽ നാലു മാറ്റങ്ങളാണ് പരിശീലകൻ ടിറ്റെ വരുത്തിയത്. നെയ്മർ, ഡാനി ആൽവസ്, തിയാഗോ സിൽവ, ആർതർ എന്നിവർ ബെഞ്ചിലിരുന്നപ്പോൾ ഡേവിഡ് നെറസ്, ഏദർ മിലിട്ടാവോ, അലൻ എന്നിവർ ആദ്യ ഇലവനിൽ ഇടംപിടിച്ചു. പരുക്കുമൂലം പുറത്തായ മുഖ്യ ഗോൾകീപ്പർ അലിസൻ ബക്കറിനു പകരം എഡേഴ്സനാണ് ബ്രസീലിന്റെ ഗോൾവല കാത്തത്.

English Summary: Peru ended Brazil's 17-match unbeaten run with a 1-0 friendly win in Los Angeles.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com