ADVERTISEMENT

മിലാൻ (ഇറ്റലി) ∙ പ്രവചനങ്ങൾ പാളി; പോയ വർഷത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള യുവേഫ പുരസ്കാരം നേടിയ ലിവർപൂളിന്റെ ഹോളണ്ട് താരം വിർജിൽ വാൻ ദെയ്ക് ഫിഫയുടെയും ലോക താരമാകുമെന്ന പ്രതീക്ഷകളെ തകിടംമറിച്ച് ലയണൽ മെസ്സിക്ക് ലോക അംഗീകാരം. ബാർസിലോനയുടെ അർജന്റീനിയൻ സ്ട്രൈക്കറായ മെസ്സി ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫയുടെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കി. യുവേഫ പുരസ്കാരത്തിൽ സംഭവിച്ചതുപോലെ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും കടത്തിവെട്ടി വാൻ ദെയ്ക് ഫിഫയുടെ ലോക ഫുട്ബോളറാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും പ്രഖ്യാപനം മറിച്ചായി. മുൻപ് 5 തവണ ഫിഫ ബലോൻ ദ്യോർ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ള മെസ്സി 2009ൽ ഫിഫയുടെ പ്ലെയർ ഓഫ് ദി ഇയറുമായിട്ടുണ്ട്. യുഎസ് താരം മേഗൻ റപ്പിനോ മികച്ച വനിതാതാരമായി.

മറ്റു പുരസ്കാരങ്ങൾ

∙ മികച്ച ഗോളി – ലിവർപൂളിന്റെ ബ്രസീലിയൻ ഗോൾകീപ്പർ അലിസൻ ബെക്കർ.

∙ മികച്ച പുരുഷ ടീം പരിശീലകൻ – ലിവർപൂളിനെ ചാംപ്യൻസ് ലീഗ് ജേതാക്കളായ യൂർഗൻ ക്ലോപ്പ്.

∙ മികച്ച വനിതാ ടീം കോച്ച് – വനിതാ ലോകകപ്പ് നേടിയ യുഎസ് ടീമിന്റെ പരിശീലക ജിൽ എല്ലിസ്.

∙ ഏറ്റവും മികച്ച ഗോളിനുള്ള പുസ്കാസ് അവാർഡ് – ഹംഗേറിയൻ ഫുട്ബോളർ ഡാനിയൽ സോറി. ഡെബ്രസെൻ എഫ്സിക്കായി നേടിയ ഗോളാണു ഡാനിയലിനെ പുരസ്കാരത്തിന് അർഹനാക്കിയത്.

∙ മികച്ച വനിതാ ഗോ‍ൾകീപ്പർ – സാറി വാൻ വീനെൻന്താൽ. വനിതാ ലോകകപ്പിൽ 2–ാം സ്ഥാനക്കാരായ നെതർലൻഡ്സ് ടീമിന്റെ ഗോളി. ലോകകപ്പിൽ ഗോൾഡൻ ഗ്ലവ് പുരസ്കാരവും സ്വന്തമാക്കി.

∙ ഫെയർപ്ലേ – ലീഡ്സ് യുണൈറ്റഡിനും പരിശീലകൻ മാർസെലോ ബിയെൽസയ്ക്കും. ആസ്റ്റൺവില്ലയുടെ താരം പരുക്കേറ്റു വീണുകിടന്നപ്പോൾ ലീഡ്സ് നേടിയ ഗോളിനു പകരമായി ഒരു ഗോൾ വഴങ്ങാൻ തന്റെ ടീമിനോട് ആവശ്യപ്പെട്ടതിനാണു പുരസ്കാരം.

English Summary:Best FIFA Football Awards 2019 Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com