ADVERTISEMENT

മിലാൻ∙ ഫിഫ പുരസ്കാരദാന ചടങ്ങ് ഒഴിവാക്കി ‘പുസ്തകം വായിച്ച’ യുവെന്റസിന്റെ പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നടപടിയിൽ രാജ്യാന്തര ഫുട്ബോൾ ഫെഡറേഷന് (ഫിഫ) കടുത്ത അതൃപ്തി. പുരസ്കാരദാന ചടങ്ങ് ഒഴിവാക്കിയ റൊണാൾഡോയോടുള്ള അതൃപ്തി പരസ്യമാക്കി ലോക ഇലവനിലെ താരങ്ങളെ പ്രഖ്യാപിച്ചപ്പോൾ, അദ്ദേഹത്തിന്റെ പേര് ഫിഫ അധികൃതർ മനഃപൂർവം വിട്ടുകളയുകയും ചെയ്തു. ലോക ഇലവനിലേക്കു തിരഞ്ഞെടുക്കപ്പെട്ടെങ്കിലും വേദിയിൽ പേരു വായിച്ച അവസരത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേര് അവതാരക വിട്ടുകളഞ്ഞത്.

ഫിഫ ദ് ബെസ്റ്റ് പുരസ്കാരം നേടിയ ലയണൽ മെസ്സി ഉൾപ്പെടെ ഫിഫ ലോക ഇലവനിലെ മറ്റ് 10 അംഗങ്ങളും പുരസ്കാര ദാന ചടങ്ങിന് എത്തിയിരുന്നു. ഇവരുടെ പേരുകളെല്ലാം കനത്ത കരഘോഷത്തിനിടെ വേദിയിൽ വായിക്കുകയും ചെയ്തു. മിലാനിലെ പ്രശസ്തമായ ലാ സ്കാല ഓപ്പറ ഹാളിൽ കഴിഞ്ഞ ദിവസമാണ് ഫിഫ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഇറ്റാലിയൻ ലീഗിൽ യുവെന്റസിന്റെ താരമായ റൊണാൾഡോ, പുരസ്കാരദാനത്തിന് വേദിയായ മിലാനിൽനിന്ന് 150 കിലോമീറ്റർ മാത്രം അകലെയാണ് ഇപ്പോൾ താമസിക്കുന്നത്.

മികച്ച പുരുഷ താരത്തെ കണ്ടെത്താനുള്ള ചുരുക്കപ്പട്ടികയിൽ ലയണൽ മെസ്സി, ലിവർപൂൾ പ്രതിരോധത്തിലെ കരുത്തൻ വിർജിൽ വാൻദെയ്ക് എന്നിവർക്കൊപ്പം ക്രിസ്റ്റ്യാനോയും ഇടംപിടിച്ചിരുന്നു. എന്നാൽ, പുരസ്കാര സാധ്യതയില്ലെന്ന് തിരിച്ചറിഞ്ഞ താരം ചടങ്ങിൽനിന്ന് പിൻമാറുകയായിരുന്നുവെന്ന് കരുതുന്നു. പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മെസ്സി ഒന്നാമതെത്തി. വാൻദെയ്ക് രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ക്രിസ്റ്റ്യാനോ മൂന്നാമതായി. ചടങ്ങിൽ പങ്കെടുക്കാത്തതിനു പുറമെ പുസ്തകം വായിച്ചിരിക്കുന്ന ഫോട്ടോ ക്രിസ്റ്റ്യാനോ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു. ഫോട്ടോയ്‌ക്കൊപ്പം തത്വചിന്താപരമായ വാക്കുകളുമുണ്ട്:

‘പ്രഫഷനലിനെ അമച്വറിൽ നിന്ന് വേർതിരിക്കുന്ന രണ്ട് സവിശേഷതകളാണ് ക്ഷമയും സ്ഥിരോത്സാഹവും. ഇന്ന് വലുതായിട്ടുള്ളതെല്ലാം ചെറിയ നിലയിൽ ആരംഭിച്ചവയാണ്. നിങ്ങൾക്ക് എല്ലാം ചെയ്യാൻ കഴിയില്ല, പക്ഷേ നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നിങ്ങൾക്ക് കഴിയുന്നതെല്ലാം ചെയ്യുക. രാത്രി കഴിഞ്ഞാൽ എപ്പോഴും പ്രഭാതം വരുന്നുവെന്ന കാര്യം ഓർമിക്കുക’.

അതേസമയം, ഇത്തവണ പുരസ്കാരം നേടിയതോടെ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ലോക ഫുട്ബോളർ പുരസ്കാരം നേടുന്ന താരമായി മെസ്സി മാറിയിരുന്നു. അഞ്ചുവീതം തവണ ജേതാക്കളായ മെസ്സിയും റൊണാൾഡോയും ഇതുവരെ റെക്കോർഡ് പങ്കിടുകയായിരുന്നു. ഇതിനിടെയാണ് ഇക്കുറി പുരസ്കാരം നേടി മെസ്സി മുന്നിലെത്തിയത്.

അതേസമയം, മികച്ച താരത്തെ കണ്ടെത്താനുള്ള വോട്ടിങ്ങിൽ മെസ്സി തന്റെ രണ്ടാം വോട്ട് റൊണാൾഡോയ്ക്ക് നൽകിയത് വാർത്തയായിരുന്നു. സാദിയോ മാനെ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഫ്രാങ്കി ഡി യോങ് എന്നീ ക്രമത്തിലാണ് മെസ്സി വോട്ടു രേഖപ്പെടുത്തിയത്. ചുരുക്കപ്പട്ടികയിലെ മൂന്നാമനായ വാൻദെയ്ക് ആകട്ടെ ലയണൽ മെസ്സി, മുഹമ്മദ് സലാ, സാദിയോ മാനെ എന്ന ക്രമത്തിലാണ് വോട്ടു രേഖപ്പെടുത്തിയത്. അതേസമയം, റൊണാൾഡോ ചുരുക്കപ്പട്ടികയിൽ തനിക്കൊപ്പമുണ്ടായിരുന്ന രണ്ടു പേർക്കും വോട്ടു ചെയ്തില്ല. മാത്തിസ് ഡി ലിറ്റ്, ഫ്രാങ്കി ഡി യോങ്, കിലിയൻ എംബപെ എന്നിവർക്കായിരുന്നു പോർച്ചുഗീസ് സൂപ്പർതാരത്തിന്റെ വോട്ട്.

English Summary: Fifa so furious at Cristiano Ronaldo’s The Best Awards snub they refused to read his name out in World XI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com