ADVERTISEMENT

മിലാൻ ∙ ലാ സ്കാല ഓപ്പറ ഹാളിൽ ഫിഫയുടെ കഴിഞ്ഞ സീസണിലെ മികച്ച പുരുഷ ഫുട്ബോളറായി ലയണൽ മെസ്സിയെ പ്രഖ്യാപിക്കുമ്പോൾ ഒരു വാക്ക് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ കൂട്ടിച്ചേർത്തു– ‘ഒഫീഷ്യലി..’. തികച്ചും ഔദ്യോഗികമായിട്ടാണ് ഈ പുരസ്കാരം എന്നു ഊന്നിപ്പറഞ്ഞപ്പോൾ പുരസ്കാര നിർണയത്തെച്ചൊല്ലി വരാനിടയുള്ള ചർച്ചകളെ ഇൻഫന്റിനോ മുൻകൂട്ടി കണ്ടിരുന്നോ..? മെസ്സിയെയും റൊണാൾഡോയെയും പിന്തള്ളി മികച്ച യൂറോപ്യൻ താരത്തിനുള്ള യുവേഫ പുരസ്കാരം നേടിയ ലിവർപൂളിന്റെ ഡച്ച് താരം വിർജിൽ വാൻ ദെയ്കിനായിരിക്കും പുരസ്കാരം എന്നായിരുന്നു പ്രവചനങ്ങളേറെ.

എന്നാൽ, അസാധ്യമായൊരു ആ‌ംഗിളിൽ നിന്നുള്ള ഗോൾ പോലെ മെസ്സി വീണ്ടും പുരസ്കാരത്തിലേക്കു പന്തടിച്ചു. മെസ്സിയുടെ ആറാം ലോക ഫുട്ബോളർ പുരസ്കാരമാണിത്. ഇത്രയധികം തവണ നേട്ടം കൈവരിക്കുന്ന ആദ്യതാരവും മെസ്സിയാണ്. മികച്ച വനിതാ താരമായി അമേരിക്കയെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ച മേഗൻ റപീനോ തിരഞ്ഞെടുക്കപ്പെട്ടു. ലിവർപൂളിന്റെ ബ്രസീലിയൻ താരം അലിസൻ ബെക്കറാണ് മികച്ച പുരുഷ ഗോൾകീപ്പർ.

ഹോളണ്ടിന്റെ സാറി വാൻ വീനെൻന്താൽ മികച്ച വനിതാ ഗോൾകീപ്പറായി. മികച്ച പുരുഷ ടീം പരിശീലകൻ ലിവർപൂളിനെ ചാംപ്യൻസ് ലീഗ് ജേതാക്കളായ യൂർഗൻ ക്ലോപ്പ് തന്നെ. മികച്ച വനിതാ ടീം കോച്ച് ലോകകപ്പ് നേടിയ യുഎസ് ടീമിന്റെ പരിശീലക ജിൽ എല്ലിസ്. മികച്ച ഗോളിനായി ഹംഗേറിയൻ ഇതിഹാസ താരം പുസ്കാസിന്റെ പേരിലുള്ള അവാർഡ് ഹംഗറിയിലേക്കു തന്നെയെത്തി. ഹംഗേറിയൻ ലീഗിൽ ഡെബ്രസെൻ എഫ്സിയുടെ താരമായ ഡാനിയൽ സോറിക്കാണു പുരസ്കാരം.

ഫെയർപ്ലേ അവാർഡ് ഇംഗ്ലിഷ് ക്ലബ് ലീഡ്സ് യുണൈറ്റഡിനും പരിശീലകൻ മാർസെലോ ബിയേൽസയ്ക്കുമാണ്. ആസ്റ്റൺവില്ലയുടെ താരം പരുക്കേറ്റു വീണുകിടന്നപ്പോൾ ലീഡ്സ് നേടിയ ഗോളിനു പകരമായി ഒരു ഗോൾ വഴങ്ങാൻ തന്റെ ടീമിനോട് ആവശ്യപ്പെട്ടതിനാണു പുരസ്കാരം. ബെസ്റ്റ് ഫാൻ അവാർഡ് ബ്രസീലുകാരി സിൽവിയ ഗ്രെക്കോ നേടി.

∙ എന്തു കൊണ്ട് മെസ്സി?

കഴിഞ്ഞ സീസണിൽ സ്പാനിഷ് ക്ലബ് ബാർസിലോനയ്ക്കൊപ്പം ലാ ലിഗ കിരീടം മാത്രമേ നേടിയുള്ളുവെങ്കിലും വ്യക്തിഗത കളിക്കണക്കുകളാണ് മെസ്സിയെ തുണച്ചത്. സീസണിൽ 52 ഗോളുകൾ നേടിയ മെസ്സി 23 ഗോളുകൾക്കു വഴിയൊരുക്കി. ലാ ലിഗയിലും ചാംപ്യൻസ് ലീഗിലും ടോപ് സ്കോററായി. യൂറോപ്പിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ഷൂ പുരസ്കാരവും നേടി.

∙ വാൻദെയ്കിന്റെ വോട്ട് മെസ്സിക്ക്

ഫിഫയിൽ അംഗങ്ങളായ ദേശീയ ടീമുകളുടെ പരിശീലകരും ക്യാപ്റ്റൻമാരും ഓരോ രാജ്യത്തു നിന്നുമുള്ള മാധ്യമപ്രതിനിധികളുമാണ് ഫിഫ ദ് ബെസ്റ്റ് പുരസ്കാരത്തിനു 3 വോട്ടുകൾ ചെയ്യുന്നത്. ആരാധകരുടെ വെബ്സൈറ്റ് വോട്ടിങ്ങും പരിഗണിക്കും. പരിശീലകരുടെയും ക്യാപ്റ്റൻമാരുടെയും ആരാധകരുടെയും വോട്ടിൽ മെസ്സി മുന്നിലെത്തി. മാധ്യമപ്രതിനിധികളുടെ വോട്ടിങ്ങിൽ വാൻ ദെയ്ക് ആണു മുന്നിൽ. ആകെ 46 ശതമാനം വോട്ട് മെസ്സി നേടിയപ്പോൾ വാൻ ദെയ്ക് 38 ശതമാനവും റൊണാൾഡോ 36 ശതമാനവും വോട്ടുകൾ നേടി.

തന്റെ മൂന്നു വോട്ടുകൾ വാൻ ദെയ്ക് ക്രമത്തിലായി നൽകിയത് മെസ്സി, മുഹമ്മദ് സലാ, സാദിയോ മാനെ എന്നിവർക്ക്. മെസ്സി തന്റെ വോട്ടുകൾ സാദിയോ മാനെ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഫ്രാങ്കി ഡി യോങ് എന്നിവർക്കു നൽകി. എന്നാൽ റൊണാൾഡോ, മെസ്സിക്കും വാൻ ദെയ്കിനും വോട്ട് ചെയ്തില്ല. മാത്തിസ് ഡി ലിറ്റ്, ഫ്രാങ്കി ഡി യോങ്, കിലിയൻ എംബപെ എന്നിങ്ങനെയായിരുന്നു റൊണാൾഡോയുടെ വോട്ട്.

വാൻ ദെയ്ക്, മെസ്സി, മുഹമ്മദ് സലാ എന്നിങ്ങനെയാണ് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി വോട്ടു ചെയ്തത്. ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് റൊണാൾഡോ, വാൻ ദെയ്ക്, ഹസാഡ് എന്നിവർക്കു വോട്ട് നൽകി.

English Summary: Lionel Messi votes for Ronaldo at Best FIFA Player awards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com