ADVERTISEMENT

ഡോർട്മുണ്ട്∙ ആവേശം വാനോളമുയർന്ന സൗഹൃദ പോരാട്ടത്തിൽ യൂറോപ്യൻ കരുത്തരായ ജർമനിയെ സമനിലയിൽ തളച്ച് അർജന്റീന. ആദ്യപകുതിയിൽ രണ്ടു ഗോളിനു പിന്നിലായിപ്പോയ അർജന്റീന, രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്നാണ് സമനില പിടിച്ചുവാങ്ങിയത്. സൂപ്പർതാരം ലയണൽ മെസ്സി ഉൾപ്പെടെയുള്ളവർ പുറത്തിരുന്ന മത്സരത്തിലാണ് അർജന്റീന വിജയതുല്യമായ സമനില സ്വന്തമാക്കിയത്. സെർജി ഗ്‌നാബ്രി (15), കയ് ഹാവെർട്സ് (22) എന്നിവരിലൂടെയാണ് ജർമനി ആദ്യപകുതിയിൽ ലീഡ് നേടിയത്. എന്നാൽ, രണ്ടാം പകുതിയിൽ പകരക്കാരൻ താരം ലൂക്കാസ് അലാരിയോ (66), പുതുമുഖ താരം ലൂക്കാസ് ഒകാംപസ് (85) എന്നിവരാണ് അർജന്റീനയുടെ രക്ഷകരായത്.

മത്സരത്തിനു മുൻപേയുള്ള വിലയിരുത്തലുകൾ ശരിവച്ച് സ്വന്തം തട്ടകത്തിൽ ജർമനി നിറഞ്ഞുനിൽക്കുന്ന കാഴ്ചയായിരുന്നു ആദ്യപകുതിയിൽ. അർജന്റീന താരങ്ങൾ കാഴ്ചക്കാരുടെ റോളിലേക്ക് ഒതുങ്ങിപ്പോയപ്പോൾ, ആതിഥേയർ അവസരം മുതലെടുത്തു. ഇതിനിടെ 15–ാം മിനിറ്റിൽത്തന്നെ അവർ ലീഡും നേടി. ദേശീയ ടീം ജഴ്സിയിൽ കഴിഞ്ഞ 11 മൽസരങ്ങൾക്കിടെ 10–ാം ഗോൾ കുറിച്ച സെർജി ഗ്‌നാബ്രിയാണ് ആതിഥേയരെ മുന്നിലെത്തിച്ചത്. അധികം വൈകാതെ കയ് ഹാവെർട്‌സ് അവരുടെ ലീഡ് വർധിപ്പിച്ചു.

എന്നാൽ, ആദ്യപകുതിയിൽ കളത്തിൽ കണ്ട അർജന്റീനയേ ആയിരുന്നില്ല രണ്ടാം പകുതിയിൽ കളത്തിൽ. അർജന്റീന പരിശീലകൻ ലയണൽ സ്കലോനി വരുത്തിയ മാറ്റങ്ങളും നിർണായകമായി. രണ്ടാം പകുതിയിൽ പകരക്കാരായെത്തിയ രണ്ടു പേരാണ് ഗോളുകളുമായി അർജന്റീനയുടെ രക്ഷകരായത്. പൗളോ ഡൈബാലയ്ക്കു പകരം കളത്തിലെത്തിയ അലാരിയോയുടേതായിരുന്നു ആദ്യ ഊഴം. മാർക്കോസ് അക്യൂനയിൽനിന്ന് ലഭിച്ച ഉജ്വലമായൊരു പാസിന് ശിരസ്സുകൊണ്ട് ഗോളിലേക്കു വഴികാട്ടിയ അലാരിയോ കടം ഒന്നു കുറച്ചു (സ്കോർ 1–2).

മത്സരം ജർമനി ജയിക്കുമെന്ന ഘട്ടത്തിൽ വീണ്ടും രക്ഷകനായത് ആദ്യ ഗോൾ നേടിയ അലാരിയോ തന്നെ. ഇക്കുറി പന്തുമായി ജർമൻ പ്രതിരോധം കീറിമുറിച്ചെത്തിയ അലാരിയോയുടെ തകർപ്പൻ പാസ് ഒകാംപസിലേക്ക്. പന്തു പിടിച്ചെടുത്ത് ഒകാംപസ് തൊടുത്ത ഷോട്ട് ജർമൻ താരം എംറെ കാനിന്റെ ദേഹത്തുതട്ടി പോസ്റ്റിൽ കയറി. സ്കോർ 2–2.

English Summary: Argentina came back from two goals down to draw 2-2 with Germany in a friendly in Dortmund.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com