ADVERTISEMENT

കൊച്ചി∙ കഴിഞ്ഞ സീസണിലെ തിരിച്ചടികൾ മറന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് സീസണ്‍ തുടങ്ങും മുൻപേ തിരിച്ചടി. ആദ്യ സീസൺ മുതൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ കുന്തമുനയായ സന്ദേശ് ജിങ്കാൻ പരുക്കേറ്റ് പുറത്ത്. കാൽമുട്ടിനേറ്റ പരുക്കാണ് താരത്തിന് വിനയായത്. ലോകകപ്പ് യോഗ്യതാ റൗണ്ട് കളിക്കുന്ന ഇന്ത്യൻ ടീമിനൊപ്പമുള്ള ജിങ്കാന്, കഴിഞ്ഞ ദിവസം നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നടന്ന പരിശീലന മത്സരത്തിനിടെയാണ് പരുക്കേറ്റത്. ഇതോടെ ബംഗ്ലദേശിനെതിരായ ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ജിങ്കാൻ ഉണ്ടാകില്ലെന്ന് ഉറപ്പായി. ഒക്ടോബർ 15ന് കൊൽക്കത്തയിലാണ് ഇന്ത്യ–ബംഗ്ലദേശ് ലോകകപ്പ് യോഗ്യതാ മത്സരം.

പരുക്ക് ഗുരുതരമാണെങ്കിൽ ഈ സീസൺ മുഴുവൻ ജിങ്കാന് നഷ്ടമാകാനാണ് സാധ്യത. പരുക്ക് ഗുരുതരമല്ലെങ്കിലും സീസണിലെ ആദ്യ മൽസരങ്ങളിൽ ജിങ്കാൻ പുറത്തിരിക്കേണ്ടിവരും. ഇരുപത്താറുകാരനായ ജിങ്കാൻ ഇന്ത്യൻ ദേശീയ ടീമിന്റെയും കേരളാ ബ്ലാസ്റ്റേഴ്സിന്റെയും പ്രതിരോധത്തിലെ ഒന്നാമനായാണ് അറിയപ്പെടുന്നത്. ഖത്തറിനെതിരായ ലോകകപ്പ യോഗ്യതാ മത്സരത്തിൽ ഇന്ത്യ സമനില നേടുമ്പോഴും നിർണായകമായത് ജിങ്കാന്റെ നേതൃത്വത്തിലുള്ള പ്രതിരോധനിര പുറത്തെടുത്ത പ്രകടനമാണ്.

ഐഎസ്എല്ലിൽ കഴിഞ്ഞ സീസണിൽ തുടർ തോൽവികൾ മൂലം കനത്ത വിമർശനം നേരിട്ട ബ്ലാസ്റ്റേഴ്സ്, ഈ സീസണിൽ ടീമാകെ പുതുക്കിപ്പണിതാണ് രംഗത്തിറങ്ങുന്നത്. പുതിയ പരിശീലകൻ എൽകോ ഷട്ടോരിക്കു കീഴിൽ ഒരുപിടി വിദേശ താരങ്ങളെയും രംഗത്തിറക്കിയാണ് ബ്ലാസ്റ്റേഴ്സിന്റെ വരവ്. ആദ്യ ഐഎസ്എൽ കിരീടം ലക്ഷ്യമിട്ടുള്ള തയാറെടുപ്പുകൾക്ക് കനത്ത തിരിച്ചടിയാണ് ജിങ്കാന്റെ പരുക്ക്.

English Summary: Kerala Blasters' Sandesh Jhingan likely to miss the season due to injury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com