ADVERTISEMENT

ഇസ്താംബുൾ∙ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡ് വീണ്ടും വിജയവഴിയിൽ. തുർക്കിയിൽനിന്നുള്ള ഗലട്ടസറെയെ വീഴ്ത്തിയാണ് റയൽ ‘ജീവൻ’ കാത്തത്. എതിരില്ലാത്ത ഒരു ഗോളിനാണ് റയലിന്റെ വിജയം. ടോണി ക്രൂസാണ് (18) വിജയഗോൾ നേടിയത്. ഇതോടെ, റയലിനൊപ്പം പരിശീലക വേഷത്തിൽ സിനദീൻ സിദാൻ തുടരുമെന്നും ഉറപ്പായി. ഗലട്ടസറെയോടു തോറ്റാൽ സിദാനെ പരിശീലക സ്ഥാനത്തു നിന്ന് നീക്കിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

മറ്റു മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി അറ്റ്‌ലാന്റയെയും (5–1), ടോട്ടനം ഹോട്സ്പർ റെഡ് സ്റ്റാർ ബെൽഗ്രേഡിനെയും (5–0), യുവെന്റസ് ലോക്കോമോട്ടീവ് മോസ്കോയെയും (2–1), ബയേൺ മ്യൂണിക് ഒളിംപ്യാക്കോസിനെയും (3–2), പിഎസ്ജി ക്ലബ് ബ്രൂഗെയെയും (5–0), അത്‌ലറ്റിക്കോ മഡ്രിഡ് ബയേർ ലെവർകൂസനെയും (1–0) തോൽപ്പിച്ചു. ഷാക്തർ ഡോണെസ്ക് – ഡൈനാമോ സാഗ്രെബ് മത്സരം സമനിലയിൽ (2–2) അവസാനിച്ചു.

∙ റയൽ കടന്നുകൂടി, കരുത്തുകാട്ടി പിഎസ്ജി

സ്പാനിഷ് ലീഗിൽ മയ്യോർക്കയ്ക്കെതിരെ അപ്രതീക്ഷിത തോൽവി വഴങ്ങിയതിന്റെ ഞെട്ടലിലാണ് റയൽ ചാംപ്യൻസ് ലീഗിലെ അഗ്നിപരീക്ഷയ്ക്ക് ഇറങ്ങിയത്. അവസരങ്ങൾ ഏറെ ഒരുക്കിയെടുത്തെങ്കിലും ടോണി ക്രൂസ് ആദ്യപകുതിയിൽ നേടിയ ഏക ഗോളിലാണ് റയൽ കടന്നുകൂടിയത്. ഏഡൻ ഹസാഡിന്റെ പാസിൽനിന്നാണ് ക്രൂസ് വിജയഗോൾ നേടിയത്. ഇതോടെ, ഗ്രൂപ്പ് എയിൽ പിഎസ്ജിക്കു പിന്നിൽ റയൽ രണ്ടാമതെത്തി.

mbappe--goal-celebration
പിഎസ്‌ജിക്കായി ഹാട്രിക് നേടിയ കിലിയൻ എംബപ്പെയുടെ ആഹ്ലാദം.

ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പിഎസ്ജി ക്ലബ് ബ്രൂഗെയെ തകർത്തുവിട്ടു. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് പിഎസ്ജിയുടെ വിജയം. പരുക്കിൽനിന്ന് മോചിതനായി തിരിച്ചെത്തിയ ഫ്രഞ്ച് താരം കിലിയൻ എംബപ്പെയുടെ ഹാട്രിക്കും അർജന്റീന താരം മൗറോ ഇക്കാർഡിയുടെ ഇരട്ടഗോളുമാണ് പിഎസ്ജിക്ക് അവിസ്മരണീയ വിജയമൊരുക്കിയത്. ആദ്യപകുതിയിൽ പിഎസ്ജി ഒരു ഗോളിനു മുന്നിലായിരുന്നു. 61, 79, 83 മിനിറ്റുകളിലായിരുന്നു എംബപ്പെയുടെ ഗോളുകൾ. ഇതോടെ ചാംപ്യൻസ് ലീഗിൽ 15 ഗോൾ പൂർത്തിയാക്കുന്ന പ്രായം കുറഞ്ഞ താരമായി എംബപ്പെ മാറി. 20 വയസ്സും 306 ദിവസവുമാണ് ഈ നേട്ടത്തിലെത്തുമ്പോൾ എംബപ്പെയുടെ പ്രായം. ഏഴ്, 63 മിനിറ്റുകളിലാണ് ഇക്കാർഡി ലക്ഷ്യം കണ്ടത്.

∙ ഗോൾമഴ തീർത്ത് ബയൺ

ഗ്രൂപ്പ് ബിയിലെ ആവേശപ്പോരാട്ടത്തിൽ റെഡ് സ്റ്റാർ ബെൽഗ്രേഡിനെ മറികടന്ന് ജർമൻ വമ്പൻമാരായ ബയൺ മ്യൂണിക്കും ഒന്നാം സ്ഥാനം നിലനിർത്തി. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബയണിന്റെ വിജയം. 23–ാം മിനിറ്റിൽ അപ്രതീക്ഷിതമായി ലീഡ് നേടി ഞെട്ടിച്ച ഒളിംപ്യാക്കോസിനെ റോബർട്ടോ ലെവൻഡോവിസ്കിയുടെ ഇരട്ടഗോളുകളുടെ കരുത്തിലാണ് ബയൺ മറികടന്നത്. 34, 62 മിനിറ്റുകളിലായിരുന്നു ലെവൻഡോവിസ്കിയുടെ ഗോളുകൾ. ബയണിന്റെ മൂന്നാം ഗോൾ ടൊളീസോ (75) നേടി. എൽ അറാബി (23), ദോസ് സാന്റോസ് ടോറസ് (79) എന്നിവരുടെ വകയാണ് ഒളിംപ്യാക്കോസിന്റെ ഗോളുകൾ. മൂന്നു കളികളിൽനിന്ന് ഒൻപതു പോയിന്റുമായാണ് ബയൺ ഒന്നാം സ്ഥാനത്തു തുടരുന്നത്.

lewandowski-goal-celebration
ബയണിനായി ഇരട്ടഗോൾ നേടിയ റോബർട്ടോ ലെവൻഡോവിസ്കി.

അതേസമയം, സ്വന്തം തട്ടകത്തിൽ ഗോൾമഴ തീർത്ത് കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ടോട്ടനം ഹോട്സ്പറും ‘ട്രാക്കിലായി’. റെഡ് സ്റഅറാർ ബെൽഗ്രേഡിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ടോട്ടനം തകർത്തത്. ഇതോടെ കഴിഞ്ഞ മത്സരത്തിൽ ബയണിനോട് 7–2ന്റെ കൂറ്റൻ തോൽവി വഴങ്ങിയതിന്റെ നിരാശയും ടോട്ടനം മായിച്ചുകളഞ്ഞു. ഹാരി കെയ്ൻ, സൺ ഹ്യൂങ് മിൻ എന്നിവരുടെ ഇരട്ടഗോളുകളുടെ മികവിലാണ് ടോട്ടനത്തിന്റെ ജയം. ഒൻപത്, 72 മിനിറ്റുകളിലാണ് കെയ്ൻ ഗോൾ നേടിയത്. 16, 44 മിനിറ്റുകളിലായിരുന്നു സൺ ഹ്യൂങ് മിന്നിന്റെ ഗോളുകൾ. എറിക് ലമേല (57) ഗോൾപട്ടിക പൂർത്തിയാക്കി.

∙ പിന്നിൽനിന്നും തിരിച്ചടിച്ച് സിറ്റി

ഇംഗ്ലിഷ് താരം റഹിം സ്റ്റെർലിങ് ഹാട്രിക്കുമായി മിന്നിയ മത്സരത്തിൽ അറ്റ്ലാന്റയെ ഗോൾമഴയിൽ മുക്കി ഗ്രൂപ്പ് സിയിൽ മാഞ്ചസ്റ്റർ സിറ്റിയും വിജയക്കുതിപ്പു തുടർന്നു. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് സിറ്റിയുടെ വിജയം. 28–ാം മിനിറ്റിൽ അപ്രതീക്ഷിതമായി വീണുകിട്ടിയ പെനൽറ്റിയിൽനിന്ന് ഗോൾ നേടി അറ്റ്ലാന്റ സിറ്റിയെ ഞെട്ടിച്ചതാണ്. പക്ഷേ സ്റ്റെർലിങ്ങിന്റെ ഹാട്രിക്കും അർജന്റീന താരം സെർജിയോ അഗ്യൂറോയുടെ ഹാട്രിക്കും ചേർന്നതോടെ അറ്റ്ലാന്റ തവിടുപൊടി!

sterling--goal-celebration
മാഞ്ചസ്റ്റർ സിറ്റിക്കായി ഹാട്രിക് നേടിയ റഹിം സ്റ്റെർലിങ്.

വെറും 11 മിനിറ്റിനിന്റെ ഇടവേളയിലാണ് സ്റ്റെർലിങ് ഹാട്രിക് പൂർത്തിയാക്കിയത്. 58, 64, 69 മിനിറ്റുകളിലാണ് സ്റ്റെർലിങ് സിറ്റിക്കായി ലക്ഷ്യം കണ്ടത്. 34, 38 (പെനൽറ്റി) മിനിറ്റുകളിലായിരുന്നു അഗ്യൂറോയുടെ ഗോളുകൾ. അതേസമയം, മത്സരത്തിനിടെ പരുക്കേറ്റ റോഡ്രി പുറത്തുപോയതും യുവതാരം ഫിൽ ഫോഡന്‍ കരിയറിലെ ആദ്യ ചുവപ്പുകാർഡ് കണ്ടതും മത്സരത്തിൽ സിറ്റിക്ക് ക്ഷീണമായി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഷാക്തർ ഡോണസ്കും ഡൈനാമോ സാഗ്രെബും സമനിലയിൽ (2–2) പിരിഞ്ഞു.

∙ ഡൈബാലക്കരുത്തിൽ യുവെ

ഗ്രൂപ്പ് ഡി മത്സരത്തിൽ ഭൂരിഭാഗം സമയവും പിന്നിൽനിന്ന ഇറ്റാലിയൻ വമ്പൻമാരായ യുവെന്റസിന്, അർജന്റീന താരം പൗളോ ഡൈബാല നേടിയ ഇരട്ടഗോൾ കരുത്തിൽ വിജയത്തുടർച്ച. റഷ്യൻ ക്ലബ്ബായ ലോക്കോമോട്ടീവ് മോസ്കോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുവെന്റസ് തോൽപ്പിച്ചത്. അലക്സി മിരാൻചുക് 30–ാം മിനിറ്റിൽ നേടിയ ഗോളാണ് ലോക്കോമോട്ടീവിന് അപ്രതീക്ഷിത ലീഡ് സമ്മാനിച്ചത്. തിരിച്ചടിക്കാനുള്ള യുവെയുടെ ശ്രമങ്ങളെല്ലാം തുടർച്ചയായി പാഴാകുന്നതിനിടെയാണ് രണ്ടു മിനിറ്റിന്റെ ഇടവേളയിൽ ഇരട്ടഗോൾ നേടി ഡൈബാല രക്ഷകനായത്. 77, 79 മിനിറ്റുകളിലായിരുന്നു ഡൈബാലയുടെ ഗോളുകൾ. വിജയത്തോടെ മൂന്നു മത്സരങ്ങളിൽനിന്ന് ഏഴു പോയിന്റുമായി യുവെ ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനം നിലനിർത്തി.

dybala--goal-celebration
ഇരട്ടഗോളുമായി യുവെന്റസിന്റെ വിജയശിൽപിയായ പൗളോ ഡൈബാല.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബയേർ ലെവർകൂസനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച അത്‌ലറ്റിക്കോ മഡ്രിഡിനും ഏഴു പോയിന്റുണ്ടെങ്കിലും ഗോൾ ശരാശരിയിലാണ് യുവെ ഒന്നാം സ്ഥാനം നിലനിർത്തിയത്. സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിന്റെ 78–ാം മിനിറ്റിൽ സ്പാനിഷ് താരം അൽവാരോ മൊറാട്ടയാണ് അത്‍ലറ്റിക്കോയുടെ രക്ഷകനായത്.

English Summary: UEFA Champions League Football, Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com