ADVERTISEMENT

ലിസ്ബൺ∙ ഇറ്റാലിയൻ സീരി എയിൽ എസി മിലാനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യുമ്പോൾ യുവെന്റസ് പരിശീലകൻ മൗറീഷ്യോ സാറി പറഞ്ഞ ‘മുട്ടുവേദന’യെന്ന ന്യായം വെറും ‘മുട്ടാപ്പോക്ക് ന്യായ’മായിരുന്നോ? അന്ന് പരിശീലകനോടു കലഹിച്ച് മത്സരം അവസാനിക്കും മുൻപ് സ്റ്റേഡിയം വിട്ട റൊണാൾഡോ, തൊട്ടുപിന്നാലെ പോർച്ചുഗൽ ജഴ്സിയിൽ കളത്തിലിറങ്ങിയ മത്സരത്തിൽ ഇതിനു കൃത്യമായ ഉത്തരം നൽകി. സാറി മുട്ടുവേദനയെന്നു പറഞ്ഞ് കളത്തിൽനിന്ന് തിരിച്ചുവിളിച്ച റൊണാൾഡോ ഉജ്വല ഹാട്രിക്കുമായി മുന്നിൽനിന്നു നയിച്ചതോടെ, ലിത്വാനിയയെ വീഴ്ത്തി നിലവിലെ ചാംപ്യൻമാരായ പോർച്ചുഗൽ 2020 യൂറോകപ്പിന്റെ യോഗ്യതയ്ക്കരികിലെത്തി.

ക്രിസ്റ്റ്യാനോയും സംഘവും എതിരില്ലാത്ത ആറു ഗോളുകൾക്കാണ് ലിത്വാനിയയെ തറപറ്റിച്ചത്. ഈ വിജയത്തോടെ ഗ്രൂപ്പ് ബിയിൽ ഏഴു മത്സരങ്ങളിൽനിന്ന് 14 പോയിന്റുമായി പോർച്ചുഗൽ രണ്ടാം സ്ഥാനത്തെത്തി. 19 പോയിന്റുമായി ഒന്നാമതുള്ള യുക്രെയ്ൻ യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞു. അതേസമയം, ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ലക്സംബർഗിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്ത് സെർബിയ ഗ്രൂപ്പിലെ രണ്ടാം സ്ഥാനത്തിനുള്ള പോരാട്ടം കടുപ്പിച്ചു. നിലവിൽ ഏഴു കളികളിൽനിന്ന് 13 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് അവർ. അതേസമയം, താരതമ്യേന ദുർബലരായ ലക്സംബർഗിനെ ഞായറാഴ്ച തോൽപ്പിച്ചാൽ പോർച്ചുഗലിന് അനായാസം യോഗ്യത ഉറപ്പാക്കാം.

∙ ദേശീയ ജഴ്സിയിൽ 9–ാം ഹാട്രിക്

ലിത്വാനിയയ്ക്കെതിരെ ഏഴ് (പെനൽറ്റി), 22, 65) മിനിറ്റുകളിലായാണ് ഹാട്രിക് നേടിയത്. പോർച്ചുഗൽ ജഴ്സിയിൽ റൊണാൾഡോയുടെ ഒൻപതാം ഹാട്രിക് ആണിത്. ആദ്യപകുതിയിൽ പോർച്ചുഗൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു മുന്നിലായിരുന്നു. അഫോൻസോ ഫെർണാണ്ടസ് (52), മെൻഡെസ് പേഷ്യെൻസിയ (56), ബെർനാർഡോ സിൽവ (63) എന്നിവരാണ് പോർച്ചുഗലിന്റെ ശേഷിച്ച ഗോളുകൾ നേടിയത്.

ഇതോടെ, 34കാരനായ റൊണാൾഡോയുടെ പോർച്ചുഗലിനായുള്ള ഗോൾനേട്ടം 98ൽ എത്തി. രാജ്യാന്തര ഫുട്ബോളിൽ ദേശീയ ടീമിനായി 100 ഗോൾ തികയ്ക്കുന്ന രണ്ടാമത്തെ മാത്രം താരമെന്ന റെക്കോർഡിലേക്ക് റൊണാൾഡോയ്ക്കു വേണ്ടത് രണ്ടു ഗോളുകൾ മാത്രം. ഇറാൻ ദേശീയ ടീമിനായി 109 ഗോളുകൾ നേടിയ അലി ദേയിയാണ് മുന്നിൽ. ഞായറാഴ്ച ലക്സംബർഗിനെതിരെയാണ് പോർച്ചുഗലിന്റെ അടുത്ത മത്സരം. പോർച്ചുഗലിനായി നേടിയ ഒൻപതു ഹാട്രിക്കുകളിൽ ഏഴും 30 വയസ്സ് പിന്നിട്ടതിനു ശേഷമാണ് റൊണാൾഡോ നേടിയത്.

മാത്രമല്ല, ഈ കലണ്ടർ വർഷം പോർച്ചുഗലിനായി റൊണാൾഡോയുടെ ഗോള്‍നേട്ടം 13 ആയി ഉയർന്നു. ഇത് റെക്കോർഡാണ്. 2016ലും റൊണാൾഡോ പോർച്ചുഗലിനായി 13 ഗോൾ നേടിയിട്ടുണ്ട്. ഈ റെക്കോർഡ് മറികടക്കാനും താരത്തിന് ഇക്കുറി അവസരമുണ്ട്.

മറ്റു മത്സരങ്ങളിൽ ഇംഗ്ലണ്ട് മോണ്ടനെഗ്രോയെയും (7–0), ചെക്ക് റിപ്പബ്ലിക്ക് കൊസോവയെയും (2–1), ഫ്രീൻസ് മാൽഡോവയെയും (2–0) തോൽപ്പിച്ചു. അൽബേനിയ – അൻഡോറ മത്സരവും (2–2), തുർക്കി – ഐസ്‌ലൻഡ് മത്സരവും (0–0) സമനിലയിൽ അവസാനിച്ചു. ക്യാപ്റ്റൻ ഹാരി കെയ്നിന്റെ ഹാട്രിക് മികവിലാണ് മോണ്ടനെഗ്രോയ്ക്കെതിരെ ഇംഗ്ലണ്ട് കൂറ്റൻ വിജയം നേടിയത്. ഇതോടെ അവർ യൂറോകപ്പ് യോഗ്യതയും നേടി. 18, 24, 37 മിനിറ്റുകളിലായിരുന്നു കെയ്നിന്റെ ഗോളുകൾ. ചേംബർലെയ്ൻ (11), മാർക്കസ് റാഷ്ഫോർഡ് (30), ടാമി ഏബ്രഹാം (84), സൊഫ്രാനാക് (66, സെൽഫ് ഗോൾ) എന്നിവരാണ് ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ട മറ്റുള്ളവർ.

English Summary: Cristiano Ronaldo Scores Hat-Trick, Portugal Demolish Lithuania 6-0

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com