ADVERTISEMENT

യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജി, സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ്, ജർമൻ ക്ലബ് ബയൺ മ്യൂനിക്ക്, ഇംഗ്ലിഷ് ക്ലബ്ബുകളായ ടോട്ടനം ഹോട്സ്പർ, മാഞ്ചസ്റ്റർ സിറ്റി, ഇറ്റാലിയൻ ക്ലബ് യുവെന്റസ് എന്നിവ നോക്കൗട്ട് റൗണ്ടിൽ കടന്നു.

രണ്ടുവട്ടം ചാംപ്യൻസ് ലീഗ് ഫൈനൽ കളിച്ചിട്ടുള്ള സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മഡ്രിഡിന് യുവെന്റസിനോടു തോറ്റതു തിരിച്ചടിയായി.

ലണ്ടൻ ∙ വമ്പൻ ക്ലബ്ബുകൾ വിജയമാഘോഷിച്ച ചാംപ്യൻസ് ലീഗ് രാവിൽ താരമായത് കല്ലം ഹെയ്ൻസ് എന്ന പേരുകാരനായ ഒരു ബോൾ ബോയ് ആയിരുന്നു! കളത്തിൽനിന്ന് പുറത്തുപോകുന്ന പന്ത് എടുത്തുകൊടുക്കാൻ ചുമതലപ്പെട്ട പയ്യൻസ്. 

സംഭവം ഇങ്ങനെ: ടോട്ടനത്തിന്റെ ഗ്രൗണ്ടിൽ ഗ്രീക്ക് ക്ലബ് ഒളിംപിയാക്കോസ് 2–1നു മുന്നിൽ. 2–0ന് പിന്നിലായതിന്റെ വിഷാദത്തിൽനിന്നു വിടുതൽ നേടി ടോട്ടനം കളിയിലേക്കു തിരിച്ചെത്തിയ നേരം. ഒളിംപിയാക്കോസിന്റെ പകുതിയിൽ പന്തു പുറത്തായി.

സമീപത്തുണ്ടായിരുന്ന ബോൾബോയി നിമിഷാർധത്തിൽ പന്തു കൈപ്പിടിയിലാക്കി ടോട്ടനം താരം സെർജി ഔറിനിനു കൈമാറി. തൊട്ടടുത്ത നിമിഷം സെർജിയുടെ ത്രോ. വിങ്ങിൽ ലൂക്കാസ് മൗറയ്ക്ക്. പന്തുമായി കുതിച്ച മൗറ അവിടെനിന്ന് പെനൽറ്റി ബോക്സിനുള്ളിൽനിന്ന ഹാരി കെയ്നു പന്തു ക്രോസ് ചെയ്തു. 

കെയ്നിന്റെ ഫസ്റ്റ്ടച്ച് ഗോൾ നേരെ വലയിൽ. അൻപതാം മിനിറ്റിൽ ടോട്ടനത്തിന് 2–2 സമനില. കളി തന്നെ മാറ്റിമറിച്ച ആ ഇടപെടൽ നടത്തിയ ബോൾ ബോയിക്ക് അരികിലെത്തിയ ടോട്ടനത്തിന്റെ പുതിയ കോച്ച് ഹൊസെ മൗറീഞ്ഞോ അവനെ കെട്ടിപ്പിടിച്ചു. മത്സരശേഷം ടീമിന്റെ ഡ്രസിങ് റൂമിലേക്കു ക്ഷണിച്ചു. പക്ഷേ, ആ ക്ഷണം സ്വീകരിക്കാതെ കളി കഴിഞ്ഞുയടൻ പയ്യൻസ് സ്ഥലം കാലിയാക്കി.

  മത്സരശേഷവും മൗറീഞ്ഞോ അതുവിട്ടില്ല. മാധ്യമസമ്മേളനത്തിൽ അദ്ദേഹം പയ്യൻസിനെ വാനോളം പുകഴ്ത്തി. ബോൾ ബോയിമാർക്കു കളി മനസ്സിലാക്കാൻ പ്രത്യേക മികവുണ്ടെന്നായിരുന്നു മൗറീഞ്ഞോയുടെ പ്രധാന വിലയിരുത്തൽ. താൻ ബോൾ ബോയി ആയിരുന്ന കാലത്തെ ഓർമകളും അദ്ദേഹം പങ്കുവച്ചു. 

പുതിയ പരിശീലകന്റെ കീഴിൽ ആദ്യ ചാംപ്യൻസ് ലീഗ് മത്സരം കളിച്ച ടോട്ടനം 4–2 ജയത്തോടെ നോക്കൗട്ട് നേട്ടം ആഘോഷിക്കുകയും ചെയ്തു.

എൽ– അറാബി, റോബൻ സെമീഡോ എന്നിവരുടെ ഗോളുകളിൽ 19 മിനിറ്റിനകം 2–0 ലീഡെടുത്ത ഒളിംപിയാക്കോസിനെ ആവേശപൂർവം വരിഞ്ഞുമുറുക്കി വീഴ്ത്തുകയായിരുന്നു ടോട്ടനം. ഡെലെ അലി (45+1), ഹാരി കെയ്ൻ (50, 77), സെർജി ഔറിർ (73) എന്നിവരുടേതായിരുന്നു ഗോളുകൾ.

റയലിൽ പിഎസ്ജി വാണു!

2018 ചാംപ്യൻസ് ലീഗ് ഫൈനലിനു ശേഷം ഇത്ര മനോഹരമായ ഒരു യൂറോപ്യൻ പോര് സാന്തിയാഗോ ബെർണബ്യൂ സ്റ്റേഡിയം കണ്ടിട്ടുണ്ടാവില്ല.

നോക്കൗട്ടിനു യോഗ്യത നേടിയെങ്കിലും പിഎസ്ജിക്കു മുന്നിൽ അവസാന മിനിറ്റുകളിൽ സമനില വഴങ്ങേണ്ടി വന്നത് റയലിനെയും കോച്ച് സിനദിൻ സിദാനെയും ഇരുത്തി ചിന്തിപ്പിക്കും! 

17,79 മിനിറ്റുകളിലായി കരിം ബെൻസേമ നേടിയ ഗോളുകളിലാണ് റയൽ 2–0 ലീഡെടുത്തത്. 

എന്നാൽ, 81–ാം മിനിറ്റിൽ കിലിയൻ എംബപെയും 83–ാം മിനിറ്റിൽ, ഇകാർദിക്കു പകരമിറങ്ങിയ പാബ്‌ലോ സരബിയയും ഗോൾ നേടി കളി തുല്യതയിലാക്കി. ഫലമോ, റയലും പിഎസ്ജിയും നോക്കൗട്ടിൽ! റയലിനെക്കാൾ 5 പോയിന്റ് കൂടുതലുള്ള പിഎസ്ജിയാണ് ഗ്രൂപ്പിൽ ഒന്നാമത്.

സമനില തെറ്റാതെ സിറ്റി

റയലിനെപ്പോലൊരു സമനിലയുമായി നോക്കൗട്ടിലെത്തിയ മാഞ്ചസ്റ്റർ സിറ്റിക്കും അധികം സന്തോഷിക്കാനില്ല. യുക്രെയ്ൻ ക്ലബ് ഷക്തർ ഡോണെസ്ക് സിറ്റിയെ ഹോം ഗ്രൗണ്ടിൽ 1–1 സമനിലയിൽ പിടിച്ചതു സകലരെയും ഞെട്ടിച്ചു. ഇൽകേ ഗുണ്ടോഗാന്റെ ഗോളിൽ 56–ാം മിനിറ്റിൽ സിറ്റി ലീഡെടുത്തതാണ്.

പക്ഷേ, മാനർ സോളമൻ വെറും 13 മിനിറ്റിനു ശേഷം ഷക്തറിനു സമനില നേടിക്കൊടുത്തു.  ഗ്രൂപ്പ് സിയിലെ ഒന്നാം സ്ഥാനക്കാരായി നോക്കൗട്ടിലെത്താൻ സിറ്റിക്കു സമനില ഒരു തടസ്സമായില്ലെന്നു മാത്രം.

കാലിടറി അത്‌ലറ്റിക്കോ

ഗ്രൂപ്പ് ഡിയിൽ യുവെന്റസിന്റെ വിജയം തച്ചുടച്ചത് അത്‌ലറ്റിക്കോ മഡ്രിഡിന്റെ സ്വപ്നങ്ങൾ കൂടിയാണ്. പൗലോ ഡിബാലയുടെ ഫ്രീകിക്കിൽ നിന്നാണ് യുവെയുടെ വിജയഗോൾ (1–0). ഇതോടെ തകർന്നു പോയ അത്‌ലറ്റിക്കോയ്ക്ക് ഇനി സ്വന്തം മൈതാനത്തു നടക്കുന്ന അടുത്ത ഗ്രൂപ്പ് മത്സരത്തിൽ റഷ്യൻ ക്ലബ് ലോക്കമോട്ടീവ് മോസ്കോയെ തോൽപിക്കുകയല്ലാതെ മറ്റു കുറുക്കുവഴികളൊന്നുമില്ല!

15 മിനിറ്റ്; 4 ഗോൾ: കിടിലോസ്കി!‌ 

ബെൽഗ്രേഡ് ∙ 15 മിനിറ്റിനിടെ 4 ഗോളുകൾ. ജർമൻ ക്ലബ് ബയൺ മ്യൂനിക്ക് താരം റോബർട്ട് ലെവൻഡോവ്സ്കി കുറിച്ചതു ചാംപ്യൻസ് ലീഗിൽ പുതുചരിത്രം. ഗ്രൂപ്പ് റൗണ്ട് മത്സരത്തിൽ സെർബിയൻ ക്ലബ് റെഡ് സ്റ്റാർ ബെൽഗ്രേഡിനെതിരായിരുന്നു പോളണ്ടുകാരൻ ലെവൻഡോവ്സ്കിയുടെ മാസ്മരിക പ്രകടനം.

റെഡ് സ്റ്റാറിന്റെ മൈതാനത്ത് ആതിഥേയരെ നിലംതൊടാൻ അനുവദിക്കാത്ത പ്രകടനമാണു ലെവൻഡോവ്സ്കിയും സംഘവും നടത്തിയത്. അതിങ്ങനെ ചുരുക്കാം: 14 –ാം മിനിറ്റിൽ ലിയോൺ ഗോരെറ്റ്സ്കയുടെ ഗോൾ. 89–ാം മിനിറ്റിൽ ടോളിസ്സോയുടെ ഗോൾ. ഇതിനിടെ 53 (െപനൽറ്റി), 60, 64, 67 മിനിറ്റുകളിലായിരുന്നു ലെവൻഡോവ്സ്കി വെടിയുണ്ട കണക്കെ ഗോൾവർഷിച്ചത്. ചാംപ്യൻസ് ലീഗ് ചരിത്രത്തിൽ ഇത്ര കുറഞ്ഞ സമയത്തിനകം 4 ഗോൾ നേടിയ മറ്റൊരു താരമില്ല.  

മത്സരഫലങ്ങൾ

മാഞ്ചസ്റ്റർ സിറ്റി –1, ഷക്തർ –1

അറ്റലാന്റ –2, സഗ്രേബ് –0

യുവെന്റസ് –1, അത്‌ലറ്റിക്കോ –0

റയൽ മഡ്രിഡ്–2, പിഎസ്ജി–2

റെഡ്സ്റ്റാർ –0 ,ബയൺ മ്യൂനിക്ക് –6

ലോക്കമോട്ടീവ് –0, ലെവർക്യൂസൻ –2

ഗലാട്ടസറെയ്–1, ബ്രൂഗി–1

ടോട്ടനം–4, ഒളിംപിയാക്കോസ് –2

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com