ADVERTISEMENT

മുംബൈ ∙ ഇന്ത്യൻ ഫുട്ബോളിൽ ചരിത്ര നിമിഷം. ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ ചാംപ്യൻ ക്ലബ്  മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമസ്ഥരായ സിറ്റി ഫുട്ബോൾ ഗ്രൂപ്പ്, ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ടീമായ മുംബൈ സിറ്റി എഫ്സിയുടെ 65% ഓഹരികൾ സ്വന്തമാക്കി. ലോകത്ത് ഏറ്റവുമധികം സ്വത്തുള്ള ഫുട്ബോൾ കമ്പനിയാണു സിറ്റി ഗ്രൂപ്പ്.

ആദ്യമായാണ് യൂറോപ്യൻ ലീഗ് ക്ലബ്ബുകളിലൊന്നിന്റെ ഉടമകൾ ഇന്ത്യൻ ക്ലബ്ബിനെ സ്വന്തമാക്കുന്നത്. സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള 8–ാമത്തെ ക്ലബാണ് മുംബൈ സിറ്റി. ഓഹരി കൈമാറ്റം സംബന്ധിച്ചു ഫുട്ബോൾ ഭരണസംഘടനകളുടെ സാങ്കേതികമായ ചില അനുമതികൾ കൂടി ലഭിച്ചാൽ ഏറ്റെടുക്കൽ പൂർണമാകും. 35% ഓഹരികൾ സിനിമാതാരം രൺബീർ കപൂർ, ബിമൽ പരേഖ് എന്നിവരിൽ തുടരും. 

ഐഎസ്എൽ സംഘാടകരായ ഫുട്ബോൾ സ്പോർട്സ് ഡവലപ്മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎൽ) അധ്യക്ഷ നിത അംബാനി, സിറ്റി ഗ്രൂപ്പ് സിഇഒ ഫെറാൻ സൊറിയാനോ എന്നിവർ ചേർന്നാണു പ്രഖ്യാപനം നടത്തിയത്. സിറ്റി ഗ്രൂപ്പ് സീനിയർ വൈസ് പ്രസിഡന്റ് ഡേമിയൻ വിലോബിയെ ഇന്ത്യയിലെ സിഇഒ ആയി നിയമിച്ചു. സിംഗപ്പുരിൽനിന്ന് വിലോബി മുംബൈയിലേക്ക് ഇന്നലെ ഓഫിസ് മാറ്റി. 

സിറ്റി ഗ്രൂപ്പിന്റെ ക്ലബ്ബുകൾ

1. മാഞ്ചസ്റ്റർ സിറ്റി

2. ന്യൂയോർക്ക് സിറ്റി

3. മെൽബൺ സിറ്റി

4. യോക്കഹാമ എഫ്. മരീനോസ് (ജപ്പാൻ)

5. ക്ലബ് അത്‌ലറ്റിക്കോ ടോർക്ക് (യുറഗ്വായ്)

6. ജിറോണ എഫ്സി (സ്പെയിൻ)

7. സിഷുവാൻ ജിയുനിയു (ചൈന)

8. മുംബൈ സിറ്റി

ഗുണം എങ്ങനെ?

 സാമ്പത്തികം ശക്തിപ്പെടും: സിറ്റി ഗ്രൂപ്പിന്റെ സ്വാധീനത്താൽ നിസാൻ, ഇത്തിഹാദ് തുടങ്ങി വലുതും ചെറുതുമായ രാജ്യാന്തര സ്പോൺസർമാർ എത്തും.

 അടിസ്ഥാന സൗകര്യ വികസനത്തിനു കരുത്ത്: കളിക്കളങ്ങൾ, ഫുട്ബോൾ നഴ്സറികൾ, യുവ കോച്ചുമാർക്കുള്ള വിദഗ്ധ പരിശീലനം എന്നിവ ഉറപ്പ്.

  മത്സര, പരിശീലന പരിചയം: മുംബൈ സിറ്റി ടീമിനും കോച്ചിങ് സ്റ്റാഫിനും മാഞ്ചസ്റ്ററിലും സിറ്റി ഗ്രൂപ്പിന്റെ മറ്റു ക്ലബ്ബുകളിലും ട്രെയിനിങ്, സൗഹൃദ മത്സരങ്ങൾ. മുംബൈ ഫുട്ബോൾ നഴ്സറിയിലെ കുട്ടികൾക്കും പരിശീലനത്തിന് അവസരം.

 കളിക്കാരുടെ ഇറക്കുമതി: സിറ്റി ഗ്രൂപ്പിന്റെ മറ്റു ക്ലബ്ബുകളിലെ 2, 3 ഡിവിഷൻ ടീമുകളിലെ യുവ കളിക്കാരെ ഇന്ത്യയിൽ കൊണ്ടുവരാൻ കഴിയും. 

 പേരു പരക്കും: മാഞ്ചസ്റ്റർ, ന്യൂയോർക്ക്, മെൽബൺ ഉൾപ്പെടെ സിറ്റി ഗ്രൂപ്പിനു സാന്നിധ്യമുള്ള 7 നഗരങ്ങളിൽ മുംബൈ സിറ്റിയുടെ മത്സരങ്ങളുടെ ടിവി സംപ്രേഷണത്തിന് അവസരം. 

 സിറ്റി ഗ്രൂപ്പിന്റെ വരവോടെ ലാ ലിഗ, ബുന്ദസ്‌ ലിഗ തുടങ്ങിയ മുൻനിര ലീഗുകളിലെ ക്ലബ്ബുകൾ ഇന്ത്യയിലേക്കു വരാൻ സാധ്യതയേറി. 

വരുന്നത് ഇന്ത്യയുടെ ഹൃദയം കീഴടക്കാൻ...

 ‘ഞങ്ങൾ ഫുട്ബോൾ ഇറക്കുമതി ചെയ്യാനല്ല വരുന്നത്. ഇവിടത്തെ ഫുട്ബോൾ ശക്തി പുറത്തെടുക്കാൻ ഇന്ത്യയെ സഹായിക്കാനാണ്.’

 ‘ഞങ്ങളുടെ മറ്റു ക്ലബ്ബുകളിലെ കളിക്കാരെയും പരിശീലകരെയും ഇവിടെ കൊണ്ടുവരും. അവരിൽനിന്ന് ഇന്ത്യയിലെ പരിശീലകർക്കും കളിക്കാർക്കും പഠിക്കാനുണ്ട്.’ 

 ‘പെപ് ഗ്വാർഡിയോള ഇന്ത്യയിലേക്കു വരുമോയെന്നു ചോദിച്ചാൽ വരുമെന്നു തീർത്തു പറയാനാവില്ല. അദ്ദേഹത്തിനു പല തിരക്കുകളുണ്ട്. ചൈനയിലെ ഞങ്ങളുടെ ക്ലബ്ബിന്റെ കോച്ച് കഴിഞ്ഞയാഴ്ച ഗ്വാർഡിയോളയ്ക്കൊപ്പം ഉണ്ടായിരുന്നു. മും‍ബൈയുടെ കോച്ചിനും അവിടെവന്നു കാര്യങ്ങൾ പഠിക്കാം.’ 

 ‘എന്തുകൊണ്ട് മുംബൈ, ഇതിനേക്കാളേറെ ഫുട്ബോൾ ആവേശമുള്ള നഗരങ്ങൾ ഇന്ത്യയിൽ ഇല്ലേ എന്നു ചോദിക്കുന്നവരുണ്ട്. മുംബൈയിൽ വലിയ ആവേശമുണ്ട്. ഇവിടെ കുട്ടികൾ ആവേശപൂർവം ഫുട്ബോൾ കളിക്കുന്നു. അതു ഞാൻ നേരിൽ കണ്ടതാണ്. ഭാവി ഇവിടെയാണ്. ഹൃദയങ്ങൾ കീഴടക്കുകയാണു ലക്ഷ്യം.’

 ‘ഒരു കണക്കിൽ ന്യൂയോർക്ക് പോലെയാണു മുംബൈ. അവിടെ ഞങ്ങൾ ചെല്ലുമ്പോൾ ഫുട്ബോൾ കരുത്താർജിച്ചിരുന്നില്ല. ഇപ്പോൾ സ്ഥിതിമാറി. വിവിധ ജനതകൾ ഒരുമിക്കുന്ന പന്തുകളിയിലും മുംബൈ മെച്ചപ്പെടും.’ 

 ‘മുംബൈയിൽ എത്തിയതു പെട്ടെന്ന് ഒരു നിമിഷമല്ല. 18 മാസമായി ഞങ്ങൾ തയാറെടുക്കുന്നു. നിരീക്ഷണം അതിനു മുൻപേ തുടങ്ങി. പല ഐഎസ്എൽ മത്സരങ്ങളും ഞാൻ കാണികൾക്കൊപ്പം സാധാരണ ഗാലറിയിൽ ഇരുന്നു കണ്ടു.’

3.7

3.7 ബില്യൺ പൗണ്ടാണ് (ഏകദേശം 34,177 കോടി രൂപ) സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്റെ മൂല്യം. ലോകത്ത് ഏറ്റവുമധികം സ്വത്തുള്ള ഫുട്ബോൾ ഗ്രൂപ്പാണ് സിറ്റി ഫുട്ബോൾ. യുഎസ്  സ്ഥാപനമായ സിൽവർ ലേക്കിൽനിന്ന് കഴിഞ്ഞ ദിവസം 500 മില്യൺ ഡോളറിന്റെ നിക്ഷേപം സ്വീകരിച്ചതോടെയാണിത്. സിറ്റി ഗ്രൂപ്പ് ഉടമകൾ: അബുദാബി യുണൈറ്റഡ് ഗ്രൂപ്പ് (87%), ചൈന മീഡിയ ക്യാപിറ്റൽ കൺസോർഷ്യം (13%).

English Summary: English Premier League giants Manchester City acquire Mumbai City FC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com