ADVERTISEMENT

ലണ്ടൻ ∙ അട്ടിമറികളും ആവേശപ്പോരാട്ടങ്ങളും കണ്ട ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ കരുത്തൻമാരായ ചെൽസിക്ക് ദയനീയ തോൽവി. മോശം പ്രകടനത്തെ തുടർന്ന് പരിശീലകനെപ്പോലും പുറത്താക്കിയ എവർട്ടനാണ് ചെൽസിയെ തകർത്തത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് എവർട്ടന്റെ ജയം. ആരാധകർ ആവേശത്തോടെ കാത്തിരുന്ന മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിയെ മുക്കി യുണൈറ്റഡ് കരുത്തുകാട്ടി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുണൈറ്റഡിന്റെ ജയം. ഈ തോൽവിയോടെ നിലവിലെ ചാംപ്യൻമാരായ സിറ്റിയുടെ കിരീടപ്രതീക്ഷകൾക്ക് മങ്ങലേറ്റു.

മറ്റു മത്സരങ്ങളിൽ ബേൺമൗത്തിനെ തകർത്ത് ലിവർപൂൾ കിരീടവഴിയിൽ അജയ്യമായ മുന്നേറ്റം തുടരുകയാണ്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ലിവർപൂളിന്റെ ജയം. ഹോസെ മൗറീഞ്ഞോയ്ക്കു കീഴിൽ വിജയവഴിയിലേക്കു തിരിച്ചെത്തിയ ടോട്ടനം ഹോട്‌സ്പർ, എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ബേൺലിയെ മുക്കി. വാറ്റ്ഫോർഡ് – ക്രിസ്റ്റൽ പാലസ് മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.

∙ എവർട്ടന് ‘ഇടക്കാല’ ആശ്വാസം

ഇടക്കാല പരിശീലകൻ ഡങ്കൻ ഫെർഗുസന്റെ കീഴിലെ ആദ്യ പോരാട്ടത്തിലാണ് എവർട്ടൻ ചെൽസിയെ തകർത്തത്. തുടർതോൽവികളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മുഖ്യപരിശീലകൻ മാർക്കോ സിൽവയെ എവർട്ടൻ പുറത്താക്കിയത്.

ഗുഡൊമിനിക് കാൽവെർട്ട് ലെവിന്റെ ഇരട്ടഗോളും ബ്രസീലിയൻ താരം റിച്ചാർലിസന്റെ ഗോളുമാണ് എവർട്ടന് തകർപ്പൻ വിജയം സമ്മാനിച്ചത്. അഞ്ചാം മിനിറ്റിൽ ലക്ഷ്യം കണ്ട് റിച്ചാർലിസനാണ് ഗോളടി തുടങ്ങിവച്ചത്. 49, 84 മിനിറ്റുകളിലായിരുന്നു ലെവിന്റെ ഗോളുകൾ. ചെൽസിയുടെ ആശ്വാസ ഗോൾ മാറ്റിയോ കൊവാസിച്ച് നേടി. ജയത്തോടെ എവർട്ടൻ 14–ാം സ്ഥാനത്തേക്കു കയറി. ചെൽസി 4–ാം സ്ഥാനത്തു തുടരുന്നു.

∙ ചെകുത്താൻമാർ കുതിക്കുന്നു

കഴിഞ്ഞ ദിവസം കരുത്തരായ ടോട്ടനം ഹോട്‌സ്പറിനെ സ്വന്തം തട്ടകത്തിൽ വീഴ്ത്തിയതിന്റെ തുടർച്ചയായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നഗരവൈരികളായ മാഞ്ചസ്റ്റർ സിറ്റിയെ അവരുടെ തട്ടകത്തിൽ തകർത്തത്. മാർക്കസ് റാഷ്ഫോർഡ് (23, പെനൽറ്റി), ആന്റണി മാർഷ്യൽ (29) എന്നിവർ ആദ്യപകുതിയിൽ നേടിയ ഗോളുകളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ വിജയം സമ്മാനിച്ചത്. നിക്കോളാസ് ഒട്ടാമെൻഡിയാണ് (85) സിറ്റിയുടെ ആശ്വാസഗോൾ നേടിയത്.

സീസണിലെ ആറാം ജയത്തോടെ യുണൈറ്റഡ് 14 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറി. അതേസമയം, യുണൈറ്റഡിനെതിരായ തോൽവി സിറ്റിക്ക് കനത്ത പ്രഹരമായി. ലിവർപൂളിനും ഏറെ പിന്നിലാണെങ്കിലും ഇതുവരെ കിരീടപ്രതീക്ഷ കൈവിടാതിരുന്ന നിലവിലെ ചാംപ്യൻമാർക്ക്, ഈ തോൽവിയോടെ എല്ലാ പ്രതീക്ഷകളും നഷ്ടമായി. 16 മത്സരങ്ങളിൽനിന്ന് നാലാം തോൽവി വഴങ്ങിയ സിറ്റി, 32 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.

∙ ലിവർപൂൾ മുന്നോട്ടുതന്നെ

സീസണിലെ അപാര ഫോം തുടരുന്ന ലിവർപൂൾ 16 മത്സരങ്ങളിൽനിന്ന് 15–ാം ജയം കുറിച്ച് ലീഡ് വീണ്ടും വർധിപ്പിച്ചു. ബേൺമൗത്തിനെ അവരുടെ തട്ടകത്തിൽ നേരിട്ട ലിവർപൂൾ, എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ജയിച്ചു കയറിയത്. ഓക്സ്‌ലെയ്ഡ് ചേംബർലെയ്ൻ (35), നബി കെയ്റ്റ (44), മുഹമ്മദ് സലാ (54) എന്നിവരാണ് ലിവർപൂളിനായി ലക്ഷ്യം കണ്ടത്.

ഈ വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിന് രണ്ടാമതുള്ള ലെസ്റ്റർ സിറ്റിയേക്കാൾ 11 പോയിന്റിന്റെ ലീഡായി. ലെസ്റ്റർ ഒരു മത്സരം കുറച്ചേ കളിച്ചിട്ടുള്ളൂ. സീസണിലെ എട്ടാം തോൽവി വഴങ്ങി ബേൺമൗത്ത്, 16 പോയിന്റുമായി 15–ാം സ്ഥാനത്താണ്.

∙ വിജയവഴിയിലെ ‘ടോട്ടൽ ടോട്ടനം’

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ തോൽവിയോടെ നിരാശരായ ആരാധകർക്ക് ഉണർത്തുപാട്ടായാണ് തൊട്ടടുത്ത മത്സരത്തിൽ ടോട്ടനം ഹോട്സ്പർ ജയിച്ചുകയറിയത്. ബേൺലിയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ടോട്ടനം തകർത്തത്. ആദ്യപകുതിയിൽ ടോട്ടനം 3–0ന് മുന്നിലായിരുന്നു. ഹാരി കെയ്നിന്റെ ഇരട്ടഗോളാണ് (നാല്, 54) ടോട്ടനത്തിന് തകർപ്പൻ വിജയം സമ്മാനിച്ചത്.

ലൂക്കാസ് മൗറ (9), സൺ ഹ്യൂങ് മിൻ (32), ഹെൻറി സിസ്സോക്കോ (74) എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. ഇതിൽ സൺ ഹ്യൂങ് മിന്നിന്റെ ഗോൾ ഈ സീസണിലെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. സീസണിലെ ആറാം ജയം കുറിച്ച ടോട്ടനം 23 പോയിന്റുമായി ആറാം സ്ഥാനത്താണ്. എട്ടാം തോൽവി വഴങ്ങിയ ബേൺലി 18 പോയിന്റുമായി 13–ാം സ്ഥാനത്തുണ്ട്.

English Summary: English Premier League 2019-20, Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com