ADVERTISEMENT

മ്യൂണിച്ച്∙ ചാംപ്യൻ‌സ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ വിജയത്തോടെ അവസാനിപ്പിക്കാമെന്ന ടോട്ടനത്തിന്റെ മോഹങ്ങൾക്കു പ്രഹരമായി ബയേൺ. അവസാന മത്സരത്തിൽ ബയേൺ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ടോട്ടനത്തെ തോൽപിച്ചു. ഇരു ടീമുകളും നേരത്തേ നോക്കൗട്ട് റൗണ്ടിലേക്കു യോഗ്യത നേടിയിരുന്നതിനാൽ ടീമിൽ വലിയ മാറ്റങ്ങളുമായാണ് ടോട്ടനം ബയേണിനെതിരെ ഇറങ്ങിയത്. ജയത്തോടെ ബയേൺ ബി ഗ്രൂപ്പിൽ ഒന്നാമതെത്തിയപ്പോൾ ടോട്ടനം രണ്ടാം സ്ഥാനത്തായി.

കിങ്സ്‍ലി കോമാൻ (14), തോമസ് മുള്ളർ (45), കുട്ടീഞ്ഞോ (64) എന്നിവരാണ് ബയേണിനായി ലക്ഷ്യം കണ്ടത്. ടോട്ടനത്തിനു വേണ്ടി റിയാന്‍ സെസ്നെഗൻ വലകുലുക്കി. ടോട്ടനം ജഴ്സിയിൽ താരത്തിന്റെ ആദ്യ ഗോളാണിത്. മറ്റൊരു മത്സരത്തിൽ ബ്രസീലിയൻ യുവതാരങ്ങളുടെ കരുത്തിൽ റയൽ മ‍ഡ്രി‍ഡ് ക്ലബ് ബ്രുഗസിനെ 3–1ന് കീഴടക്കി. ബ്രസീൽ താരങ്ങളായ റോഡ്രിഗോ (53), വിനീഷ്യസ് ജൂനിയർ (64) എന്നിവരും ക്രൊയേഷ്യൻ സൂപ്പർ താരം ലൂക്ക മോഡ്രിച്ചുമാണ് (92) റയലിനായി ലക്ഷ്യം കണ്ടത്. ക്ലബ് ബ്രുഗസിനായി വനാകെൻ (55) ആശ്വാസ ഗോൾ നേടി. എ ഗ്രൂപ്പിൽനിന്ന് പിഎസ്ജിക്കു പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് റയൽ അവസാന 16ല്‍ കടന്നത്.

ജെസ്യൂസ് ഹാട്രിക്കിൽ സിറ്റി

സി ഗ്രൂപ്പിൽ ഡൈനാമോ സാഗ്രെബിനെതിരെ മാഞ്ചസ്റ്റർ സിറ്റി 4–1ന് ജയിച്ചു. ബ്രസീൽ താരം ഗബ്രിയേൽ ജെസ്യൂസ് തുടർച്ചയായി മൂന്നു വട്ടം (34,50,54) ലക്ഷ്യം കണ്ട മത്സരത്തിൽ ഫോ‍ഡനാണ് (84) സിറ്റിക്കായി അവസാന ഗോൾ നേടിയത്. ഓൽമോയിലൂടെ പത്താം മിനിറ്റിൽ മുന്നിലെത്തിയ ശേഷമായിരുന്നു ‍ഡൈനമോ നാലു ഗോളുകൾ വഴങ്ങിയത്. 14 പോയിന്റുമായി ഗ്രൂപ്പ് ചാംപ്യൻമാരായാണ് സിറ്റിയുടെ നോക്കൗട്ട് പ്രവേശം. രണ്ടാം സ്ഥാനക്കാരായി അറ്റ്ലാന്റയും യോഗ്യത നേടി.

തോൽക്കാതെ പിഎസ്ജി, ഗലത്‍സരെയെ 5 ഗോളിന് മുക്കി

അവസാന ഗ്രൂപ്പ് മത്സരത്തിൽ ഗലത്‍സരെയെ അഞ്ച് ഗോളിനു മുക്കി ഗ്രൂപ്പ് ഘട്ടം ഗംഭീരമാക്കി ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് പിഎസ്ജിയുടെ വിജയം. മൗറോ ഇക്കാർ‌ഡി (32), സരാബിയ (35), നെയ്മർ (46), കിലിയൻ എംബപെ (63), കവാനി (84) എന്നിവരാണ് ഗോളുകൾ നേടിയത്.

അത്‍ലറ്റിക്കോ മഡ്രിഡ് ലോക്കോ മോട്ടിവ് മോസ്കോയെയും യുവെന്റസ് ബയർ ലവർ‌കൂസനെയും രണ്ടു ഗോളുകൾക്കു തോൽപിച്ചു. ഷക്തറിനെതിരെ അറ്റ്ലാന്റയും (0–3) റെഡ് സ്റ്റാർ ബല്‍ഗ്രേഡിനെതിരെ ഒളിംപ്യാക്കോസും (0–1) വിജയിച്ചു.

English Summary: Champions League football, group stage end

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com