ADVERTISEMENT

കോട്ടയം ∙ ടീമിൽ തുടരാൻ സാധിക്കുമോ എന്നുതന്നെ അറിയില്ല. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) സന്തോഷ് ട്രോഫിയെ അവഗണിക്കുന്നു. സന്തോഷ് ട്രോഫി എന്നു പറഞ്ഞ് കളിക്കാർക്ക് അവരുടെ ഭാവി ഇല്ലാതാക്കാൻ സാധിക്കില്ല. – കേരള  പരിശീലകൻ ബിനോ ജോർജ് തുറന്നു പറയുന്നു.

? ടീമിനൊപ്പം ഉണ്ടാകുമോ

വലിയ പ്രതിസന്ധിയാണ്. മൂന്നോ നാലോ മാസമാണ് സന്തോഷ് ട്രോഫി പരിശീലകനായി തിരഞ്ഞെടുക്കുന്ന ആളുടെ കാലാവധി. ഇത് എന്നും തീരും എന്നറിയാതെ മുന്നോട്ടു പോകുന്നു.

യൂറോപ്യൻ ഫുട്ബോൾ പരിശീലക കോഴ്സായ യുവേഫ പ്രൊ ലൈസൻസ് കോഴ്സിന് ഞാൻ റജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിന്റെ ക്ലാസുകളും മറ്റും ഏപ്രിൽ– മേയ് മാസങ്ങളിലാകും വരുന്നത്. തുർക്കിയിലാണ് കോഴ്സ്. അതിന്റെ വിളിയെത്തിയാൽ പോകേണ്ടി വരും. 

? ഇനിയും കളിക്കാരുടെ കൊഴി‍ഞ്ഞു പോക്ക് ഉണ്ടാകുമോ

സന്തോഷ് ട്രോഫി എന്നു പറ‍ഞ്ഞ് കളിക്കാരുടെ ഭാവി നശിപ്പിക്കാൻ സാധിക്കുമോ?. അജിൻ ടോം, ജിഷ്ണു ബാലകൃഷ്ണൻ, ലിയോൺസ് അഗസ്റ്റിൻ എന്നിവർ ഇപ്പോൾത്തന്നെ ടീം വിട്ടു. ഇവർക്കു മികച്ച ഓഫറുകളാണു ലഭിച്ചത്.

കൂടാതെ എം.എസ്.ജിതിൻ ഗോകുലത്തിൽ ചേർന്നു. മറ്റൊരു മിഡ്ഫീൽഡറായ അഖിലിനും ഗോകുലത്തിൽനിന്ന് ഓഫറുണ്ട്. റിഷി ദത്തിനെ ഇന്ത്യൻ ആരോസ് വീണ്ടും വിളിച്ചു.

റിംഷാദിന് ചർച്ചിൽ ബ്രദേഴ്സിൽ നിന്ന് വിളി വന്നു. എന്നു നടക്കും എന്നറിയാത്ത ഒരു മത്സരത്തിനായി, ഈ വിളികൾ അവഗണിച്ച് അവർ എങ്ങനെ കാത്തിരിക്കും.

? എന്താണ് ഈ അവസ്ഥയ്ക്കു കാരണം

മിസോറമിൽ പ്രശ്നങ്ങളുണ്ടെങ്കിൽ സന്തോഷ് ട്രോഫി നടത്താൻ കേരളം അടക്കമുള്ള സംസ്ഥാനങ്ങളുണ്ടല്ലോ. ഇത്രയൊന്നും നീട്ടി വയ്ക്കേണ്ട ആവശ്യം തന്നെയില്ല.

നവംബറിൽ കോഴിക്കോട് ദക്ഷിണ മേഖലാ യോഗ്യതാ മത്സരം കഴിഞ്ഞപ്പോൾത്തന്നെ ഫൈനൽ റൗണ്ടും നടത്താമായിരുന്നു.  എഐഎഫ്എഫിന് ഐഎസ്എല്ലും ഐലീഗുമാണ് വലുത്.

? കെഎഫ്എയുടെ ഇടപെടൽ എങ്ങനെ

കെഎഫ്എ വളരെ വലിയ സഹായമാണ് ചെയ്തു വന്നത്. പ്രീ സീസൺ മത്സരങ്ങൾ കളിക്കുന്നതിന് അടക്കം കെഎഫ്എ മുൻകയ്യെടുത്തു.

ടീമിനെ വളരെ ഉത്തരവാദിത്തതോടെയാണു കെഎഫ്എ സമീപിച്ചത്. എന്നാൽ ഇപ്പോഴത്തെ അവസ്ഥ കെഎഫ്എയുടെ കൈയിൽ നിൽക്കുന്ന കാര്യമല്ല.

? ഗോകുലത്തിലേക്ക് മടങ്ങിപ്പോകേണ്ടേ

ഗോകുലത്തിന്റെ ടെക്നിക്കൽ ഡയറക്ടർ എന്ന നിലയിൽ വലിയ ഉത്തരവാദിത്തം ഉണ്ട്. ജൂനിയർ കളിക്കാരെ കണ്ടെത്തുന്നത് ഉൾപ്പെടെയുള്ള ചുമതലതകളുണ്ട്.

അവരുടെ പരിശീലന പദ്ധതി തയാറാക്കണം.  കേരളത്തിന്റെ ടീം ആയതിനാൽ ഗോകുലം മാനേജ്മെന്റ് താൽപര്യമെടുത്താണ് എന്നെ അയച്ചത്. എന്നാൽ അത് അവർക്ക് ബുദ്ധിമുട്ടാകുന്ന തരത്തിലേക്കു മാറിയാൽ എന്തു ചെയ്യും.

∙ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനു വലുത് ഐഎസ്എല്ലും ഐലീഗുമാണ്. സന്തോഷ് ട്രോഫി ഇങ്ങനെ നീട്ടിവയ്ക്കേണ്ട കാര്യമില്ലായിരുന്നു. ഇനിയിപ്പോൾ ടീമിനൊപ്പം തുടരാൻ പറ്റുമോ എന്നുറപ്പില്ല 

– ബിനോ ജോർജ് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com