ADVERTISEMENT

പാലക്കാട് ∙ ധനരാജിനു ഫുട്ബോളായിരുന്നു ജീവിതം. എന്നാൽ ഫുട്ബോൾകൊണ്ടു നേടാമായിരുന്ന നല്ലൊരു ജീവിതം ആരുടെയൊക്കെയോ അനാസ്ഥകൊണ്ടു വലയ്ക്കു പുറത്തായി. 2012ൽ സംസ്ഥാന സർക്കാർ സ്പോർട്സ് ക്വോട്ടയിൽ ധനരാജ് ഉൾപ്പെടെയുള്ള താരങ്ങൾക്കു ജോലി നൽകാൻ തീരുമാനിച്ചതാണ്. 7 വർഷം കാത്തിരുന്നിട്ടും ജോലി ലഭിച്ചില്ല. 

ഒടുവിൽ,  ഇനിയുമതിനു കാത്തു നിൽക്കാതെ ധനരാജ് പോയി. ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് പട്ടികയിൽ മുൻഗണനാ വിഭാഗത്തിലാണു  ധനരാജ് ഇടം നേടിയത്. കൂടിക്കാഴ്ചയും കഴി​ഞ്ഞു. പിന്നീടു വന്ന എൽഡിഎഫ് സർക്കാർ ജോലി നൽകുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം വിജ്ഞാപനമിറക്കി. പക്ഷേ, നിയമന ഉത്തരവ് ചുവപ്പു നാടകളിൽ കുരുങ്ങി. 

ഏറെ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ധനരാജ്. സെവൻസ് ഫുട്ബോൾ കളിച്ചു കിട്ടുന്ന ചെറിയ വരുമാനത്തിലാണു ഭാര്യയും മകളും അടങ്ങുന്ന കുടുംബം പുലർത്തിയിരുന്നത്. 

സീസൺ സമയത്തു മാത്രമാണു ഫുട്ബോളിൽ നിന്നുള്ള വരുമാനം. ഇതിനിടെ കൽപ്പാത്തിയിലെ വർക്‌ഷോപ്പിൽ തൊഴിലാളിയായി. ഇറച്ചിവെട്ടുകാരനായ പിതാവ് രാധാകൃഷ്ണൻ 1997ൽ മരിച്ചു. 17 വയസ്സു മാത്രമുണ്ടായിരുന്ന ധനരാജ് അന്നുമുതൽ കുടുംബം നോക്കാൻ തുടങ്ങിയതാണ്. സഹോദരൻമാരെ പഠിപ്പിക്കാൻ ഉൾപ്പെടെയുള്ള ചെലവുകൾ കണ്ടെത്താൻ കൂലിപ്പണിക്കും പോയിട്ടുണ്ട്, ധനരാജ്.

∙ ആസിഫണ്ണനും ധനുമോനും

പ്രായം കൊണ്ട് എന്നേക്കാൾ മൂത്തയാളാണ് ധനരാജ്. പക്ഷേ പാലക്കാടൻ ശൈലിയിൽ എന്നെ ‘ആസിഫണ്ണാ..’ എന്നേ വിളിക്കൂ. മലപ്പുറം ശൈലിയിൽ ധനുമോനേ..എന്ന് ഞാനും നീട്ടി വിളിക്കും. ഇനി അങ്ങനെ വിളിക്കാൻ അവനില്ല എന്നതു വല്ലാത്ത ഷോക്കാണ്. കൺമുന്നിൽ നിന്നിരുന്ന ഒരാൾ പെട്ടെന്നങ്ങു മറഞ്ഞുപോയത് ഉൾക്കൊള്ളാൻ ഇപ്പോഴുമാകുന്നില്ല.

dhanaraj-last-moment
പെരിന്തൽമണ്ണ നെഹ്റു സേറ്റേഡിയത്തിൽ ‌ഞായാഴ്ച നടന്ന മത്സരത്തിനു മുൻപ് ധനരാജിനു ഹസ്തദാനം ചെയ്യുന്ന സിഐ: ബിജു.

വയനാട്ടിൽ വിജയേട്ടനൊപ്പം (ഐ.എം വിജയൻ) ഒരു ചാരിറ്റി ഫുട്ബോൾ മത്സരം കഴിഞ്ഞ് വിശ്രമിക്കുമ്പോഴാണ് മരണവാർത്ത കേൾക്കുന്നത്. ഞെട്ടിത്തരിച്ചു പോയി ഞങ്ങൾ. കഴിഞ്ഞ മാസം മണ്ണാർക്കാട്ട് ഒരു ചാരിറ്റി ഫുട്ബോൾ മത്സരത്തിനിടെയാണ് അവനെ അവസാനമായി കണ്ടത്. അന്ന് ഒരു ദിവസം ഒന്നിച്ചു താമസിച്ചിരുന്നു ഞങ്ങൾ. 2006 ഹരിയാന സന്തോഷ് ട്രോഫിക്കിടെ ഡോർമിറ്ററിയിൽ അപ്പുറവും ഇപ്പുറവും കിടന്നിരുന്ന കാര്യമെല്ലാം അന്ന് ഞങ്ങൾ ഓർത്തെടുത്തു. സന്തോഷ് ട്രോഫി കാലത്തിനു ശേഷവും സെവൻസ് മത്സരങ്ങളിലൂടെ ഞങ്ങൾ ഇടയ്ക്കെല്ലാം കാണുമായിരുന്നു. 

ഒരു സ്റ്റോപ്പർ ബായ്ക്കിനുണ്ടാവേണ്ട കരുത്തുറ്റ ശരീരമൊന്നും അവനില്ല. പക്ഷേ, സമർഥമായ ബോൾ കൺട്രോളും സമർപ്പണവും അവനെ വിശ്വസ്തനായ ഡിഫൻഡറാക്കി മാറ്റി. സർക്കാർ ജോലി ഉൾപ്പെടെ സ്വപ്നങ്ങളെല്ലാം ബാക്കിവച്ചാണ് അവൻ മടങ്ങുന്നത്. ചെറിയൊരു ആശ്വാസമായി ആ ജോലി കുടുംബത്തിലാർക്കെങ്കിലും കിട്ടിയിരുന്നെങ്കിൽ... – (ആസിഫ് സഹീർ, മുൻ സന്തോഷ് ട്രോഫി താരം)

∙ സാധാരണക്കാരനായ പ്രഫഷനൽ: സുനിൽ‌ ഛേത്രി

സാധാരണക്കാരനായ പ്രഫഷനൽ. ധനരാജിനെക്കുറിച്ച് എനിക്കാദ്യം അതാണ് ഓർമ വരുന്നത്. കൊൽക്കത്തയിൽ ‍ഞങ്ങൾ ഒരുമിച്ച് കളിച്ചിട്ടുണ്ട്. പ്രഫഷനൽ ഫുട്ബോളർക്കു വേണ്ട എല്ലാ മികവും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും ഈ വേർപാട് നേരിടാനുള്ള ധൈര്യം ഉണ്ടാകട്ടെ എന്നു മാത്രം പ്രാർഥിക്കുന്നു.

∙ അവൻ, എന്റെ ചങ്ക് :ഐ.എം.വിജയൻ

എന്റെ ചങ്കാണ് കടന്നു പോയത്. അതിൽ കൂടുതൽ എന്തു പറയാൻ! ഒരുമിച്ച് ഒരുപാട് സെവൻസ് കളിച്ചിട്ടുണ്ട്. തൃശൂരിലെ ഉഷ എഫ്സിക്കു വേണ്ടി ഒട്ടേറെ സ്ഥലങ്ങളിൽപോയി കളിച്ചു. ഒരുപാട് പേർ കൊൽക്കത്തയിൽ നിന്നു വിളിച്ചു. അവർക്കെല്ലാം ധനരാജ് ആരാണെന്ന് അറിയാം. കൊൽക്കത്ത മൈതാനങ്ങൾ അവനു വേണ്ടി എത്രത്തോളം ആർത്തു വിളിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. ഒരു ജോലി അവന് ശരിയായി വന്നതായിരുന്നു. ഞാൻ മന്ത്രി ഇ.പി.ജയരാജനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അവന്റെ ഭാര്യയ്ക്ക് ആ ജോലി ശരിയാക്കി നൽകണം എന്ന് അഭ്യർഥിച്ചു. അദ്ദേഹം  അനുകൂലമായാണു പ്രതികരിച്ചത്. പ്രതീക്ഷയുണ്ട്.

∙ ഹൃദയം പിടിച്ചടക്കിയ ഡിഫൻഡർ: ഷബീർ അലി

ഒന്നോ ഒന്നരയോ മാസം മാത്രമായിരുന്നു ധനരാജ് എന്റെ കീഴിൽ കളിച്ചത്. പക്ഷേ, ഹൃദയം പിടിച്ചെടുക്കാൻ കഴിവുള്ള താരമായിരുന്നു ധനരാജ്; പരുക്കനല്ലാത്ത ഡിഫൻഡർ. നീണ്ട 11 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ബംഗാളിനു 2010ൽ സന്തോഷ് ട്രോഫി നേടിക്കൊടുത്ത ടീമായിരുന്നു ഞങ്ങളുടേത്. ധനരാജ് അന്നു ഗംഭീരമായി കളിച്ചു. എപ്പോഴും ചിരിച്ചു കൊണ്ടു മാത്രമേ അവനെ കണ്ടിട്ടുള്ളൂ. ടീമിലെ മറ്റുള്ളവരെക്കാൾ എനിക്കു ധനരാജിനോടു പ്രത്യേക വാത്സല്യവുമുണ്ടായിരുന്നു.

(ബംഗാൾ ടീം 2010ൽ സന്തോഷ് ട്രോഫി നേടുമ്പോൾ ഷബീർ അലിയായിരുന്നു പരിശീലകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com