ADVERTISEMENT

വാഷിങ്ടൻ∙ ഇറാൻ സേനാ കമാൻഡർ ജനറല്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിനെ തുടർന്ന് മധ്യപൂർവ ദേശത്തെ സംഘർഷ സാധ്യത കണക്കിലെടുത്ത് ഖത്തർ യാത്ര ഒഴിവാക്കി യുഎസ് ദേശീയ ഫുട്ബോൾ ടീം. ദോഹയിൽ നടക്കേണ്ടിയിരുന്ന പരിശീലന ക്യാംപ് യുഎസിൽ തന്നെ സംഘടിപ്പിക്കാനാണു നീക്കം. യുഎസ് ഫുട്ബോൾ അധികൃതർ വെള്ളിയാഴ്ച വൈകിട്ടാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

സേനാ കമാൻഡറുടെ മരണത്തിനു മറുപടിയായി മധ്യപൂർവദേശത്തുള്ള യുഎസ് പൗരന്മാരെ അക്രമിച്ചേക്കുമെന്ന ആശങ്കയുള്ളതിനാലാണ് യുഎസ് ടീം യാത്ര ഒഴിവാക്കിയത്. ഫെബ്രുവരി ഒന്നിന് കോസ്റ്ററിക്കയ്ക്കെതിരെയുള്ള യുഎസ് ടീമിന്റെ ഫുട്ബോൾ മത്സരം കലിഫോർണിയയില്‍ നടത്തും. അതേസമയം ലോകകപ്പ് ഫുട്ബോളിനു മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്താൻ യുഎസ് സംഘത്തിന് മറ്റൊരിക്കൽ അവസരം ഒരുക്കാൻ ഖത്തറുമായി ബന്ധപ്പെട്ടുവരികയാണെന്നും അധികൃതർ അറിയിച്ചു.

ജനുവരി 5 മുതല്‍ 25 വരെ ദോഹയിലെ ആസ്പയർ അക്കാദമിയിൽ പരിശീലനം നടത്തുന്നതിനാണ് യുഎസ് ദേശീയ ഫുട്ബോൾ ടീം തീരുമാനിച്ചിരുന്നത്. 23 അംഗ സംഘത്തിന്റെ പരിശീലനം ഇനി യുഎസിൽ എവിടെയെങ്കിലും ക്രമീകരിക്കും. 2018ൽ റഷ്യയിൽ നടന്ന ലോകകപ്പിന് യോഗ്യത നേടാനാകാത്ത സാഹചര്യത്തിൽ ഖത്തറിൽ ലോകകപ്പ് കളിക്കാനുള്ള തീവ്രശ്രമത്തിലാണ് യുഎസ്. മാർച്ച് 26ന് നെതർലൻഡ്സുമായും യുഎസിന് പരിശീലന മത്സരമുണ്ട്.

English Summary: USMNT cancel Qatar camp because of Middle East security concerns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com