ADVERTISEMENT

ജിദ്ദ∙ സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോളിന്റെ കലാശപ്പോരിൽ മറ്റൊരു എൽ ക്ലാസിക്കോ സ്വപ്നം കണ്ടവർക്ക് നിരാശ. അവസാന 10 മിനിറ്റിൽ നേടിയ ഇരട്ടഗോളുകളിൽ ബാർസിലോനയുടെ വെല്ലുവിളി മറികടന്ന് അത്‍ലറ്റിക്കോ മഡ്രിഡ് സൂപ്പർ കപ്പ് ഫൈനലിലെത്തി. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് അത്‍ലറ്റിക്കോയുടെ വിജയം. കോകെ (46), അൽവാരോ മൊറാട്ട (81, പെനൽറ്റി), എയ്ഞ്ചൽ കൊറെയ (86) എന്നിവരാണ് അത്‍ലറ്റിക്കോയ്ക്കായി ഗോൾ നേടിയത്. ലയണൽ മെസ്സി (51), അന്റോയ്ൻ ഗ്രീസ്മൻ (62) എന്നിവരുടെ വകയാണ് ബാർസയുടെ ഗോളുകൾ. ഇതോടെ ഞായറാഴ്ച ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരിൽ മഡ്രിഡ് ഡെർബിക്ക് വേദിയൊരുങ്ങി. വലൻസിയയെ അനായാസം കീഴടക്കിയെത്തുന്ന റയൽ മഡ്രിഡാണ് അവിടെ അത്‍ലറ്റിക്കോയ്ക്ക് എതിരാളികൾ.

ആവേശകരമായിരുന്നു അത്‍ലറ്റിക്കോ – ബാർസിലോന രണ്ടാം സെമി പോരാട്ടം. മത്സരം അവസാന 10 മിനിറ്റിലേക്കു കടക്കുമ്പോൾ ഒരു ഗോൾ ലീഡുമായി ബാർസിലോന സെമി ഫൈനൽ ഏറെക്കുറെ ഉറപ്പിച്ച മട്ടിലായിരുന്നു. പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം അത്‍ലറ്റിക്കോയേക്കാൾ ബഹുദൂരം മുന്നിലുണ്ടായിരുന്ന ബാർസയ്ക്കെതിരെ അവരുടെ തിരിച്ചുവരവ് കടുത്ത അത്‍ലറ്റിക്കോ ആരാധകരുടെ പോലും മനസ്സിലുണ്ടായിരുന്നില്ല. ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം ടീമുകൾ ഇടവേളയ്ക്കു കയറുമ്പോൾ ഇത്തരമൊരു ഗോൾമഴ ഇരു ടീമുകളുടെയും കടുത്ത ആരാധകർ പോലും പ്രതീക്ഷിച്ചിരിക്കില്ല.

ഗോൾരഹിതമെങ്കിലും അവസരങ്ങേറെ കണ്ടതായിരുന്ന ആദ്യ പകുതി. ജോർഡി ആൽബയുമായി പന്തു കൊടുത്തും വാങ്ങിയും ലയണൽ മെസ്സി നടത്തിയ മുന്നേറ്റം ഗോളിലെത്താതെ പോയത് അത്‍ലറ്റിക്കോ ഗോൾകീപ്പർ യാൻ ഒബ്ലാക്കിന്റെ മികവുകൊണ്ടു മാത്രം. ഇതിനിടെ പന്ത് ചിപ്പ് ചെയ്ത് ഗോളിലേക്ക് അയയ്ക്കാനുള്ള ഗ്രീസ്മന്റെ ശ്രമവും ഒബ്ലാക്ക് നിഷ്ഫലമാക്കി.

ആദ്യപകുതിയിലെ ഗോൾവരൾച്ചയ്ക്ക് രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ തീരുമാനമായി. രണ്ടാം പകുതിക്ക് വെറും 40 സെക്കൻഡ് മാത്രം പ്രായമുള്ളപ്പോഴാണ് കോകെയിലൂടെ അപ്രതീക്ഷിതമായി അത്‍ലറ്റിക്കോ ലീഡ് നേടുന്നത്. കിക്കോഫിനൊടുവിൽ ലഭിച്ച പന്തുമായി അത്‍ലറ്റിക്കോ നടത്തിയ മുന്നേറ്റത്തിനൊടുവിൽ എയ്ഞ്ചൽ കൊറെയയിൽനിന്ന് പന്ത് കോകെയിലേക്ക്. ഗോൾകീപ്പർ നെറ്റോയെ കാഴ്ചക്കാരനാക്കി കോകെ ലക്ഷ്യം കണ്ടു.

വെറും 11 മിനിറ്റിന്റെ ഇടവേളയിൽ ഇരട്ടഗോൾ നേടിയാണ് ബാർസിലോന തിരിച്ചടിച്ചത്. സൂപ്പർതാരം ലയണൽ മെസ്സി വകയായിരുന്നു ആദ്യ ഗോൾ. അത്‌ലറ്റിക്കോ ബോക്സിനുള്ളിൽ പ്രതിരോധക്കോട്ടയുടെ മധ്യത്തിൽ കിട്ടിയ പന്ത് ചെറിയൊരു വിടവിലൂടെ മെസ്സി ഗോളിലേക്ക് അയയ്ക്കുന്ന കാഴ്ച സുന്ദരമായിരുന്നു. തൊട്ടുപിന്നാലെ മെസ്സി രണ്ടാം ഗോൾ കണ്ടെത്തിയെങ്കിലും ഹാൻഡ്ബോളായതിനാൽ റഫരി അനുവദിച്ചില്ല. അധികം വൈകാതെ ബാർസ അർ‌ഹിച്ച ലീഡ് സ്വന്തമാക്കി. ഇക്കുറി ലക്ഷ്യം കണ്ടത് അത്‌ലറ്റിക്കോയുടെ മുൻ സൂപ്പർ താരം കൂടിയായ അന്റോയ്ൻ ഗ്രീസ്മൻ. ബാക് പോസ്റ്റിനു സമീപം ലൂയി സ്വാരസിന്റെ ബുള്ളറ്റ് ഹെഡർ ഒബ്ലാക് തടുത്തിട്ടത് നേരെ ഗ്രീസ്മനിലേക്ക്. സ്ഥാനം തെറ്റിനിന്ന ഗോളിയെ കാഴ്ചക്കാരനാക്കി ഗ്രീസ്മന്റെ ഹെഡർ വലയിൽ. സ്കോർ 2–1.  ഇതിനിടെ മെസ്സിയുടെ ഫ്രീക്കിൽനിന്ന് ജെറാർഡ് പിക്വെ ഒരിക്കൽക്കൂടി അത്‌ലറ്റിക്കോ വല ചലിപ്പിച്ചെങ്കിലും വാറിന്റെ സഹായത്തോടെ റഫറി നടത്തിയ പരിശോധനയിൽ ആ നീക്കം ഓഫ് സൈഡായി വിധിക്കപ്പെട്ടു.

മത്സരം അവസാന 10 മിനിറ്റിലേക്കു കടന്നതോടെയാണ് കൂടുതൽ നാടകീയ നിമിഷങ്ങൾ ഉടലെടുത്തത്. അത്‍ലറ്റിക്കോയ്ക്ക് അനുകൂലമായി ലഭിച്ച പെനൽറ്റിയായിരുന്നു ഇതിൽ ആദ്യത്തേത്. അത്‍ലറ്റിക്കോയുടെ പകരക്കാരൻ താരം വിട്ടോളോയുടെ മുന്നേറ്റം തടയാനുള്ള ശ്രമത്തിൽ ബാർസ ഗോൾകീപ്പർ നെറ്റോ താരത്തെ വീഴ്ത്തിയതിനായിരുന്നു പെനൽറ്റി. കിക്കെടുത്ത അൽവാരോ മൊറാട്ട അനായാസം ലക്ഷ്യം കണ്ടു. സ്കോർ 2–2. ഇതിനു തൊട്ടുപിന്നാലെ മൊറാട്ടയുടെ ക്രോസ് ബോക്സിനുള്ളിൽ ജെറാർഡ് പിക്വെയുടെ കയ്യിൽത്തട്ടിയെന്ന് ചൂണ്ടിക്കാട്ടി അത്‍ലറ്റിക്കോ താരങ്ങൾ രണ്ടാം പെനൽറ്റിക്കായി വാദിച്ചെങ്കിലും റഫറി വഴങ്ങിയില്ല. ഇതിന്റെ നിരാശയ്ക്കിടെയാണ് അപ്രതീക്ഷിതമായി അത്‍ലറ്റിക്കോ വിജയഗോൾ നേടിയത്. മൊറാട്ടയിൽനിന്ന് സ്വീകരിച്ച പന്തുമായി മുന്നേറിയ എയ്ഞ്ചൽ കൊറെയയുടെ ഷോട്ടു തടയാൻ നെറ്റോ കൃത്യമായി പന്തിലേക്കു വീണതാണ്. പക്ഷേ, പന്ത് നെറ്റോയുടെ ദേഹത്തുതട്ടി ഉയർന്ന് നേരെ വലയിലെത്തി! പന്ത് അടിച്ചകറ്റാൻ ബാർസ പ്രതിരോധം ശ്രമിച്ചെങ്കിലും അപ്പോഴേക്കും അതു ഗോൾലൈൻ കടന്നിരുന്നു. 3–2 വിജയത്തോടെ അത്‍ലറ്റിക്കോ ഫൈനലിൽ!

English Summary: Angel Correa scored late on as Atletico Madrid stunned Barcelona 3-2 in Saudi Arabia to reach the Spanish Super Cup final.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com