ADVERTISEMENT

ലണ്ടൻ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ ആവേശപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും വീഴ്ത്തി ലിവർപൂൾ വിജയക്കുതിപ്പു തുടരുന്നു. പൊരുതിക്കളിച്ച യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലിവർപൂൾ തകർത്തത്. വിർജിൽ വാൻ ദെയ്ക് (14), മുഹമ്മദ് സലാ (90+3) എന്നിവരാണ് ലിവർപൂളിനായി ഗോൾ നേടിയത്. വിജയത്തോടെ 22 കളികളിൽനിന്ന് 64 പോയിന്റുമായി ലിവർപൂൾ ബഹുദൂരം മുന്നിലാണ്. രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റി ഒരു കളി അധികം കളിച്ചെന്നു മാത്രമല്ല, ആകെ 48 പോയിന്റ് മാത്രമേയുള്ളൂ. 23 കളികളിൽനിന്ന് 34 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാം സ്ഥാനത്തു തുടരുന്നു.

ലീഗിലെ മറ്റൊരു മത്സരത്തിൽ പോയിന്റ് പട്ടികയിലെ മുമ്പൻമാരായ ലെസ്റ്റർ സിറ്റി തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റു. പട്ടികയിൽ 15–ാം സ്ഥാനത്തുള്ള ബേൺലിയാണ് ലെസ്റ്റർ സിറ്റിയെ അട്ടിമറിച്ചത്. ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിലായിരുന്ന ബേൺലി രണ്ടാം പകുതിയിൽ രണ്ടു ഗോൾ തിരിച്ചടിച്ചാണ് വിജയം പിടിച്ചെടുത്തത്. ക്രിസ് വുഡ് (56), ആഷ്‌ലി വെസ്റ്റ്‌വുഡ് (79) എന്നിവരാണ് ബേൺലിക്കായി ലക്ഷ്യം കണ്ടത്. ലെസ്റ്ററിന്റെ ആശ്വാസഗോൾ 33–ാം മിനിറ്റിൽ ഹാർവെ ബാർനസ് നേടി. വിജയത്തോടെ 23 മത്സരങ്ങളിൽനിന്ന് 27 പോയിന്റുമായി ബേൺലി 14–ാം സ്ഥാനത്തേക്കു കയറി. ലെസ്റ്റർ സിറ്റി 23 മത്സരങ്ങളിൽനിന്ന് 45 പോയിന്റുമായി മൂന്നാം സ്ഥാനത്തു തുടരുന്നു.

∙ ക്രിസ്റ്റ്യാനോ ഡബിളിൽ യുവെ

തുടർച്ചയായ ഏഴാം സീരി എ മത്സരത്തിലും ഗോളടിച്ച് റെക്കോർഡിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിൽ ഇറ്റലിയിൽ യുവെന്റസ് മുന്നേറ്റം തുടരുന്നു. ക്രിസ്റ്റ്യാനോയുടെ ഇരട്ടഗോൾ കരുത്തിൽ പാർമയെയാണ് യുവെന്റസ് തകർത്തത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുവെയുടെ വിജയം. 43, 58 മിനിറ്റുകളിലാണ് റൊണാൾഡോ ലക്ഷ്യം കണ്ടത്. പാർമയുടെ ആശ്വാസഗോൾ 55–ാം മിനിറ്റിൽ ആൻഡ്രിയാസ് കൊർണേലിയൂസ് നേടി.

വിജയത്തോടെ 20 മത്സരങ്ങളിൽനിന്ന് 57 പോയിന്റുമായി യുവെന്റസ് ഒന്നാം സ്ഥാനം കൂടുതൽ സുരക്ഷിതമാക്കി. 20 കളികളിൽനിന്ന് 47 പോയിന്റുമായി ഇന്റർ മിലാനാണ് രണ്ടാം സ്ഥാനത്ത്. പട്ടികയിൽ ഏറെ പിന്നിലുള്ള ലിച്ചെയുമായി സമനിലയിൽ പിരിഞ്ഞതാണ് ഇന്ററിന് തിരിച്ചടിയായത്. മറ്റു മത്സരങ്ങളിൽ റോമ ജെനോവയെയും എസി മിലാൻ ഉഡിനീസിനെയും തോൽപ്പിച്ചു.

∙ മെസ്സി ഗോളിൽ ബാർസ മുന്നോട്ട്

സ്പാനിഷ് ലീഗിൽ പൊരുതിക്കളിച്ച ഗ്രനാഡയെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ച് ബാർസിലോന ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. എതിരാളികളുടെ തട്ടകത്തിൽ മത്സരത്തിന്റെ ഏറിയ പങ്കും തകർപ്പൻ പോരാട്ടം പുറത്തെടുത്ത ഗ്രനാഡയ്ക്ക് 69–ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട ജെർമൻ സാഞ്ചസ് പുറത്തുപോയതാണ് തിരിച്ചടിയായത്. 10 പേരായി ചുരുങ്ങിയ ഗ്രനാഡയ്ക്കെതിരെ 76–ാം മിനിറ്റിൽ സൂപ്പർതാരം ലയണൽ മെസ്സിയാണ് വിജയഗോൾ നേടിയത്.

ഇതോടെ പുതിയ പരിശീലകൻ ക്വിക്കെ സെറ്റിയനു കീഴിൽ വിജയത്തോടെ തുടക്കമിടാനും ബാർസയ്ക്കായി. നിലവിൽ 20 കളികളിൽനിന്ന് 43 പോയിന്റുള്ള ബാർസ ഗോൾവ്യത്യാസത്തിന്റെ മികവിലാണ് റയലിൽനിന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. 20 കളികളിൽനിന്ന് റയലിനും 43 പോയിന്റുണ്ട്. 20 കളികളിൽനിന്ന് 35 പോയിന്റുമായി അത്‍ലറ്റിക്കോ മഡ്രിഡാണ് മൂന്നാമത്. മറ്റു മത്സരങ്ങളിൽ മയ്യോർക്ക വലൻസിയയെയും (4–1), റയൽ ബെറ്റിസ് റയൽ സോസിദാദിനെയും (3–0), എസ്പാന്യോൾ വിയ്യാറയലിനെയും (2–1) തോൽപ്പിച്ചു. അത്‍ലറ്റിക്കോ ബിൽബാവോയും െസൽറ്റാ വിഗോയും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു.

English Summary: Liverpool, Juventus FC, Barcelona Win, Latest Football Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com