ADVERTISEMENT

ബാർസിലോന ∙ പരിശീലകർ പലരും വന്നു, പോയി. ബാർസിലോനയിൽ മാറാത്തതായി ലയണൽ മെസ്സി മാത്രം. പുതിയ പരിശീലകൻ ക്വികെ സെറ്റിയന്, സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ഗ്രനാഡയ്ക്കെതിരെ വിജയത്തുടക്കം സമ്മാനിച്ചത് 76–ാം മിനിറ്റിൽ ലയണൽ മെസ്സി നേടിയ ഗോൾ. തുടക്കം മുതൽ പന്ത് കൈവശം വച്ച് ആക്രമിച്ചു കളിച്ച ബാർസ പക്ഷേ ഗോൾ കണ്ടെത്താൻ ബുദ്ധിമുട്ടി. ആക്രമണത്തിന്റെ മുനയൊടിക്കുന്ന ഗ്രനാഡയുടെ ടാക്ടിക്കൽ ഫൗളിങ്ങായിരുന്നു ബാർസയെ വെള്ളം കുടിപ്പിച്ചത്.

70–ാം മിനിറ്റിൽ ഗ്രനാഡയുടെ ജെർമൻ സാഞ്ചസ് ചുവപ്പുകാർഡു കണ്ടു പുറത്തായതോടെ ബാർസയുടെ ആക്രമണങ്ങൾക്കു മൂർച്ച കൂടി. അർതുറോ വിദാൽ, മെസ്സി, അന്റോയ്ൻ ഗ്രീസ്മാൻ എന്നിവർ ചേർന്നു നടത്തിയ നീക്കമാണ് ഗോളിൽ കലാശിച്ചത്. ജയത്തോടെ 20 കളികളിൽ നിന്ന് 43 പോയിന്റുമായി ലീഗിൽ ബാർസ ഒന്നാം സ്ഥാനത്തേക്കു തിരിച്ചെത്തി. റയൽ മഡ്രിഡിന് ഇത്ര തന്നെ പോയിന്റുണ്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ ബാർസയാണ് മുന്നിൽ.

∙ ഇനി സെറ്റിയൻ സ്റ്റൈൽ

‘എൽ മാസ്റ്ററോ’ (ദ് മാസ്റ്റർ) എന്നാണ് അറുപത്തിയൊന്നുകാരൻ ക്വികെ സെറ്റിയന്റെ വിളിപ്പേര്. സ്പാനിഷ് ക്ലബ് റേസിങ് സൻറ്റാൻഡറിന്റെ പരിശീലകനായിരുന്ന കാലത്ത്, ഈ മുൻ സെൻട്രൽ മിഡ്ഫീൽഡർക്കു വന്നുചേർന്ന വിളിപ്പേരാണത്. യൊഹാൻ ക്രൈഫിൽ തുടങ്ങി പെപ് ഗ്വാർഡിയോളയിലൂടെ വികാസം പ്രാപിച്ച ബാർസിലോനയുടെ ‘ക്രിയേറ്റീവ് ഫുട്ബോളിന്’ പുതിയ പാഠഭേദം രചിക്കാൻ കഴിവുള്ള പരിശീലകനായാണ് ആറടിക്കാരൻ സെറ്റിയൻ വിലയിരുത്തപ്പെടുന്നത്.

ബാർസയുടെ ഒഴുകുന്ന ഫുട്ബോളിന്റെ അടിസ്ഥാന ശില യൊഹാൻ ക്രൈഫ് കൊണ്ടുവന്ന തന്ത്രങ്ങളാണ്. മൈതാനത്തിന്റെ ഓരോ ഇഞ്ചും ഉപയോഗപ്പെടുത്തി എതിരാളികളുടെ മേൽ സമ്മർദം ചെലുത്തി പന്ത് തട്ടിയെടുത്ത്, ചെറുപാസുകളിലൂടെ ഗോളിലെത്തുന്ന ടോട്ടൽ ഫുട്ബോൾ. ഇതിന്റെ വകഭേദമായിരുന്നു പെപ് ഗ്വാർഡിയോള വിജയകരമാക്കിയ ‘ടിക്കി–ടാക്ക’ ശൈലി. ഈ രണ്ടു തന്ത്രങ്ങളിൽനിന്നും പ്രചോദനമുൾക്കൊണ്ട പരിശീലകനാണ് സെറ്റിയൻ.

ഏണസ്റ്റോ വാൽവെർദേയക്കു കീഴിൽ ടീമിനു നഷ്ടമായ മനോഹരമായ കളി തിരിച്ചു കൊണ്ടുവരാൻ സെറ്റിയനു സാധിക്കുമെന്നു ബാർസ ആരാധകരും വിശ്വസിക്കുന്നു. ഗ്രനാഡയ്ക്കെതിരായ കളിയിൽ അതിന്റെ അടയാളങ്ങുണ്ടായിരുന്നു. മൈതാനത്ത് ബാർസിലോന സമ്പൂർണാധിപത്യം പുലർത്തി. കളിയിലാകെ ബാർസ 1005 പാസുകളാണ് പൂർത്തിയാക്കിയത്. ഗ്രനാഡയാകട്ടെ 205 പാസുകൾ മാത്രം. കളിയുടെ 83 ശതമാനം പന്തവകാശവും ബാർസയ്ക്കായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com