ADVERTISEMENT

ലണ്ടൻ∙ ഇംഗ്ലിഷ് പ്രീമിയൽ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വീണ്ടും ഞെട്ടിക്കുന്ന തോൽവി. പോയിന്റ് പട്ടികയിൽ ഏറെ പിന്നിലുള്ള ബേൺലിയാണ് യുണൈറ്റഡിനെ അട്ടിമറിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബേൺലിയുടെ വിജയം. ക്രിസ് വുഡ് (39), ജയ് റോഡ്രിഗസ് (56) എന്നിവരാണ് ബേൺലിക്കായി ലക്ഷ്യം കണ്ടത്. ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ബേൺലിയുടെ രണ്ടാം തുടർ ജയവും.

കഴിഞ്ഞ ദിവസം ലീഗിലെ ഒന്നാം സ്ഥാനക്കാരായ ലിവർപൂളിനോടാണ് യുണൈറ്റഡ് ഇതിനു മുൻപ് തോറ്റത്. തുടർച്ചയായി രണ്ടു മത്സരങ്ങൾ തോറ്റെങ്കിലും 24 മത്സരങ്ങളിൽനിന്ന് 34 പോയിന്റുമായി യുണൈറ്റഡ് അഞ്ചാം സ്ഥാനത്തു തുടരുന്നു. അതേസമയം, കഴിഞ്ഞ ദിവസം മൂന്നാം സ്ഥാനക്കാരായ ലെസ്റ്റർ സിറ്റിയെ അട്ടിമറിച്ച ബേൺലി, രണ്ടാം തുടർ ജയത്തോടെ 24 കളികളിൽനിന്ന് 30 പോയിന്റുമായി 13–ാം സ്ഥാനത്തേക്കു കയറി.

മറ്റു മത്സരങ്ങളിൽ ടോട്ടനം നോർവിച്ച് സിറ്റിയേയും ലെസ്റ്റർ സിറ്റി വെസ്റ്റ് ഹാമിനെയും തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ടോട്ടനത്തിന്റെ വിജയം. ഡെലെ അലി (38), സൺ ഹ്യൂങ് മിൻ (79) എന്നിവരാണ് ടോട്ടനത്തിനായി ഗോൾ നേടിയത്. നോർവിച്ച് സിറ്റിയുടെ ആശ്വാസഗോൾ 70–ാം മിനിറ്റിൽ ടീമു പുക്കി പെനൽറ്റിയിൽനിന്ന് നേടി. വിജയത്തോടെ 24 കളികളിൽനിന്ന് 34 പോയിന്റുമായി ടോട്ടനം ആറാം സ്ഥാനത്തേക്കു കയറി. അഞ്ചാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനും ഇതേ പോയിന്റാണെങ്കിലും ഗോൾശരാശരിയിലെ മികവിൽ അവർ മുന്നിലാണ്. നോർവിച്ച് സിറ്റിയാകട്ടെ 17 പോയിന്റുമായി തരംതാഴ്ത്തൽ ഭീഷണിയിൽ തുടരുന്നു.

സ്വന്തം തട്ടകത്തിൽ നടന്ന ഏകപക്ഷീയമായ മത്സരത്തിൽ വെസ്റ്റ്ഹാമിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ലെസ്റ്റർ സിറ്റി തകർത്തത്. ഹാർവി ബാർനസ് (24), റിക്കാർഡോ പെരേര (45+5), ആയോസ് പെരസ് (81 – പെനൽറ്റി, 88) എന്നിവരാണ് ലെസ്റ്ററിനായി ഗോൾ നേടിയത്. വെസ്റ്റ്ഹാമിന്റെ ആശ്വാസഗോൾ 50–ാം മിനിറ്റഇൽ ക്യാപ്റ്റൻ മാർക് നോബിൾ പെനൽറ്റിയിൽനിന്ന് നേടി. വിജയത്തോടെ 24 കളികളിൽനിന്ന് 48 പോയിന്റുമായി ലെസ്റ്റർ രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിയുമായുള്ള അകലം മൂന്നു പോയിന്റാക്കി കുറച്ചു. വെസ്റ്റ് ഹാം 23 പോയിന്റുമായി 17–ാം സ്ഥാനത്താണ്.

English Summary: English Premier League 2019-20, Latest Updation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com