ADVERTISEMENT

ലണ്ടൻ∙ ഫുട്ബോൾ ലോകത്തെ വിഖ്യാതമായ ഗ്വാർഡിയോള – മൗറീഞ്ഞോ പോരാട്ടത്തിൽ വിജയം മൗറീഞ്ഞോയ്ക്ക്. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ മൗറീഞ്ഞോയുടെ ടോട്ടനം ഹോ‍ട്സ്‌പർ തകർത്തുവിട്ടു. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ടോട്ടനത്തിന്റെ വിജയം. സിറ്റിയുടെ യുക്രെയ്ൻ താരം അലക്സാണ്ടർ സിൻചെങ്കോ രണ്ടാം മഞ്ഞക്കാർഡു വാങ്ങി 60–ാം മിനിറ്റിൽ പുറത്തുപോയതാണ് നിർണായകമായത്. അടുത്ത 11 മിനിറ്റിനുള്ളിൽ രണ്ടു ഗോളടിച്ച് ടോട്ടനം മത്സരം സ്വന്തമാക്കി. സ്റ്റീവൻ ബെർഗ്‌വിൻ (63), സൺ ഹ്യൂങ് മിൻ (71) എന്നിവരാണ് ടോട്ടനത്തിനായി ലക്ഷ്യം കണ്ടത്.

അതേസമയം, മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ സിറ്റിക്ക്, ഗോൾ നേടുന്നതിൽ വന്ന വീഴ്ചയാണ് തോൽവിക്കു കാരണം. ആദ്യപകുതിയിൽ ലഭിച്ച പെനൽറ്റി സിറ്റി താരം ഗുണ്ടോഗൻ പാഴാക്കുകയും ചെയ്തു. വിജയത്തോടെ 25 മത്സരങ്ങളിൽനിന്ന് 37 പോയിന്റുമായി ടോട്ടനം ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. നാലാം സ്ഥാനത്തുള്ള ചെൽസിയുമായുള്ള പോയിന്റ് വ്യത്യാസം നാലു മാത്രം. 25 കളികളിൽനിന്ന് 51 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ രണ്ടാം സ്ഥാനത്തിന് ഇളക്കമൊന്നും തട്ടിയില്ലെങ്കിലും ഒന്നാമതുള്ള ലിവർപൂളുമായുള്ള പോയിന്റ് വ്യത്യാസം 22 ആയി തുടരും. മറ്റൊരു മത്സരത്തിൽ കരുത്തരായ ആർസനലിനെ ബേൺലി ഗോൾരഹിത സമനിലയിൽ തളച്ചു. ഇതോടെ 25 മത്സരങ്ങളിൽനിന്ന് 31 പോയിന്റുമായി ആർസനൽ 10–ാം സ്ഥാനത്തായി. ഇത്ര തന്നെ പോയിന്റുള്ള ബേൺലി 11–ാമതുണ്ട്.

∙ ‘ഇരട്ടച്ചങ്കൻ’ റൊണാൾഡോ

2020 ഗോളടിയുടെ ‘ട്വന്റി20’യാക്കി യുവെന്റസ് ജഴ്സിയിൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കുതിപ്പു തുടരുന്നു. ഇരട്ടഗോളുമായി റൊണാൾഡോ മിന്നിയ മത്സരത്തിൽ ഫിയൊറന്റീനയെ യുവെന്റസ് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തു. 40, 80 മിനിറ്റുകളിലായി പെനൽറ്റിയിൽനിന്നായിരുന്നു റൊണാൾഡോയുടെ രണ്ടു ഗോളുകളും. മൂന്നാം ഗോൾ ഇൻജറി ടൈമിൽ മാത്തിസ് ഡി ലിറ്റ് നേടി.

സെരി എയിൽ തുടർച്ചയായ ഒൻപതാം മത്സരത്തിലാണ് റൊണാൾഡോ യുവെന്റസിനായി ലക്ഷ്യം കാണുന്നത്. 2005ൽ ഡേവിഡ് ട്രസഗെയ്ക്കു ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരവും റൊണാൾഡോ തന്നെ. ഇതിനു പുറമെ യുവെന്റസിനായി താരത്തിന്റെ ഗോൾനേട്ടം 50 ആയി ഉയർന്നു. 70 മത്സരങ്ങളില്‍നിന്നാണ് റൊണാൾഡോ ഗോളടിയിൽ അർധസെഞ്ചുറി പൂർത്തിയാക്കിയത്. മാത്രമല്ല, യുവെന്റസ് ജഴ്സിയിൽ കഴിഞ്ഞ ആറു മത്സരങ്ങളിൽ റൊണാള്‍ഡോയുടെ ഗോൾനേട്ടം പത്തായി ഉയരുകയും ചെയ്തു.

വിജയത്തോടെ 22 കളികളിൽനിന്ന് 54 പോയിന്റുമായി യുവെന്റസ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഉഡിനീസിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തകർത്ത ഇന്റർമിലാൻ ഇത്രതന്നെ മത്സരങ്ങളിൽനിന്ന് 51 പോയിന്റുമായി രണ്ടാമതുണ്ട്. റൊമേലു ലുക്കാക്കുവിന്റെ ഇരട്ടഗോളാണ് (64, 71–പെനൽറ്റി), ഇന്ററിന് തകർപ്പൻ വിജയം സമ്മാനിച്ചത്.

∙ ബാർസയ്ക്ക് ഫാറ്റിയുണ്ട്!

സ്പാനിഷ് ലാലിഗയിൽ കൗമാര താരം അൻസു ഫാറ്റിയുടെ ഇരട്ടഗോൾ മികവിൽ നിലവിലെ ചാംപ്യൻമാരായ ബാർസിലോനയ്ക്ക് വിജയം. പൊരുതിക്കളിച്ച ലെവന്തയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബാർസ തകർത്തത്. മത്സരത്തിന്റെ 30, 31 മിനിറ്റുകളിലായാണ് ഫാറ്റി ലക്ഷ്യം കണ്ടത്. ലെവാന്തയുടെ ആശ്വാസഗോൾ ഇൻജറി ടൈമിൽ റൂബൻ റോച്ചിന നേടി. 

വിജയത്തോടെ 22 മത്സരങ്ങളിൽനിന്ന് 46 പോയിന്റുമായി ബാർസ ലീഗിൽ ഒന്നാമതുള്ള റയൽ മഡ്രിഡുമായുള്ള അകലം മൂന്നു പോയിന്റാക്കി കുറച്ചു. 22 കളികളിൽനിന്ന് 26 പോയിന്റുള്ള ലെവാന്തെ 13–ാം സ്ഥാനത്താണ്. മറ്റു മത്സരങ്ങളിൽ ലെഗാനസ് റയൽ സോസിദാദിനെയും (2–1), ഗെറ്റഫെ അത്‌ലറ്റിക്കോ ബിൽബാവോയെയും (2–0), വിയ്യാ റയൽ ഒസാസുനയെയും (3–1) തോൽപ്പിച്ചു. എയ്ബർ – റയൽ ബെറ്റിസ് മത്സരവും (1–1), സെവിയ്യ – അലാവസ് മത്സരവും (1–1) സമനിലയിൽ അവസാനിച്ചു.

English Summary: Latest Football News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com