sections
MORE

ഇന്ത്യൻ ജഴ്സിയിലും ബെംഗളൂരു എഫ്‌സിയിലും മിന്നിത്തിളങ്ങി ആഷിഖ്; വിശ്വസിക്കാം, എകെ 22

aashiq
SHARE

‘ഉറ്റുനോക്കൽ’ ആണ് പ്രതിഭകൾ നേരിടുന്ന പ്രധാന പ്രതിസന്ധി! കളിച്ചുതുടങ്ങുമ്പോഴേ രാജ്യം ‘ഉറ്റുനോക്കാൻ’ തുടങ്ങും. നാട്ടുകാരും കൂട്ടുകാരും ആശകളുടെ കോട്ട കെട്ടിത്തുടങ്ങും. അതോടെ തീർന്നു. പ്രതീക്ഷകളുടെ അമിതഭാരം താങ്ങാനാകാതെ പാതിവഴിയിൽ തളർന്നു വീഴുന്ന താരങ്ങളെയാണ് നാം സെക്കൻഡ് ഹാഫിൽ കാണുന്നത്.

പക്ഷേ, തന്നെ ഉറ്റുനോക്കുന്നതിൽ തെറ്റില്ല എന്ന് ആത്മവിശ്വാസത്തോടെ വിളിച്ചു പറയുന്ന ഫുട്ബോൾ താരമാണ് ആഷിഖ് കുരുണിയൻ. രണ്ടാം തവണയാണ് മലപ്പുറം പട്ടർകടവ് സ്വദേശിയായ ആഷിഖ് മലയാള മനോരമ സ്പോർട്സ് സ്റ്റാർ പട്ടികയിൽ ഇടംപിടിക്കുന്നത്. ‘എകെ 22 ബിലീവ്’ എന്നത് ആഷിഖിന് ആരാധകർ ചാർത്തിക്കൊടുത്ത പട്ടം മാത്രമല്ല, 22 –ാം നമ്പർ ജഴ്സിയെ ഉയരങ്ങളിലെത്തിച്ച ആഷിഖ് കുരുണിയനെ വിശ്വസിക്കാം എന്നു തന്നെയാണ് അതിന്റെ അർഥം. അതേ വിശ്വാസത്തിന്റെ പേരിലാണ് ബെംഗളൂരു എഫ്സി പൊന്നും വിലകൊടുത്ത് ആഷിഖിനെ സ്വന്തമാക്കിയതും.

∙ അവിചാരിതം

ചുരുക്കിപ്പറഞ്ഞാൽ, അവിചാരിതങ്ങളുടെ ‘ലാ ലിഗ’ യാണ് ആഷിഖിന്റെ ജീവിതം. പണം വഴിമുടക്കിയപ്പോൾ പഠിത്തമുപേക്ഷിച്ച് കരിമ്പു ജ്യൂസടിക്കാൻ പോയ പയ്യൻ പിന്നീട് സ്പെയിനിലെ വിയ്യാറയൽ ക്ലബ്ബിൽ ഫുട്ബോളിൽ ഉപരിപഠനത്തിനു പോകുന്നു.  തിരിച്ചെത്തുമ്പോൾ മോഹവില കൊടുത്തു വാങ്ങാൻ നാട്ടിലെ ക്ലബ്ബുകൾ മത്സരിക്കുന്നു. 2022 ഖത്തർ ലോകകപ്പിനുള്ള ഏഷ്യൻ യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ ടീമിൽ സ്ഥാനം.

ഇന്റർ കോണ്ടിനെന്റൽ കപ്പ്, ഏഷ്യൻ കപ്പ്, സാഫ് കപ്പ് എന്നിങ്ങനെ ഒട്ടേറെ ചാംപ്യൻഷിപ്പുകളിൽ നിറസാന്നിധ്യം. കഴിഞ്ഞ വർഷം മുതൽ ബെംഗളൂരു എഫ്സിയുടെ മിഡ്ഫീൽഡിലും. ആഷിഖിന്റെ കരിയർ ഗ്രാഫ് വരച്ചാൽ ഒരു പിഎസ്എൽവി റോക്കറ്റ് വിട്ടപോലെയായിരിക്കും അത്. മുകളിലേക്ക്, മുകളിലേക്കു മാത്രം. ഐഎസ്എല്ലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളി കൂടിയാണ് ഇരുപത്തിരണ്ടുകാരൻ ആഷിഖ്.

∙ അന്തസ്സ്

ഐഎസ്എല്ലിൽ വിജയവഴിയിലാണ് എന്റെ ടീമായ ബെംഗളൂരു എഫ്സി. തുടർച്ചയായി രണ്ടാം തവണയും കപ്പടിക്കുക എന്നതാണ് ലക്ഷ്യം. വരാനിരിക്കുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം നടത്താനാകുമെന്നാണ് എന്റെ പ്രതീക്ഷ.

ആഷിഖ് കുരുണിയൻ

പുണെ സിറ്റിക്കുവേണ്ടി മികച്ച പ്രകടനം നടത്തിയ അഞ്ചടി പത്തിഞ്ചുകാരനെ ബെംഗളൂരു എഫ്സി റാഞ്ചിയത് കഴിഞ്ഞ വർഷമാണ്. ഇഷ്ട ജഴ്സി നമ്പറായ 22 ൽനിന്ന് 19 ലേക്ക് അതോടെ ആഷിഖ് മാറി. ഏതു പേരിട്ടു വിളിച്ചാലും എകെ 47 തോക്കിന്റെ പ്രഹരശേഷിക്കു മാറ്റമുണ്ടാകില്ലല്ലോ. ആഷിഖ് കുരുണിയൻ 22 ൽ നിന്ന് 19–ാം നമ്പർ ജഴ്സിയിലേക്കു മാറുമ്പോഴും അങ്ങനെതന്നെ. ഇതിനകം 14 മത്സരങ്ങളിൽ ബെംഗളൂരുവിനായി കളത്തിലിറങ്ങി.

കഴിഞ്ഞദിവസം എഎഫ്സി കപ്പ് യോഗ്യതാ മത്സരത്തിനായി ഭൂട്ടാനിലായിരുന്നു ആഷിഖ്. ഭൂട്ടാൻ പ്രീമിയർ ലീഗിലെ മുൻനിരക്കാരായ പാറൊ എഫ്സിയെ ബെംഗളൂരു തോൽപിച്ചു. മത്സരത്തെക്കുറിച്ച് എന്തു തോന്നി എന്നു ചോദിച്ചപ്പോൾ, നല്ല തണുപ്പു തോന്നി എന്നായിരുന്നു ആഷിഖിന്റെ മറുപടി. കാറ്റുനിറച്ച പന്തിനു പിന്നാലെയാണു പായുന്നതെങ്കിലും ഊതിവീർപ്പിച്ച മറുപടികളൊന്നും ആഷിഖിൽനിന്നു കിട്ടില്ല. നാട്യങ്ങളൊന്നുമില്ലാത്ത തനി നാട്ടിൻപുറത്തുകാരൻ പയ്യൻ.

എകെ 22 അക്കാദമി

കളി നിർത്തി വീട്ടിലിരിക്കാൻ പ്രായമാകുമ്പോഴാണ് സമൂഹത്തിന് എന്തെങ്കിലും കനപ്പെട്ട സംഭാവന ചെയ്യണമല്ലോ എന്ന് മിക്കവാറും കായികതാരങ്ങൾ ഓർക്കുക. പക്ഷേ, ആഷിഖ് നേരെ തിരിച്ചാണ്. നല്ല പ്രായത്തിൽതന്നെ ആഷിഖും കൂട്ടുകാരും ചേർന്ന് മലപ്പുറത്ത് ഒരു ഫുട്ബോൾ അക്കാദമി തുടങ്ങി. ‘എകെ 22 ഫുട്ബോൾ അക്കാദമി’ എന്നാണതിന്റെ പേര്. 5 വയസ്സുമുതലുള്ള എൺപതോളം കുട്ടികൾക്ക് അക്കാദമിയിൽ പരിശീലനമുണ്ട്. പ്രഫഷനൽ ഫുട്ബോളിൽ സ്വന്തം നാട്ടിലെ കുട്ടികൾക്കും അവസരമൊരുക്കുക എന്നതാണ് ആഷിഖ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

English Summary: Ashique Kuruniyan Shortlisted in Manorama Sports Stars Award 2019

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
FROM ONMANORAMA