ADVERTISEMENT

നേപ്പാൾ ഇന്ത്യയുടെ ഭാഗമല്ല. പക്ഷേ ഇന്ത്യൻ ഫുട്ബോളിന്റെ ഭാഗമാണ്. നേപ്പാളിൽ കുടുംബവേരുകളുള്ള സുനിൽ ഛേത്രിയുടെ ക്യാപ്റ്റൻസിയിലാണ് ഇന്ത്യ ഇപ്പോൾ പുരുഷ ഫുട്ബോളിൽ ഉയരങ്ങൾ തേടുന്നത്. ഇപ്പോഴിതാ നേപ്പാളിൽ നിന്നെത്തിയ ഒരു പെൺകുട്ടി ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗിലും ചലനങ്ങൾ തീർക്കുന്നു.

ഗോകുലം കേരള എഫ്സിയുടെ സൂപ്പർ സ്ട്രൈക്കർ സബിത്ര ഭണ്ഡാരി. ലോകചാംപ്യന്മ‍ാരായ അമേരിക്കൻ വനിതാ ടീമിന്റെ സൂപ്പർ താരം മേഗൻ റപീനോയെപ്പോലെ മുടി ബോബ് ചെയ്ത സബിത്ര ഈ ടൂർണമെന്റിൽ ‘ഗോകുലത്തിന്റെ മേഗൻ റപീനോ’ ആയിരുന്നു. ഫൈനൽ വിജയത്തിനു ശേഷം സബിത്ര ‘മനോരമ’യോടു സംസാരിക്കുന്നു:

∙ ഗോകുലം ചാംപ്യൻമാരായി, സബിത്ര ടോപ് സ്കോററുമായല്ലോ?

ഗോകുലം ചാംപ്യൻമാരാകുമെന്ന് എനിക്കുറപ്പായിരുന്നു. ഞാൻ ടോപ് സ്കോറർ ആവുമോ എന്നതായിരുന്നു സംശയം. കഴിഞ്ഞ സീസണിൽ ബാലാദേവിക്കു പിന്നിലായിരുന്നു ഞാൻ. അതു കൊണ്ട് ഇത്തവണ ടോപ് സ്കോററാവണമെന്ന് വാശിയുണ്ടായിരുന്നു.

∙ പുരുഷ ടീമും വനിതാ ടീമുമുള്ള ചുരുക്കം ഇന്ത്യൻ ക്ലബുകളിലൊന്നാണ് ഗോകുലം?

വനിതാ ഫുട്ബോളിൽ ഗോകുലം മാനേജ്മെന്റ് കാണിക്കുന്ന താൽപര്യം എന്നെ സന്തോഷിപ്പിക്കുന്നു. ഇത്തവണ ഇന്ത്യൻ വനിതാ ലീഗിൽ കളിച്ച ഏക ഐ ലീഗ് ക്ലബ്ബാണ് ഗോകുലം. ഐഎസ്എൽ ടീമുകളും വനിതാ ടീമുകളെ കളത്തിലിറക്കിയില്ല.

∙ രാജ്യാന്തര വനിതാ ഫുട്ബോളിൽ പ്രതിഫലത്തിൽ പുരുഷ താരങ്ങൾക്കൊപ്പം തുല്യത വേണമെന്ന ആവശ്യം ശക്തമാണ്?

കൂടുതൽ കോർപറേറ്റ് കമ്പനികൾ ഫുട്ബോളിൽ നിക്ഷേപം നടത്തണം. എങ്കിലേ പ്രതിഫലം ഉൾപ്പെടെയുള്ളവ മെച്ചപ്പെടൂ..

ഗോകുലം ചരിത്രവിജയം നേടിക്കൊടുത്തെങ്കിലും സബിത്ര ഇതുവരെ കേരളത്തിൽ വന്നിട്ടില്ല എന്നതാണ് കൗതുകകരം. ടൂർണമെന്റിനു മുൻപ് ബെംഗളൂരുവിലെ ടീം ക്യാംപിലേക്കു നേരിട്ടെത്തുകയായിരുന്നു. എന്നാൽ കേരളത്തെക്കുറിച്ച് എല്ലാം അറിഞ്ഞു വച്ചിട്ടുണ്ട്.  ‘കൈതച്ചക്ക’ എന്നതാണ് താൻ ആദ്യം പഠിച്ച മലയാളം വാക്ക് എന്ന് സബിത്ര പറയുന്നു. ബെംഗളൂരുവിലെ മലയാളിയുടെ കടയിൽ ജ്യൂസ് കുടിക്കാൻ പോയപ്പോൾ പഠിച്ചതാണ്. കേരള ബിരിയാണിയും ദോശയുമെല്ലാം രുചിച്ചു നോക്കിയിട്ടുണ്ട്. ഇനി കേരളത്തിലെത്തുമ്പോൾ കൂടുതൽ കഴിക്കാമല്ലോയെന്ന് സബിത്ര പറയുന്നു.

English Summary: Sabitra Bhandari to manorama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com