ADVERTISEMENT

ലണ്ടൻ ∙ ചരിത്രം ഹാരി ഗ്രെഗിനെ എങ്ങനെയാകും അടയാളപ്പെടുത്തുക ? ടീമിനു വേണ്ടി ഒരുപാടു സേവുകൾ നടത്തിയ ഗോൾകീപ്പറെന്നോ ? അതോ ലോകത്തെ നടുക്കിയ വിമാനദുരന്തത്തിൽനിന്നു വിലപ്പെട്ട ജീവനുകൾ രക്ഷിച്ച അസാമാന്യ ധീരനെന്നോ ? രണ്ടായാലും ജീവിതകാലം മുഴുവൻ ധീരനായി ജീവിച്ചു ഹാരി ഗ്രെഗ്. മരണത്തിന്റെ കൈപിടിക്കുമ്പോഴും ലോകത്തിനു ഹാരി ഗ്രെഗ് രക്ഷകനാണ്. എല്ലാ അർഥത്തിലും ...

ഓർമയുടെ കനലുകൾ ജ്വലിപ്പിച്ചു നിർത്തി, ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിഖ്യാത ഗോൾകീപ്പർ ഹാരി ഗ്രെഗ് (87) വിടവാങ്ങി. മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുമായി ബൽഗ്രേഡിൽ നിന്നു പറന്ന വിമാനം 1958 ഫെബ്രുവരി ആറിനു ജർമനിയിലെ മ്യൂണിക്കിൽ തകർന്നു വീണപ്പോൾ അത്ഭുതകരമായി രക്ഷപ്പെട്ട ഗ്രെഗ് ആളിക്കത്തുന്ന വിമാനത്തിൽനിന്ന് രക്ഷിച്ചത് ഏഴുപേരെയാണ്. ഇനിയും പൊട്ടിത്തെറി ഉണ്ടാകും, അകന്നുപോകൂ എന്ന ആക്രോശങ്ങൾ വകവയ്ക്കാതെ ഗ്രെഗ് റൺവേയിൽ എരിഞ്ഞു നിന്ന വിമാനത്തിലേക്ക് ഓടിക്കയറി.

ചങ്കുറപ്പോടെ ഗ്രെഗ് ജീവിതത്തിലേക്ക് വലിച്ചെടുത്തവരിൽ അഞ്ചു സഹതാരങ്ങളുണ്ടായിരുന്നു. ഒപ്പം പൂർണഗർഭിണിയായ ഒരമ്മയും കുഞ്ഞും. വിഖ്യാത താരം ബോബി ചാൾട്ടൻ, ജാക്കി ബ്ലഞ്ച് ഫ്ലവർ എന്നിവരെ കത്തുന്ന പാന്റ്സിന്റെ അറ്റത്തു പിടിച്ചു വലിച്ചാണ് ഗ്രെഗ് മരണമുഖത്തു നിന്നു തിരിച്ചുകൊണ്ടുവന്നത്. ഇരുവരും അബോധാവസ്ഥയിലായിരുന്നു അപ്പോൾ. ചാൾട്ടൻ പിന്നീട് ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച താരമായി.1966ൽ ഇംഗ്ലണ്ടിന്റെ ആദ്യ ലോകകപ്പ് വിജയത്തിൽ പങ്കാളിയായി.

മരിച്ച 23 പേരിൽ 8 പേർ മാഞ്ചസ്റ്റിന്റെ കളിക്കാരായിരുന്നു. ടീം യൂറോപ്യൻ കപ്പിന്റെ സെമിയിലെത്തിയ ആഹ്ലാദത്തിൽ മടങ്ങുകയായിരുന്നു എല്ലാവരും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചരിത്രത്തിലെ കറുത്തദിനത്തിനു സാക്ഷിയായി ഗ്രെഗ് പിൽക്കാലമത്രയും ജീവിച്ചു.

ലോകത്തെ ഏറ്റവും വിലയേറിയ ഗോൾകീപ്പറെന്ന ബഹുമതിയോടെയാണ് ഗ്രെഗ് 1957 ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ ചേർന്നത്. വിമാന ദുരന്തത്തിന്റെ പതിമൂന്നാം ദിവസം എഫ്എ കപ്പിൽ ഷെഫീൽഡ് വെനസ്ഡേക്കെതിരെ കളിക്കാൻ കടുത്ത തലവേദനയുമായി ഗ്രെഗ് ഇറങ്ങി. എട്ടു പ്രധാനകളിക്കാർ വിടവാങ്ങിയിട്ടും 1958 എഫ്എ കപ്പ് ഫൈനൽ വരെ ടീമെത്തി. വിട്ടുമാറാത്ത തലവേദനയ്ക്കു ഡോക്ടറെക്കണ്ടപ്പോഴാണ് അപകടത്തിൽ തലച്ചോറിനേറ്റ ക്ഷതം വെളിപ്പെട്ടത്. 1958 ൽ സ്വീഡനിലെ ലോകകപ്പിൽ മികച്ച ഗോൾകീപ്പറായി ഹാരി ഗ്രെഗ് തിരഞ്ഞെടുക്കപ്പെട്ടു. വടക്കൻ അയർലൻഡ് താരമായിരുന്നു ഗ്രെഗ്. 1966 വരെ യുണൈറ്റഡ് ടീമിൽ തുടർന്ന ഗ്രെഗ് 247 തവണ ടീമിനായി കളിച്ചു. 1963 ൽ എഫ്എ കപ്പ് നേടി. പരുക്കുകൾ ഗ്രെഗിനെ വിടാതെ വേട്ടയാടി.

അതികായനെപ്പോലെ ബാറിനു കീഴിൽ മിന്നിനിന്ന ഗ്രെഗിനെ കടുത്ത തോൾവേദന കീഴ്പ്പെടുത്തി. പ്രഫഷനൽ ഫുട്ബോളറുടെ ജീവിതത്തെ കടുത്ത ടാക്ലിങ്ങിലൂടെ കീഴ്പ്പെടുത്തുന്ന പരുക്കിൽ നിന്ന് ഗ്രെഗിനും രക്ഷപ്പെടാനായില്ല. രണ്ടു സീസണിൽ സ്റ്റോക് സിറ്റിക്കു വേണ്ടിക്കൂടി കളിച്ച ശേഷമാണ് ഗ്രെഗ് വിരമിച്ചത്. പിന്നീട് സ്പോർട്സ് മാനേജ്മെന്റിൽ സജീവമായി.1986 ൽ യുണൈറ്റഡിന്റെ ഗോൾകീപ്പിങ് കോച്ചായും ജോലി ചെയ്തു.

ദുരന്തസ്മൃതികൾക്കൊപ്പം ജീവിക്കേണ്ടി വന്നതിന്റെ വേദനകളെക്കുറിച്ച് ആത്മകഥയിൽ ഗ്രെഗ് എഴുതിയത് ഹൃദയം കൊണ്ടായിരുന്നു. ആ വാക്കുകൾ ഇങ്ങനെ : ‘‘ആ ദുരന്തം എന്റെ വ്യക്തിത്വത്തെ വലിയ തലത്തിലെത്തിച്ചു. എന്നാൽ ആ കുപ്രസിദ്ധിക്കു വലിയ വില നൽകേണ്ടി വന്നു ’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com