ADVERTISEMENT

നടുക്കടലിൽ പെട്ടുപോയ ആ കപ്പലിനെ കപ്പിത്താൻ വിട്ടു പോകില്ല! യുവേഫയുടെ ചാംപ്യൻസ് ലീഗ് വിലക്കു മൂലം പ്രതിസന്ധിയിലായ മാഞ്ചസ്റ്റർ സിറ്റി ക്ലബിനെ വിട്ട് താൻ എങ്ങോട്ടും പോകില്ലെന്ന് കളിക്കാർക്കും ആരാധകർക്കും പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ ഉറപ്പ്. വിലക്കിനെതിരെ സിറ്റി ലോക കായിക തർക്ക പരിഹാര കോടതിയിൽ അപ്പീൽ നൽകാനിരിക്കെയാണ് ടീമിന് പ്രചോദനമായി പെപ്പിന്റെ വാക്കുകൾ.

‘‘നമ്മൾ ഏതു ലീഗിൽ ആയാലും ഞാൻ ഇവിടെത്തന്നെയുണ്ടാകും. അതിപ്പോൾ രണ്ടാം ഡിവിഷനിലായാലും. നമ്മളെല്ലാം ഒരുമിച്ചു നിൽക്കേണ്ട സമയമാണിത്...’– ഗ്വാർഡിയോള പറഞ്ഞതായി ബ്രിട്ടിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിറ്റിയുടെ വിലക്ക് നീങ്ങിയില്ലെങ്കിൽ ഗ്വാർഡിയോള ക്ലബ് വിട്ടുപോകും എന്ന റിപ്പോർട്ടുകൾ പരക്കുന്നതിനിടെയാണ് പുതിയ വാർത്ത. ഇറ്റാലിയൻ ക്ലബ് യുവെന്റസ് പരിശീലക റോളുമായി പെപ്പിനെ സമീപിച്ചിട്ടുണ്ട് എന്നും വാർത്തകളുണ്ടായിരുന്നു. സിറ്റി സിഇഒ ഫെറാൻ സോറിയാനോയും കളിക്കാരോട് അഭ്യർഥനയുമായി രംഗത്തെത്തി. ‘നിങ്ങളെ ഞാൻ വിശ്വസിക്കുന്ന പോലെ നിങ്ങൾ എന്നെ വിശ്വസിക്കൂ..’–സോറിയാനോ പറഞ്ഞു.

യൂറോപ്യൻ ഫുട്ബോൾ ക്ലബുകളുടെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കുന്ന ഫിനാൻഷ്യൽ ഫെയർപ്ലേ (എഫ്എഫ്പി) ചട്ടങ്ങൾ ലംഘിച്ചതിനും യുവേഫയെ തെറ്റിദ്ധരിപ്പിച്ചതിനുമാണ് സിറ്റിക്ക് യൂറോപ്പിലെ ഒന്നാം ക്ലബ് ചാംപ്യൻഷിപ്പായ ചാംപ്യൻസ് ലീഗിൽ നിന്ന് രണ്ടു വർഷത്തെ വിലക്ക് വന്നത്. 2.5 കോടി പൗണ്ട് (ഏകദേശം 233 കോടി രൂപ) പിഴയും സിറ്റി അടക്കണം. ഇംഗ്ലിഷ് ഫുട്ബോൾ അസോസിയേഷനും അന്വേഷണം നടത്തി യുവേഫയുടെ പാത പിന്തുടരുകയാണെങ്കിൽ നിലവിലെ പ്രീമിയർ ലീഗ് സീസണിൽ സിറ്റിക്ക് ‘പോയിന്റ് പിഴ’ വരാനും സാധ്യതയുണ്ട്.

പ്രീമിയർ ലീഗിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് സിറ്റി. ഇപ്പോൾ നടന്നു വരുന്ന ചാംപ്യൻസ് ലീഗ് സീസണിൽ വിലക്ക് ബാധകമല്ല എന്നതു മാത്രമാണ് സിറ്റിക്കുള്ള ആശ്വാസം. 27ന് പ്രീ–ക്വാർട്ടർ ഫൈനൽ ആദ്യപാദത്തിൽ റയൽ മഡ്രിഡിനെ നേരിടാനിരിക്കുകയാണ് സിറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com