ADVERTISEMENT

ലണ്ടൻ ∙ പെനൽറ്റി ഷൂട്ടൗട്ടിൽ ജയിക്കാൻ നെതർലൻഡ്സ് ഗോൾകീപ്പർ ടിം ക്രൂൾ വെള്ളക്കുപ്പി വരെ ആയുധമാക്കും! ബുധൻ രാത്രി നടന്ന ടോട്ടനം ഹോട്സ്പർ– നോർവിച്ച് സിറ്റി എഫ്എ കപ്പ് ഫുട്ബോൾ പ്രീക്വാർട്ടർ പോരാട്ടം 1–1 സമനിലയിലായി പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ടപ്പോൾ നോർവിച്ച് ഗോൾകീപ്പിങ് കോച്ച് എഡ് വൂട്ടൻ ഗോൾകീപ്പർ ടിം ക്രൂളിന് ഒരു വെള്ളക്കുപ്പി നൽകി.

കുടിക്കാനുള്ള വെള്ളം മാത്രമായിരുന്നില്ല ആ കുപ്പിയിൽ. കുപ്പിക്കു പുറത്ത് ഓരോ ടോട്ടനം കളിക്കാരും പോസ്റ്റിന്റെ ഏതു ഭാഗത്തേക്കു കിക്കെടുക്കുമെന്ന് അതിൽ കൃത്യമായി എഴുതിയിരുന്നു. ഓരോ കിക്ക് കഴിഞ്ഞും ‘വെള്ളം കുടിച്ച്’, ടോട്ടനം താരങ്ങളായ ട്രോയ് പാരറ്റിന്റെയും ഗെഡ്സൻ ഫെർണാണ്ടസിന്റെയും കിക്കുകൾ ക്രൂൾ തടുത്തിട്ടു. കളി ജയിച്ച് നോർവിച്ച് എഫ്എ കപ്പ് ക്വാർട്ടർ ഫൈനലിൽ എത്തിയപ്പോൾ മുപ്പത്തിയൊന്നുകാരനായ ക്രൂൾ തന്റെ വെള്ളക്കുപ്പി ഉയർത്തിക്കാട്ടി. 3–2 നായിരുന്നു പെനൽറ്റി ഷൂട്ടൗട്ടിൽ നോർവിച്ചിന്റെ ജയം.

‌ഷൂട്ടൗട്ടിൽ ക്രൂൾ കാണിക്കുന്ന ജാഗ്രതയും മനസ്സാന്നിധ്യവും ഇതിനു മുൻപും ലോകം കണ്ടിട്ടുണ്ട്. 2014 ലോകകപ്പിൽ നെതർലൻഡ്സ്– കോസ്റ്ററിക്ക ക്വാർട്ടർ ഫൈനൽ പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീങ്ങുന്നുവെന്നു കണ്ടപ്പോൾ നെതർലൻഡ്സ് പരിശീലകൻ ലൂയി വാൻഗാൽ  രണ്ടാം കീപ്പറായ ക്രൂളിനെ കളത്തിലിറക്കി. രണ്ടു കിക്കുകൾ തടുത്ത് ക്രൂൾ നെതർലൻഡ്സിനെ സെമിയിലുമെത്തിച്ചു. 

തന്ത്രം; സമ്മർദം

ടോട്ടനത്തിനു വേണ്ടി രണ്ടാമത്തെ മത്സരം മാത്രം കളിച്ച ട്രോയ് പാരറ്റ് കിക്കെടുക്കും മുൻപ് ക്രൂൾ അടുത്തുചെന്നു പറഞ്ഞു. ‘നിന്റെ ഏറെ പെനൽറ്റി കിക്കുകളൊന്നും‌ ഞാൻ കണ്ടിട്ടില്ല. പക്ഷേ, നിന്റെ കൂട്ടുകാരുടെ കിക്കൊക്കെ തടുക്കാൻ എനിക്കറിയാം’. 

പിന്നാലെ, പോസ്റ്റിന്റെ വലതു മൂലയിലേക്കുള്ള പാരറ്റിന്റെ കിക്ക് ഡൈവിലൂടെ ക്രൂൾ തടുത്തിടുകയും ചെയ്തു. അതെങ്ങനെ സാധിച്ചു എന്നതിനെക്കുറിച്ച് മത്സരശേഷം ക്രൂൾ പറഞ്ഞത് ഇങ്ങനെ: ‘യഥാർഥത്തിൽ പാരറ്റിന്റെ ഒറ്റ കിക്കുപോലും ഞാൻ കണ്ടിരുന്നില്ല. അയാളെ സമ്മർദത്തിലാക്കാനാണ് അങ്ങനെ പറഞ്ഞത്. ആസൂത്രണത്തിനു പുറമേ കിക്കെടുക്കാൻ വരുന്നവരെ സമ്മർദത്തിലാക്കാൻ കഴിയുന്നതും ഷൂട്ടൗട്ടിൽ പ്രധാനമാണ്’.

English Summary: Tim Krul reveals water bottle trick

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com