ADVERTISEMENT

സൂറിക് ∙ കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19 രോഗഭീതിയെത്തുടർന്ന് 2022 ഖത്തർ ലോകകപ്പിന്റെ ഏഷ്യയിലെ യോഗ്യതാ മത്സരങ്ങളെല്ലാം രാജ്യാന്തര ഫുട്ബോൾ ഭരണസമിതിയായ ഫിഫ മാറ്റി വച്ചു. 2023 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾ കൂടിയാണിവ. ഭുവനേശ്വറിൽ മാർച്ച് 26നു നിശ്ചയിച്ചിരുന്ന ഇന്ത്യ–ഖത്തർ മത്സരവും മാറ്റിയതിൽ ഉൾപ്പെടുന്നു. ഫിഫയുടെ ആസ്ഥാനമായ സൂറിക്കിൽ ഫിഫ–എഎഫ്സി സംയുക്ത യോഗത്തിലാണ് തീരുമാനം. ലോകകപ്പ് യോഗ്യതാ സാധ്യത നേരത്തെ അസ്തമിച്ച ഇന്ത്യയ്ക്ക് ഏഷ്യൻ കപ്പിന് യോഗ്യത നേടാനുള്ള മത്സരങ്ങളിലൊന്നാണ് ഖത്തറിനെതിരെയുള്ളത്. ജൂണിൽ ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നിവർക്കെതിരെയും ഇന്ത്യയ്ക്ക് മത്സരമുണ്ട്.

‘ഐപിഎല്ലിനു ഭീഷണിയില്ല’

ന്യൂഡൽഹി ∙ ഒളിംപിക്സ് ഉൾപ്പെടെയുള്ള കായിക മത്സരങ്ങൾ കൊറോണ വൈറസ് ഭീതിയുടെ നിഴലിലാണെങ്കിലും ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റിന് കൊറോണ ഭീഷണിയില്ലെന്ന് ബിസിസിഐ വൃത്തങ്ങൾ. ‘ഒളിംപിക്സ് തന്നെ സമയത്തിനു നടക്കുമെന്ന് രാജ്യാന്തര ഒളിംപിക് സമിതി (ഐഒസി) പറയുന്നു. അപ്പോൾ പിന്നെ ഐപിഎൽ നടത്തിപ്പ് പേടിക്കേണ്ട കാര്യമേയില്ല..’– ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞു. ക്രിക്കറ്റ് ജനപ്രിയമായ രാജ്യങ്ങളിലൊന്നും കൊറോണ അത്ര വലിയ ഭീഷണിയായിട്ടില്ല എന്നതാണ് ഐപിഎല്ലിനെ സംരക്ഷിക്കുന്നത്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അറുപതോളം വിദേശതാരങ്ങളാണ് ഇത്തവണ ഐപിഎല്ലിൽ കരാർ ഒപ്പിട്ടിരിക്കുന്നത്. ഏകദേശം 16,347 കോടി രൂപയ്ക്കാണ് സ്റ്റാർ സ്പോർട്സ് അഞ്ചു വർഷത്തേക്ക് ഐപിഎല്ലിന്റെ സംപ്രേഷണാവകാശം വാങ്ങിയത്. ഐപിഎൽ നീട്ടി വയ്ക്കുകയോ മുടങ്ങുകയോ ചെയ്താൽ വലിയ തിരിച്ചടിയാകും അത്.

അടച്ചിട്ട് ഇറ്റലി

മിലാൻ ∙ ഫുട്ബോൾ മത്സരങ്ങൾക്കു പിന്നാലെ മറ്റെല്ലാ കായിക മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടത്താൻ ഇറ്റലി. ഇറ്റാലിയൻ കപ്പ് ഫുട്ബോൾ, സീരി എ ഫുട്ബോൾ, സിക്സ് നേഷൻസ് റഗ്ബി ചാംപ്യൻഷിപ്പ്, ഡേവിസ് കപ്പ് ടെന്നിസ് യോഗ്യതാ മത്സരം തുടങ്ങിയവ ഇതോടെ കാണികളില്ലാത്ത സ്റ്റേഡിയത്തിലാകും നടക്കുക.

English Summary: World Cup qualifiers postponed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com