ADVERTISEMENT

മഡ്രിഡ് ∙ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ആദ്യമായി പ്രീക്വാർട്ടർ കളിച്ച 2 ക്ലബ്ബുകളും ക്വാർട്ടർ ഫൈനലിലേക്കു മുന്നേറി. 2–ാം പാദ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഇംഗ്ലിഷ് ക്ലബ് ടോട്ടനം ഹോട്സ്പറിനെ 3–0നു തോൽപിച്ച ജർമൻ ക്ലബ് ആർബി ലൈപ്സിഷ് ഇരുപാദങ്ങളിലുമായി 4–0 എന്ന സ്കോറിൽ അവസാന എട്ടിലേക്കു മുന്നേറി. സ്പാനിഷ് ക്ലബ് വലൻസിയയെ 4–3 ന് തകർത്ത ഇറ്റാലിയൻ ക്ലബ് അറ്റലാന്റ ഇരുപാദങ്ങളിലുമായി 8–4 എന്ന തകർപ്പൻ ഗോൾ വ്യത്യാസത്തിലാണു ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിനു യോഗ്യത നേടിയത്.  

നാലടിച്ച് ഇലിസിച്

കൊറോണ വൈറസ് ഭീതി മൂലം അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തിയ മത്സരത്തിൽ വലൻസിയയെ 4–3നു തകർത്താണ് തങ്ങളുടെ ആദ്യ ചാംപ്യൻസ് ലീഗ് കളിക്കുന്ന അറ്റലാന്റ സ്വപ്നക്കുതിപ്പു തുടർന്നത്. അറ്റലാന്റയുടെ 4 ഗോളുകളും നേടിയത് സ്‌ലൊവാക്യൻ  മിഡ്ഫീൽഡർ ജോസിപ് ഇലിസിച്ചായിരുന്നു. ആദ്യപാദത്തിൽ 4–1നു തോറ്റതിനാൽ വലൻസിയയ്ക്കു 4 ഗോൾ ജയം അനിവാര്യമായിരുന്നു. 

വലൻസിയ പ്രതിരോധതാരം മുഖ്താർ ദിയഖാബി വഴങ്ങിയ 2 പെനൽറ്റികൾ ലക്ഷ്യത്തിലെത്തിച്ചാണ് (3’, 43’) ഇലിസിച് തന്റെ ആദ്യ 2 ഗോളുകളും നേടിയത്. കെവിൻ ഗമീറോയുടെ ഇരട്ട ഗോളിനു (21’,51’) പിന്നാലെ ഫെറാൻ ടോറസും (67’) ഗോളടിച്ചതോടെ വലൻസിയ ലീഡിലേക്കെത്തി. എന്നാൽ, 71–ാം മിനിറ്റിൽ 20 വാര അകലെനിന്നു നേടിയ ഗോളിലൂടെ അറ്റലാന്റയെ ഒപ്പമെത്തിച്ച ഇലിസിച് 84–ാം മിനിറ്റിൽ വിജയഗോളും നേടി. 

ടോട്ടനം പൊട്ടി

ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ 1–0നു തോറ്റതിനാൽ ക്വാർട്ടറിലെത്താൻ 2 ഗോൾ ജയം അനിവാര്യമായിരുന്നു ഹോസെ മൗറീഞ്ഞോയുടെ ടോട്ടനത്തിന്. എന്നാൽ പരുക്കേറ്റതിനാൽ കളിക്കാൻ പറ്റാതെ പോയ സ്ട്രൈക്കർ ഹാരി കെയ്ൻ, ഹ്യുങ് മിൻ സൺ, സ്റ്റീഫൻ ബെർജ്‍വിൻ എന്നിവരുടെ കുറവു നികത്താൻ ടോട്ടനത്തിനായില്ല. മാർസൽ സബിറ്റ്സർ (10’, 21’), എമിൽ ഫോസ്ബർഗ് (87’) എന്നിവരുടെ ഗോളുകളിലൂടെയാണു ലൈപ്സിഷ് കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളുടെ കഥകഴിച്ചത്.

English Summary: Champions League, Tottenham Hotspur suffer crushing defeat, knocked out in round of 16 by RB Leipzig

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com