ADVERTISEMENT

ടൂറിൻ∙ കൊറോണ വൈറസ് ബാധയ്ക്കെതിരായ പോരാട്ടത്തിൽ പങ്കുചേർന്ന് പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും. പോർച്ചുഗലിൽ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗബാധിതരെ സഹായിക്കുന്നതിനായി ക്രിസ്റ്റ്യാനോയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകൾ ആശുപത്രികളാക്കി മാറ്റിയതായി റിപ്പോർട്ട്. വൈറസ് ബാധ സ്ഥിരീകരിച്ചവരെ ശുശ്രൂഷിക്കുന്നതിനായി റൊണാൾഡോയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകൾ ആശുപത്രികളാക്കി രൂപാന്തരപ്പെടുത്തുന്ന കാര്യം യുവെ വെബ്സൈറ്റും സ്പാനിഷ് ദിനപ്പത്രമായ മാർസയുമാണ് റിപ്പോർട്ട് ചെയ്തത്. ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബ്രാൻഡായ ‘സിആർ7’ന്റെ പേരിലുള്ള ഹോട്ടലുകളാണ് ആശുപത്രികളാക്കിയത്. ഈ കേന്ദ്രങ്ങളിൽ ചികിത്സ സൗജന്യമായിരിക്കും. ഇവിടെ സേവനം ചെയ്യുന്ന ഡോക്ടർമാരുടെയും മറ്റ് സ്റ്റാഫുകളുടെയും ശമ്പളം ഉൾപ്പെടെയുള്ള ചെലവുകൾ റൊണാൾഡോ വഹിക്കുമെന്നുമാണ് റിപ്പോർട്ട്. പോർച്ചുഗലിൽ ഇതുവരെ 170–ഓളം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം, ഇവിടെ കോവിഡ് 19 ബാധിച്ച് ഇതുവരെ ആരും മരിച്ചിട്ടില്ല.

ഇറ്റാലിയൻ സെരി എയിൽ യുവെന്റസിന്റെ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ പോർച്ചുഗലിലെ വീട്ടിലാണുള്ളത്. അമ്മയ്ക്ക് സുഖമില്ലാത്തതിനെ തുടർന്ന് നാട്ടിലേക്കു പോയ റൊണാൾഡോ, കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നാട്ടിൽത്തന്നെ തുടരുകയാണ്. യുവെന്റസിൽ റൊണാള്‍ഡോയുടെ സഹതാരമായ ഡാനിയേല റുഗാനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ റൊണാൾഡോ ഉൾപ്പെടെയുള്ള യുവെന്റസ് താരങ്ങളും പരിശീലകരും ക്വാറന്റീനിലാണ്. നിലവിൽ റൊണാൾഡോ പോർച്ചുഗലിനെ വീട്ടിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇറ്റലിയിൽ സെരി ഉൾപ്പെടെ എല്ലാ കായിക മത്സരങ്ങളും ഏപ്രിൽ 3 വരെ നിർത്തിവച്ചിരിക്കുകയാണ്.

English Summary: Ronaldo will transform hotels to help fight Coronavirus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com