ADVERTISEMENT

ലിസ്ബൺ∙ ഇറ്റാലിയൻ വമ്പൻമാരായ യുവെന്റസിന്റെ പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങൾക്ക് ഇപ്പോഴും കുറവില്ല. കോവിഡ് ബാധിതരെ ശുശ്രൂഷിക്കുന്നതിനായി പോർച്ചുഗലിൽ തന്റെ ഉടമസ്ഥതയിലുള്ള ‘സിആർ7’ ഹോട്ടലുകൾ സൂപ്പർതാരം ആശുപത്രികളാക്കി മാറ്റിയെന്നായിരുന്നു ആദ്യ പ്രചാരണം. വിവിധ രാജ്യാന്തര മാധ്യമങ്ങൾ പ്രാധാന്യത്തോടെ ഈ വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാൽ, ഈ വാർത്തകളെല്ലാം വെറും അഭ്യൂഹങ്ങളാണെന്നും ഹോട്ടലുകൾ ആശുപത്രികളാക്കാൻ പദ്ധതിയില്ലെന്നും ‘സിആർ7’ വക്താവു തന്നെ നേരിട്ട് വ്യക്തമാക്കി.

ഇതിനു പിന്നാലെയാണ് മറ്റൊരു വ്യാജവാർത്ത കൂടി സമൂഹമാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ തനിക്കും കുടുംബത്തിനും താമസിക്കുന്നതിനായി റൊണാൾഡോ സ്വകാര്യ ദ്വീപ് വാങ്ങിയെന്നാണ് ഇത്. കൊറോണ വൈറസ് ഭീതി മൂലം മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതിന് പസിഫിക് സമുദ്രത്തിലാണ് റൊണാൾഡോ പുതിയ ദ്വീപ് വാങ്ങിയതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ, ഈ വാർത്ത വ്യാജമാണെന്ന് തൊട്ടുപിന്നാലെ തെളിയുകയും ചെയ്തു.

ഇറ്റാലിയൻ സെരി എയിൽ യുവെന്റസിന്റെ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ പോർച്ചുഗലിലെ വീട്ടിലാണുള്ളത്. അമ്മയ്ക്ക് സുഖമില്ലാത്തതിനെ തുടർന്ന് നാട്ടിലേക്കു പോയ റൊണാൾഡോ, കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നാട്ടിൽത്തന്നെ തുടരുകയാണ്. യുവെന്റസിൽ റൊണാള്‍ഡോയുടെ സഹതാരമായ ഡാനിയേല റുഗാനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ റൊണാൾഡോ ഉൾപ്പെടെയുള്ള യുവെന്റസ് താരങ്ങളും പരിശീലകരും ക്വാറന്റീനിലാണ്. നിലവിൽ റൊണാൾഡോ പോർച്ചുഗലിനെ വീട്ടിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇറ്റലിയിൽ സെരി ഉൾപ്പെടെ എല്ലാ കായിക മത്സരങ്ങളും ഏപ്രിൽ 3 വരെ നിർത്തിവച്ചിരിക്കുകയാണ്.

English Summary: Cristiano Ronaldo Buys Island in the Pacific to Escape from Coronavirus; Fake Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com